ഭരണകൂട വിമർശനം പൗരന്റെ അടിസ്ഥാന അവകാശം: കൽക്കട്ട ഹൈക്കോടതി
"ഏതു ജനാധിപത്യത്തിലും അംഗീകരിക്കപ്പെട്ട അവകാശമാണിത്"
കൊൽക്കത്ത: ഭരണകൂടത്തിന് നേരെയുള്ള നിർമാണാത്മക വിമർശനം ഏതു പൗരന്റെയും അടിസ്ഥാന അവകാശമാണെന്ന് കൽക്കട്ട ഹൈക്കോടതി. ഏതു ജനാധിപത്യത്തിലും അംഗീകരിക്കപ്പെട്ട അവകാശമാണ് ഇതെന്നും ജസ്റ്റിസ് രാജശേഖർ മൻഥ വ്യക്തമാക്കി. തനിക്ക് ഏർപ്പെടുത്തിയ സുരക്ഷ എടുത്തു കളഞ്ഞ സംസ്ഥാന സർക്കാർ നടപടിക്കെതിരെ റിട്ടയേഡ് ഐജിപി പങ്കജ് കുമാർ ദത്ത നൽകിയ പരാതിയിലാണ് കോടതി നിരീക്ഷണം. ദത്തയ്ക്ക് ഇടക്കാല സുരക്ഷ നൽകാനും കോടതി ഉത്തരവിട്ടു.
2011ൽ പഞ്ചിമബംഗാൾ സർവീസിൽനിന്ന് റിട്ടയർ ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥനാണ് ദത്ത. സംസ്ഥാന പൊലീസിന്റെ റിവ്യൂ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദത്ത അടക്കമുള്ള ആറു പേരുടെ സുരക്ഷ എടുത്തു കളഞ്ഞിരുന്നത്. എന്നാല്‍ പൊലീസ് സംവിധാനത്തെ നിരന്തരം വിമർശിച്ചതിന്റെ പേരിലാണ് തന്റെ സുരക്ഷ എടുത്തു കളഞ്ഞത് എന്നണ് ദത്ത ആരോപിക്കുന്നത്. ഇതിലാണ് കോടതി നിരീക്ഷണം.