'ഈ നിമിഷങ്ങൾക്കായി ആയിരം മൈൽ നടക്കാനും തയ്യാർ'; കുട്ടി യാത്രികരെ ചേർത്തുനിർത്തി രാഹുൽ
ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം ഇന്ന് അവസാനിക്കും
ന്യൂഡൽഹി: ഒരുമയുടെ ഇന്ത്യയെന്ന സ്വപ്‌നവുമായി രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചുവടുവെക്കുമ്പോൾ ഒപ്പം നടക്കാനായി നൂറുകണക്കിന് ജനങ്ങളാണ് ജോഡോ യാത്രയിൽ പങ്കുചേരുന്നത്. ജോഡോ യാത്രയുടെ കേരള പര്യടനം വിജയകരമാക്കുകയാണ് ജനങ്ങൾ. സൂര്യനുദിക്കുന്നതിന് മുൻപ് തന്നെ പ്രിയ നേതാവിനായി ക്ഷമയോടെ വഴിയോരങ്ങളിൽ കാത്തുനിൽക്കുകയാണവർ. വയോധികർ മുതൽ പല്ല് മുളക്കാത്ത 'കുട്ടി' താരങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്.
കുട്ടികളുടെയും വിദ്യാർത്ഥികളുടെയും പ്രതിനിധ്യമാണ് ഭാരത് ജോഡോ യാത്രയുടെ മാറ്റുകൂട്ടുന്നത്. രാഹുൽ ഗാന്ധിയുടെ കൈ പിടിച്ച് നടക്കാൻ ഓടിയെത്തുന്ന കുട്ടികളെ ഭാരത് ജോഡോ യാത്രയിലുടനീളം കാണാനാകും. ഇപ്പോഴിതാ അത്തരമൊരു ഹൃദയസ്‌പർശിയായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി. അഞ്ച് വയസ് തോന്നിക്കുന്ന ഒരു കുട്ടിയെ എടുത്ത് നിൽക്കുന്ന രാഹുലിന്റെ ചിത്രമാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
രാഹുലിന്റെ കൈകളിൽ അതിശയത്തോടെ ഇരിക്കുന്ന കുട്ടിയുടെ ചിത്രം ഇതിനോടകം തന്നെ നിരവധി പേർ ഷെയർ ചെയ്‌തുകഴിഞ്ഞു. 'ഇതുപോലെയുള്ള നിമിഷങ്ങൾക്കായി ആയിരം മൈൽ നടക്കാനും തയ്യാറാണ്' എന്ന കുറിപ്പോടെയാണ് രാഹുൽ ഗാന്ധി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം ഇന്ന് അവസാനിക്കും. മലപ്പുറം ജില്ലയിലാണ് പദയാത്രയുടെ ഇന്നത്തെ പര്യടനം. ഇന്ന് രാവിലെ നിലമ്പൂർ ചുങ്കത്തറയിൽ നിന്ന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്ര ഉച്ചയോടെ വഴിക്കടവ് മണിമൂളിയിൽ സമാപിക്കും. തുടർന്ന് തമിഴ്‌നാട്ടിലേക്കും പിന്നാലെ കർണാടകയിലേക്കുമാണ് യാത്ര പ്രവേശിക്കുക.
പാലക്കാട്ടെ പര്യടനം പൂർത്തിയാക്കി ഈ മാസം 27 നാണ് ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിലെ പര്യടനം ആരംഭിച്ചത്. പുലാമന്തോളിൽ നിന്ന് ആരംഭിച്ച് പാണ്ടിക്കാട്, വണ്ടൂർ, നിലമ്പൂർ എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ട് ദിനങ്ങളിലായി പദയാത്ര പര്യടനം നടത്തിയത്.