റെയിൽവേ പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടന്നവരുടെ മുഖത്തേക്ക് വെള്ളമൊഴിച്ച് പൊലീസ് ഉദ്യോഗസ്ഥൻ; വൈറലായി വീഡിയോ
പൂനെ ഡിവിഷണൽ റെയിൽവേ മാനേജർ ഇന്ദു ദുബെ പ്രതികരണവുമായി രംഗത്തെത്തി
പൂനെ: റെയിൽവേ പ്ലാറ്റ്ഫോമിൽ ഉറങ്ങുന്നവരുടെ മുഖത്തേക്ക് വെള്ളമൊഴിച്ചുണര്‍ത്തുന്ന പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു. പൂനെയിലെ റെയിൽവെ സ്റ്റേഷനിലാണ് സംഭവം നടന്നത്. റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്‍ ഉറങ്ങുന്നവരുടെ മുഖത്തേക്ക് കുപ്പിയിൽനിന്ന് വെള്ളം തളിക്കുന്നത് വീഡിയോയിൽ കാണാം. നല്ല ഉറക്കത്തിലായിരുന്നവര്‍ വെള്ളം മുഖത്തേക്ക് വീഴുന്ന സമയത്ത് ഞെട്ടിഉണരുന്നതും വീഡിയോയിലുണ്ട്.വെള്ളിയാഴ്ച റൂപൻ ചൗധരി എന്ന ഉപയോക്താവാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
'ആർ.ഐ.പി ഹ്യുമാനിറ്റി... പൂനെ റെയിൽവേ സ്റ്റേഷൻ,' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. നിമിഷ നേരം കൊണ്ട് വീഡിയോ വൈറലായി. നിരവധി പേരാണ് പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ രംഗത്ത് വന്നത്. ഇതോടെ പൂനെ ഡിവിഷണൽ റെയിൽവേ മാനേജർ ഇന്ദു ദുബെ പ്രതികരണവുമായി രംഗത്തെത്തി. സംഭവം അങ്ങേയറ്റം ഖേദകരമാണെന്ന് അവർ പറഞ്ഞു.
പ്ലാറ്റ് ഫോമിൽ ഉറങ്ങുന്നത് മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാക്കാറുണ്ട്. എന്നാൽ അത് കൈകാര്യം ചെയ്യേണ്ട രീതി ഇതല്ലെന്നും ഇന്ദു ദുബെ പ്രതികരിച്ചു. 'യാത്രക്കാരോട് മാന്യതയോടെയും മര്യാദയോടെയും ഇടപെടാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. ഈ സംഭവത്തിൽ അഗാധമായ ഖേദം രേഖപ്പെടുത്തുന്നു'.ഇന്ദു ദുബെ ട്വീറ്റ് ചെയ്തു
പൊലീസുകാരന്റെ നടപടിക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. അതോടൊപ്പം പൊലീസുകാരനെ പിന്തുണച്ചും ചിലർ രംഗത്തെത്തി.
'സർക്കാർ കൂടുതൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ തുടങ്ങണമെന്നും അങ്ങനെ വരുമ്പോൾ ഈ ആളുകൾക്ക് പ്ലാറ്റ്ഫോമുകളിൽ ഉറങ്ങേണ്ടിവരുന്നില്ലെന്നും ചിലർ കമന്റ് ചെയ്തു.ട്രെയിനുകൾ കൃത്യസമയത്ത് എത്തിയാൽ ഈ പ്രശ്‌നം ഉണ്ടാകില്ലെന്നായിരുന്നു മറ്റൊരു കമന്‍റ്.
അതേസമയം, സ്വന്തം ഡ്യൂട്ടി വളരെ ക്രിയാത്മകമായി നിർവഹിച്ചതിന് പൊലീസുകാരനെ അഭിനന്ദിച്ചും ചിലര്‍ രംഗത്തെത്തി. പ്ലാറ്റ്ഫോമുകളിലും സ്റ്റെയർകേസുകളിലും ആളുകൾ ഉറങ്ങാൻ തുടങ്ങിയാൽ, യാത്രക്കാർ എങ്ങനെ അതുവഴി കടന്നുപോകുമെന്നും കമന്‍റുകളുണ്ട്.