അഴിമതിക്കാർക്ക് രാഷ്ട്രീയമായോ സാമൂഹികമായോ സംരക്ഷണം നൽകരുത്: പ്രധാനമന്ത്രി
അഴിമതി ഒരു തിൻമയാണെന്നും എല്ലാവരും അതിൽനിന്ന് വിട്ടുനിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡൽഹി: അഴിമതിക്കാരെ യാതൊരു കാരണവശാലും രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർക്ക് രാഷ്ട്രീയമായോ സാമൂഹികമായോ സംരക്ഷണം നൽകരുതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിജിലൻസ് കമ്മീഷൻ സംഘടിപ്പിച്ച വിജിലൻസ് അവയർനസ് വീക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അഴിമതി ഒരു തിൻമയാണെന്നും എല്ലാവരും അതിൽനിന്ന് വിട്ടുനിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'അഭാവവും സമ്മർദവും' ഉണ്ടാക്കിയ തെറ്റായ സംവിധാനങ്ങളെ മാറ്റാനാണ് കഴിഞ്ഞ എട്ട് വർഷമായി കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിജിലൻസ് കമ്മീഷന്റെ കംപ്ലയിന്റ് മാനേജ്‌മെന്റ് സിസ്റ്റം പോർട്ടൽ പ്രധാനമന്ത്രി പുറത്തിറക്കി. വികസിത ഇന്ത്യക്ക് ഭരണപരമായ കാര്യങ്ങളിൽ അഴിമതിയോട് സഹിഷ്ണുത കാണിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധം ഉൾപ്പെടെ വിവിധ മേഖലകളിൽ സ്വയം പര്യാപ്ത ഇന്ത്യയ്ക്കായി തന്റെ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും ഇത് അഴിമതിക്കേസുകൾ കുറയ്ക്കുന്നതിന് കാരണമായെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒക്ടോബർ 31 മുതൽ നവംബർ ആറു വരെയാണ് വിജിലൻസ് കമ്മീഷൻ വിജിലൻസ് അവയർനസ് വീക്ക് ആചരിക്കുന്നത്. 'വികസിത രാഷ്ട്രത്തിന് അഴിമതി രഹിത ഇന്ത്യ' എന്നാണ് കാമ്പയിനിന്റെ പ്രമേയം.