ഭൂപീന്ദര്‍ ഹൂഡയുടെ തട്ടകത്തില്‍ ബിജെ.പിയുടെ സ്ഥാനാര്‍ഥി ഗുണ്ടാത്തലവന്‍റെ ഭാര്യ; മുന്‍മുഖ്യമന്ത്രി വെല്ലുവിളിയല്ലെന്ന് മഞ്ജു ഹൂഡ

റോഹ്തക് ജില്ലാ പരിഷത്തിൻ്റെ ചെയർപേഴ്സണും കൂടിയാണ് മഞ്ജു

Update: 2024-09-07 06:36 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചണ്ഡീഗഡ്: ഹരിയാനയിൽ ഹാട്രിക് ലക്ഷ്യമിട്ട് പുതുമുഖങ്ങളെയും കൂറുമാറി എത്തിയവരെയും ഉൾപ്പെടുത്തി ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡയെ അദ്ദേഹത്തിന്‍റെ ശക്തികേന്ദ്രത്തില്‍ നേരിടാന്‍ ബിജെപി രംഗത്തിറക്കിയിരിക്കുന്നത് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ മകളും ഗുണ്ടാത്തലവന്‍റെ ഭാര്യയുമായ മഞ്ജു ഹൂഡയെയാണ്. ഗാർഹി സാംപ്ല-കിലോയ് മണ്ഡലത്തില്‍ നിന്നാണ് മഞ്ജു ജനവിധി തേടുന്നത്.

റോഹ്തക് ജില്ലാ പരിഷത്തിൻ്റെ ചെയർപേഴ്സണും കൂടിയാണ് മഞ്ജു. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മഞ്ജു തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിരിക്കുന്നത്. ശക്തമായ രാഷ്ട്രീയ പശ്ചാത്തലമില്ലെങ്കിലും തനിക്ക് ജനപിന്തുണയുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞ മഞ്ജു, കോൺഗ്രസിൻ്റെ ശക്തനായ ഭൂപീന്ദര്‍ ഗാർഹി സാംപ്ല-കിലോയ് മണ്ഡലത്തില്‍ മത്സരിക്കുന്നത് വെല്ലുവിളിയാകില്ലെന്നും വ്യക്തമാക്കി. റോഹ്തകിലെ ഗുണ്ടാത്തലവനായ രാജേഷ് ഹൂഡയുടെ ഭാര്യയാണ് മഞ്ജു. മഞ്ജുവിൻ്റെ പിതാവ് പ്രദീപ് യാദവ് ഹരിയാന പൊലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു.രാജേഷിനെ വിവാഹം കഴിച്ചതിന് ശേഷം മഞ്ജു യാദവ് തന്‍റെ പേര് മഞ്ജു ഹൂഡ എന്നാക്കി മാറ്റുകയായിരുന്നു.


മഞ്ജുവിനെ റോഹ്തക്കിലെ നിർണായക സീറ്റിൽ ഒന്നിൽ നിന്ന് മത്സരിപ്പിക്കാനുള്ള തീരുമാനം ചില പാർട്ടി നേതാക്കൾക്കിടയിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. രാജേഷ് ഹൂഡയുടെ ക്രിമിനല്‍ പശ്ചാത്തലം പ്രതിപക്ഷം ആയുധമാക്കാനൊരുങ്ങുമ്പോള്‍ ഭര്‍ത്താവിന്‍റെ ഭൂതകാലം തന്‍റെ ജോലിയെ ബാധിക്കില്ലെന്നാണ് മഞ്ജു പറയുന്നത്. തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ രാജേഷ് ഇടപെടാറില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടതിന് ശേഷം ജില്ലാ പരിഷത്ത് ചെയർപേഴ്‌സണെന്ന നിലയിൽ തൻ്റെ ജോലി തൻ്റെ സ്ഥാനാർത്ഥിത്വത്തെ ശക്തിപ്പെടുത്തുമെന്ന് മഞ്ജു പ്രത്യാശ പ്രകടിപ്പിച്ചു. "പരസ്പരം യോജിപ്പുണ്ടാകണം, അല്ലാത്തപക്ഷം പിന്നോട്ട് പോകും."തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കൾ പാർട്ടി വിടുന്നതിനെക്കുറിച്ച് അവർ പറഞ്ഞു.

ഒക്ടോബര്‍ 5നാണ് ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. ബുധനാഴ്ചയാണ് ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടത്. 67 സ്ഥാനാർഥികളുടെ പട്ടികയിൽ നിന്ന് ഒമ്പത് സിറ്റിംഗ് എംഎൽഎമാരെ ബിജെപി ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി രഞ്ജിത്ത് സിങ് ചൗട്ടാല മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് ദിവസത്തിനിടെ 20ലേറെ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News