പാചകവാതക വിലവർധന, പണിമുടക്കി ട്വിറ്റർ, ആസ്‌ട്രേലിയയുടെ ലീഡ്; ട്വിറ്ററിനെ സജീവമാക്കിയ വിഷയങ്ങൾ(Twitter Trending)

70ാം പിറന്നാൾ ആഘോഷിക്കുന്ന എം.കെ സ്റ്റാലിനും ട്വിറ്ററിൽ നിറഞ്ഞുനിന്നു

Update: 2023-03-01 16:57 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡൽഹി: പാചകവാതക വിലവർധനയിലെ രോഷവും ഇന്ത്യ-ആസ്ട്രേലിയ ഇൻഡോർ ടെസ്റ്റിലെ പ്രകടനവുമാണ് പ്രധാനമായും ട്വിറ്ററിനെ സജീവമാക്കിയത്. 70ാം പിറന്നാൾ ആഘോഷിക്കുന്ന എം.കെ സ്റ്റാലിനും ട്വിറ്ററിൽ നിറഞ്ഞുനിന്നു. ഇന്നത്തെ ട്വിറ്റർ ട്രെൻഡിങിൽ ഇടംനേടിയ മറ്റു വിഷയങ്ങൾ ഏതൊക്കെയെന്ന് നോക്കാം..

പണിമുടക്കി ട്വിറ്റര്‍(#TwitterDown)

സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ മണിക്കൂറോളം പ്രവര്‍ത്തന രഹിതമായ സംഭവമാണ് ട്വിറ്ററില്‍ കത്തിപ്പടര്‍ന്നത്. നിമിഷ നേരം കൊണ്ട് നിരവധി ട്വീറ്റുകളാണ് പ്രവഹിച്ചത്. ട്രോളുകളും സജീവമായിരുന്നു. 200 ഓളം ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ട്വിറ്റര്‍ പ്രവര്‍ത്തന രഹിതമായത്. ലോകത്തുടനീളം വിവിധ സ്ഥലങ്ങളിലായി ആയിരക്കണക്കിന് പേര്‍ക്ക് ട്വിറ്റര്‍ ലഭ്യമായിരുന്നില്ല. ഇന്ത്യ, ബ്രിട്ടന്‍, ജപ്പാന്‍, അമേരിക്ക ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉപയോക്താക്കള്‍ സൈറ്റിലെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ കുറച്ചു മാസത്തിനിടെ നിരവധി തവണ ഇത്തരത്തില്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകാതിരുന്നിട്ടുണ്ട്. 

നിലയുറപ്പിച്ച് ഓസീസ്; 47 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്(#INDvAUS)

ബോര്‍ഡര്‍ഗവാസ്കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ ടോസ് മുതല്‍ ഓരോ പന്ത് വരെ ട്വിറ്ററില്‍ ആവേശം പടര്‍ത്തി.നിരവധി ട്വീറ്റുകളാണ് ഹാഷ്ടാഗില്‍ പ്രവഹിച്ചത്. ഇന്ത്യന്‍ ബാറ്റര്‍മാര്‍ കറങ്ങി വീണ പിച്ചില്‍ ആസ്ട്രേലിയ മെച്ചപ്പെട്ട നിലയിലാണ്. ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച സന്ദര്‍ശകര്‍ ഒന്നാം ദിനം അവസാനിക്കുമ്പോല്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എടുത്തിട്ടുണ്ട്. നിലവില്‍ ഓസീസിന് 47 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡുണ്ട്. ആസ്ട്രേലിയക്കായി ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജ അര്‍ധ സെഞ്ച്വറി (60) നേടി പുറത്തായി. ഓസീസിന്‍റെ നാല് വിക്കറ്റും വീഴ്ത്തിയത് രവീന്ദ്ര ജഡേജയാണ്. ഇന്ത്യയുടെ ഇന്നിങ്സ് 109ല്‍ അവസാനിച്ചിരുന്നു. 

കറക്കി വീഴ്ത്തൽ തുടരുന്നു; കപിലിന്‍റെ വമ്പന്‍ റെക്കോര്‍ഡിനൊപ്പം ജഡേജ(#RavindraJadeja)

ഇന്‍ന്ദോറിലെ മത്സരത്തിനൊപ്പം രവീന്ദ്ര ജഡേജയും ട്രെന്‍ഡ് ലിസ്റ്റില്‍ ഇടംനേടി. ആസ്ട്രേലിയന്‍ ബാറ്റര്‍മാരെ കറക്കിവീഴ്ത്തുന്നത് തുടര്‍ക്കഥയാക്കിയ സ്പിന്‍ മാന്ത്രികന്‍ രവീന്ദ്ര ജഡേജയെ തേടി ഒരപൂര്‍വ നേട്ടം എത്തിയിരുന്നു. ഇതാണ് ട്രെന്‍ഡിങില്‍ ഇടംനേടാന്‍ കാരണം.  ഒന്നാം ഇന്നിങ്സില്‍ ട്രാവിഡ് ഹെഡിനെ പുറത്താക്കിയതോടെയാണ് ജഡേജ അപൂര്‍വ റെക്കോര്‍ഡില്‍ തൊട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ജഡേജയുടെ 500ാം വിക്കറ്റായിരുന്നു അത്. ഇതോടെ കപിൽ ദേവിന് ശേഷം 500 വിക്കറ്റും 5000 റൺസും നേടുന്ന ഇന്ത്യൻ താരമായി ജഡേജ മാറി. 

