അഴിമതി ആരോപണം: ഡൽഹി വഖഫ് ബോർഡ് ചെയർമാൻ അമാനത്തുല്ലാ ഖാൻ അറസ്റ്റിൽ

ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ചാണ് ആംആദ്മി പാർട്ടി എം.എൽ.എ കൂടിയായ അമാനത്തുല്ലാ ഖാനെ അറസ്റ്റ് ചെയ്തത്

Update: 2022-09-16 16:13 GMT
Advertising

ന്യൂഡൽഹി: ഡൽഹി വഖഫ് ബോർഡ് ചെയർമാനും ആംആദ്മി പാർട്ടി എം.എൽ.എയുമായ അമാനത്തുല്ലാ ഖാൻ അറസ്റ്റിൽ. വഖഫ് ബോർഡ് നിയമനത്തിൽ അഴിമതി ആരോപിച്ച് നടത്തിയ റെയ്ഡിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് അറസ്റ്റ്. ഓഖ്‌ലയിൽ നിന്നുള്ള എംഎൽഎയായ ഇദ്ദേഹത്തെ ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.

അമാനത്തുല്ലാ ഖാന്റെ സഹായിയുടെ വീട്ടിൽ ഡൽഹി പൊലീസ് ഇന്ന് റെയ്ഡ് നടത്തിയിരുന്നു. ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് (എ.സി.ബി) നടത്തിയ റെയ്ഡിൽ 12 ലക്ഷം രൂപയും തോക്കും പിടിച്ചെടുത്തു. അമാനത്തുല്ലയുടെ സഹായിയും ബിസിനസ് പങ്കാളിയുമായ ഹാമിദ് അലിയുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. സാക്കിർ നഗർ, ബട്‌ല ഹൗസ്, ജാമിഅ നഗർ ഉൾപ്പെടെ ഡൽഹിയിലെ വിവിധയിടങ്ങളിൽ നടന്ന റെയ്ഡിന്റെ ഭാഗമായിട്ടായിരുന്നു ഹാമിദ് അലിയുടെ വീട്ടിലും പരിശോധന. പണത്തിനൊപ്പം നോട്ടെണ്ണൽ യന്ത്രവും പിടിച്ചെടുത്തിട്ടുണ്ട്. വഖഫ് ബോർഡിൽ ക്രമക്കേട് ആരോപിച്ച് 2020ൽ ഖാനെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പരിശോധന.

അലിയുടെ ജാമിഅ നഗറിലെ വീട്ടിൽ നിന്നാണ് പണവും മറ്റും കണ്ടെത്തിയത്. ആയുധം ബെറെറ്റ പിസ്റ്റളാണെന്നും ഇതിൽ ബുള്ളറ്റുകളുണ്ടെന്നും എ.സി.ബി ഉദ്യോഗസ്ഥർ പറഞ്ഞു. എഎപി നേതാവിന്റെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സുഹൃത്താണ് ഹാമിദ് അലിയെന്നും ഉദ്യോ?ഗസ്ഥർ ആരോപിക്കുന്നു. 2020ലെ അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് 12ഓടെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. പുതിയ വഖഫ് ബോർഡ് ഓഫീസ് നിർമിച്ചതുമായി ബന്ധപ്പെട്ട് തനിക്ക് നോട്ടീസ് ലഭിച്ചതായി അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

Corruption Allegation: Delhi Waqf Board Chairman Amanthullah khan Arrested

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News