മണിപ്പൂരിൽ വീണ്ടും സംഘർഷം; പൊലീസുകാരൻ വെടിയേറ്റ് മരിച്ചു
നാട്ടുകാരായ മറ്റ് രണ്ട് പേർക്കും വെടിയേറ്റ് പരിക്കേറ്റിട്ടുണ്ട്.
ചുരാചന്ദ്പൂർ: മണിപ്പൂരിൽ വീണ്ടും സംഘർഷം. പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. മണിപ്പൂർ ചുരാചന്ദ്പൂർ ജില്ലയിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
എസ്ഐ ആയ ഓൻഖോമാങ് ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് ഒരു മണിക്കും 1.30നും ഇടയിലാണ് പൊലീസുകാരന്റെ തലയ്ക്ക് വെടിയേറ്റതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇദ്ദേഹത്തെ കൂടാതെ നാട്ടുകാരായ മറ്റ് രണ്ട് പേർക്കും വെടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്‌ച രാവിലെ കാങ്‌പോക്‌പി ജില്ലയിൽ മൂന്ന് ആദിവാസികളെ അജ്ഞാതർ വെടിവെച്ച് കൊന്നതിന് തൊട്ടുപിന്നാലെയാണ് ഇന്നത്തെ ആക്രമണം.
സെപ്തംബർ എട്ടിന്, ടെങ്നൗപാൽ ജില്ലയിലെ പല്ലെലിൽ മൂന്ന് പേർ വെടിയേറ്റ് മരിക്കുകയും 50ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മെയ് മൂന്നിന് ആരംഭിച്ച മണിപ്പൂർ സംഘർഷത്തിൽ ഇതിനോടകം 180 പേർ കൊല്ലപ്പെടുകയും നൂറുകണക്കിനു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ കൂടുതൽ പേരും ന്യൂനപക്ഷമായ കുകി വിഭാഗമാണെന്നാണ് റിപ്പോർട്ട്.
സംഘർഷത്തിനിടെ കുകികളെ ക്രൂരമായ ആക്രമണത്തിന് ഇരയാക്കുകയും അവരുടെ വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും പൊതുവിടത്തിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു.
പട്ടികവർഗ പദവിക്കായുള്ള സംസ്ഥാനത്തെ ഭൂരിപക്ഷ വിഭാഗമായ മെയ്തെയ് സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ 'ആദിവാസി ഐക്യദാർഢ്യ മാർച്ച്' സംഘടിപ്പിച്ചതിനു പിന്നാലെയായിരുന്നു സംഘർഷം ഉടലെടുത്തത്.
മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനവും ഇംഫാൽ താഴ്‌വരയിലാണ് താമസിക്കുന്നത്. നാഗാകളും കുകികളും ഉൾപ്പെടെയുള്ള ഗോത്രവർഗക്കാരിൽ 40 ശതമാനവും മലയോര ജില്ലകളിലാണ് താമസിക്കുന്നത്.