ഡൽഹി ഗവർണർക്കെതിരെ അഴിമതി ആരോപണം നടത്തി; ആംആദ്മി നേതാക്കൾക്ക് വക്കീൽ നോട്ടീസ്

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ആംആദ്മി

Update: 2022-09-05 13:24 GMT
Editor : afsal137 | By : Web Desk
Advertising

ഡൽഹി: അഞ്ച് ആംആദ്മി പാർട്ടി നേതാക്കൾക്കെതിരെ വക്കീൽ നോട്ടീസയച്ച് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേന. അതിഷി, ദുർഗേഷ് പതക്, സൗരഭ് ഭരദ്വാജ്, സഞ്ജയ് സിംഗ്, ജാസ്മിൻ ഷാ എന്നിവർക്കെതിരെയാണ് ഗവർണറുടെ വക്കീൽ നോട്ടീസ്. നോട്ട് അസാധുവാക്കൽ കാലത്ത് ഖാദി വില്ലേജ് ഇൻഡസ്ട്രീസിന്റെ ചെയർമാനായിരിക്കെ സക്സേന അഴിമതി നടത്തിയെന്നായിരുന്നു ഇവരുടെ ആരോപണം.

ഖാദിയുടെ ചെയർമാനായിരിക്കെ 1,400 കോടി രൂപയുടെ നിരോധിത കറൻസി നോട്ടുകൾ മാറ്റിയെന്ന് എ.എ.പി നേതാക്കൾ ആരോപിച്ചു. 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാൻ എ.എ.പി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സിംഗപ്പൂർ സന്ദർശനത്തിന് ഗവർണർ അനുമതി നൽകാത്തതിൽ നേരത്തെ പ്രതിഷേധമുയർന്നിരുന്നു. അതേസമയം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ആംആദ്മി.

കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ രംഗത്ത് വന്നിരുന്നു. ഗുജറാത്തിലെ എ.എ.പി നേതാവ് മനോജ് സൊറാത്തിയയ്‌ക്കെതിരായ ആക്രമണത്തിൽ സൂറത്തിലെ ജനങ്ങൾ രോഷാകുലരാണെന്നും ഇത് രാജ്യത്തിന്റെ സംസ്‌കാരമോ ഹൈന്ദവ സംസ്‌കാരമോ അല്ലെന്നും കെജരിവാൾ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ തോൽക്കുമെന്ന ആശങ്ക ബി.ജെ.പിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എ.എ.പി നേതാവിനെതിരായ ആക്രമണം വോട്ടാക്കി മാറ്റാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ആംആദ്മി ദേശീയ- സംസ്ഥാന ഘടകം.

ആക്രമണത്തിനു പിന്നാലെ തങ്ങൾ ഗുജറാത്തിൽ ഒരു സർവേ നടത്തിയിട്ടുണ്ടെന്നും 12ൽ ഏഴ് സീറ്റിലും ആം ആദ്മി പാർട്ടി വിജയിക്കുമെന്ന പ്രതീക്ഷ തങ്ങൾക്കുണ്ടെന്നും കെജരിവാൾ പറഞ്ഞു. തോൽക്കുമെന്ന് ഉറപ്പായപ്പോൾ ബിജെപി ഹിംസയുടെ മാർഗം തെരഞ്ഞെടുക്കുകയാണ്. തോൽക്കുമെന്ന ഭയമാണ് ബി.ജെ.പിയെ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. ഇതുവരെ നിങ്ങൾക്ക് കോൺഗ്രസുമായിട്ടായിരുന്നു ഇടപാട്, പക്ഷേ ഞങ്ങൾ കോൺഗ്രസല്ല, ഞങ്ങൾ സർദാർ പട്ടേലിലും ഭഗത് സിങ്ങിലും ഒരുപോലെ വിശ്വസിക്കുന്നു, ഞങ്ങൾ ഭയപ്പെടുന്നില്ല, ഞങ്ങൾ പോരാടും''- അരവിന്ദ് കെജരിവാൾ വിശദമാക്കി.

എഎപിക്കാരോട് സംസാരിക്കരുതെന്നും അവരെ സംവാദത്തിന് വിളിക്കരുതെന്നും ബി.ജെ.പി ഗുജറാത്തിലെ മാധ്യമങ്ങളോട് ആവശ്യപ്പെട്ടെന്നും കെജരിവാൾ ആരോപിച്ചു. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ അനീതിക്കെതിരെ പോരാടാൻ താൻ ആഹ്വാനം ചെയ്യുകയായിരുന്നു. ഇതുവരെയുള്ള ബി.ജെ.പി ഭരണത്തിൽ നിന്നും ജനങ്ങൾ എന്ത് നേടിയെന്നും കെജരിവാൾ ചോദിച്ചു. 24 വർഷമായി ഗുജറാത്ത് ഭരിക്കുന്ന ഭരിക്കുന്ന ബി.ജെ.പിയെ സ്ഥാനഭ്രഷ്ടമാക്കാനുള്ള സമ്പൂർണ പ്രചാരണത്തിലാണ് കെജരിവാൾ. ഗുജറാത്തിൽ അടുത്തിടെ ഒന്നിലധികം സന്ദർശനങ്ങാണ് കെജരിവാൾ നടത്തിയത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News