സപ്തതി നിറവിൽ എം.കെ സ്റ്റാലിൻ (#HBDMKStalin70)

സപ്തതി ആഘോഷിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ട്രെന്‍ഡിങായി. സ്റ്റാലിന് നേരുന്ന പിറന്നാളാശംസകളെല്ലാം ട്വിറ്ററില്‍ തരംഗമായി. വമ്പൻ പിറന്നാൾ ആഘോഷമാണ് അനുയായികൾ ഒരുക്കിയത്. മാർച്ച് ഒന്നിന് വൈകിട്ട് നന്ദനം വൈഎംസിഎ മൈതാനത്തൊരുക്കുന്ന കൂറ്റൻ സമ്മേളന വേദിയിലായിരുന്നു ആഘോഷം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, നാഷനൽ കോൺഫറൻസ് നേതാവും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല, സമാജ്‌വാദി പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, രാഷ്ട്രീയ ജനതാദൾ നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ഉൾപ്പെടെയുള്ളവർ വിശിഷ്ടാതിഥികളായി.

'അവരുടെ ലക്ഷ്യം ഞാനല്ല; നിങ്ങളാണ്' -കെജ്രിവാളിനു നൽകിയ രാജിക്കത്തിൽ മനീഷ് സിസോദിയ(#ManishSisodia)

മനീഷ് സിസോദിയ ഇപ്പോഴും ട്വിറ്ററില്‍ നിന്ന് വിട്ടൊഴിഞ്ഞിട്ടില്ല. കെജിരിവാളിന് നല്‍കിയ രാജിക്കത്തും തുടര്‍സംഭവങ്ങളുമാണ് ട്വിറ്ററില്‍ ഇടം നേടിയത്.  എട്ടുവർഷം ഏറ്റവും സത്യസന്ധമായും വിശ്വാസ്യതയോടെയും പ്രവർത്തിച്ചിട്ടും അഴിമതിക്കുറ്റം ചുമത്തി ജയിലിലടക്കുന്നത് ദൗർഭാഗ്യകരമാണെന്ന് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീസ് സിസോദിയ വ്യക്തമാക്കിയിരുന്നു. എനിക്കെതിരെ കെട്ടിച്ചമച്ച എല്ലാ കേസുകളും വ്യാജമാണ്. എനിക്കും ദൈവത്തിനും ഇതെ കുറിച്ച് അറിയാം. അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയം ഭയപ്പെടുന്ന ദുർബലരും ഭീരുക്കളുമായ ആളുകൾ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗം മാത്രമാണിത്. അവരുടെ ലക്ഷ്യം ഞാനല്ല, നിങ്ങളാണ് കെജ്‍രിവാൾ- എന്നിങ്ങനെയായിരുന്നു സിസോദിയയുടെ വാക്കുകള്‍



പാചകവാതക വില 1110 രൂപ; ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 50 രൂപ(#LPGPriceHike)

രാജ്യത്ത് പാചക വാതക വില കുത്തനെ കൂട്ടിയതും ട്വിറ്ററിനെ സജീവമാക്കി. രാവിലെ മുതല്‍ ഇത് സംബന്ധിച്ച ട്വീറ്റുകളായിരുന്നു., ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 351 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 2124 രൂപയും. സമീപകാലത്ത് പാചക വാതക വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. എണ്ണക്കമ്പനികളുടെ യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

 

വിപണി പിടിക്കാൻ വിവോ; വിവോ വി27, വി27 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി(#vivoV27Series)

വിവോ വി27 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതും ട്രെന്‍ഡിങില്‍ ഇടംനേടി. വിവോ വി27 (Vivo V27), വിവോ വി27 പ്രോ (Vivo V27 Pro) എന്നീ രണ്ട് ഡിവൈസുകളാണ് ഈ സീരിസിലുള്ളത്. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത വിവോ വി25 സീരീസിന്റെ പിൻഗാമിയായിട്ടാണ് പുതിയ സ്മാർട്ട്ഫോണുകൾ വരുന്നത്. ആൻഡ്രോയിഡ് 13 ബേസ്ഡ് ഫൺടച്ച് ഒഎസ്, മീഡിയടെക് എസ്ഒസികൾ, 3ഡി കർവ്ഡ് സ്‌ക്രീനുകൾ എന്നിവയെല്ലാം ഈ സ്മാർട്ട്ഫോണുകളിലുണ്ട്. വിവോ വി27 സീരീസ് ഫോണുകളുടെ വിലയും സവിശേഷതകളും നോക്കാം.

ഇന്ന് ദേശീയ ശാസ്ത്ര ദിനം(#NationalScienceDay)

ഇന്ത്യ എല്ലാ വർഷവും ഫെബ്രുവരി 28നാണ് ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നു. ഇന്ത്യയിലെയും ലോകത്തിലെ തന്നെയും ഏറ്റവും ഇതിഹാസ ഭൗതികശാസ്ത്രജ്ഞരിൽ ഒരാളുമായ സർ സിവി രാമൻ നടത്തിയ ഭൗതികശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളിൽ ഒന്നായ സിവി രാമൻ ഇഫക്റ്റ് കണ്ടുപിടിത്തത്തിന്റെ ഓർമ്മയ്ക്കായാണ് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള ട്വീറ്റുകളും സജീവമായി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News