പോളിങ് ബൂത്തിൽ വരിനിൽക്കുന്നതിലുണ്ടായ തർക്കം; വോട്ടറെ കൈയേറ്റം ചെയ്ത് എംഎൽഎ
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായി
ഗുണ്ടൂർ: ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പോളിങ് ബൂത്തിൽ വോട്ടറെ കയ്യേറ്റം ചെയ്ത് എംഎൽഎ. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായി. എംഎൽഎ പോളിങ് ബൂത്തിലെ വരി തെറ്റിച്ചത് ചോദ്യം ചെയ്ത വോട്ടറെ അടിക്കുകയും വോട്ടർ എംഎൽഎ യെ തിരിച്ച് അടിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
തെനാലിയിലെ വൈഎസ്ആർ എംഎൽഎ എ ശിവകുമാർ വോട്ടറുടെ അടുത്തേക്ക് വരുന്നതും മുഖത്ത് അടിക്കുന്നതും വീഡിയോയിൽ കാണാം. വോട്ടർ തിരിച്ചടിച്ചതോടെ എംഎൽഎയുടെ സഹായികളും അദ്ദേഹത്തോടൊപ്പം ചേർന്ന് വോട്ടർക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നുണ്ട്. എംഎൽഎയും സംഘവും വോട്ടറെ മർദിക്കുന്നത് തുടരുന്നതിനാൽ മറ്റ് വോട്ടർമാർ ആക്രമണം തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. 10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
ഇരുവരും തമ്മിൽ കയ്യേറ്റം തുടങ്ങുന്നതിന് മുന്പ് എന്തു സംഭവിച്ചു എന്നത് വ്യക്തമായിട്ടില്ല. എന്തായാലും വോട്ടർക്ക് നേരെയുള്ള എംഎൽഎയുടെ ആക്രമണം സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനത്തിന് കാരണമായിട്ടുണ്ട്.
തോൽക്കാന്‍ പോകുന്നു എന്ന ഭരണകക്ഷിയുടെ നിരാശയും ഭയവുമാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ടിഡിപി വക്താവ് ജ്യോത്‌സ്‌ന തിരുനാഗി പറഞ്ഞു. സംഭവത്തിൽ വൈഎസ്ആർ കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആന്ധ്രാപ്രദേശിലെ 25 ലോക്‌സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
.