രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ; വ്യക്തിവിരോധമെന്ന് പൊലീസ്
ഡൽഹി സ്വദേശിയായ ബിലാൽ എന്നയാളുടെ നമ്പർ ഉപയോഗിച്ചാണ് മഹാരാഷ്ട്രക്കാരനായ അനിൽ രാംദാസ് രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
ലഖ്‌നോ: അയോധ്യയിൽ നിർമാണത്തിലിരിക്കുന്ന രാമക്ഷേത്രവും ഡൽഹി മെട്രോയും തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശികളായ അനിൽ രാംദാസ് ഖോത്രി (32), വിദ്യാ ശങ്കർ ഖോത്രി (28) എന്നിവരാണ് അറസ്റ്റിലായത്. പ്രയാഗ്‌രാജ് സ്വദേശിയായ മനോജ് കുമാറിനെ ഇന്റർനെറ്റ് കോളിൽ വിളിച്ച് ഫെബ്രുവരി രണ്ടിനാണ് ഇവർ ക്ഷേത്രം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
മനോജ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഡൽഹി സ്വദേശിയായ ബിലാൽ എന്ന വ്യക്തിയുടെ നമ്പറിൽനിന്നാണ് കോൾ വന്നതെന്ന് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോൾ തനിക്ക് ഇതിൽ പങ്കില്ലെന്നും തന്നെ മനപ്പൂർവം കുടുക്കാൻ വേണ്ടി ആരോ ചെയ്തതാണെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാംദാസ് പിടിയിലായത്.
മുസ്‌ലിംകളായി വേഷം മാറി ആളുകളെ കബളിപ്പിച്ച് ജീവിക്കുന്നവരാണ് ദമ്പതികളെന്ന് അയോധ്യ സർക്കിൾ ഓഫീസർ ശൈലേന്ദ്ര കുമാർ ഗൗതം പറഞ്ഞു. മഹാരാഷ്ട്ര അഹമ്മദ് നഗർ ജില്ലയിലാണ് ഇവരുടെ സ്വദേശമെങ്കിലും പിടിയിലാകുമ്പോൾ സെൻട്രൽ മുംബൈയിലെ ഫ്‌ളാറ്റിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇവരുടെ കയ്യിൽനിന്ന് ഖുർആനും രണ്ട് തലയോട്ടികളും കണ്ടെത്തിയതായി ശൈലേന്ദ്ര കുമാർ പറഞ്ഞു.
ബിലാലിനോടുള്ള വ്യക്തിവിരോധം തീർക്കാനാണ് രാംദാസ് അദ്ദേഹത്തിന്റെ നമ്പർ ഉപയോഗിച്ച് രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കിയതെന്നാണ് പൊലീസ് പറയുന്നത്. ബിലാലിന്റെ സഹോദരിയുമായി രാംദാസ് സൗഹൃദം സ്ഥാപിച്ചിരുന്നു. ഇയാൾ വിവാഹിതനാണെന്ന് മനസിലായതോടെ അവർ ബന്ധത്തിൽനിന്ന് പിൻമാറി. ഇതിനിടെ യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ രാംദാസും ഭാര്യയും ശ്രമിച്ചു. സഹോദരിയുമായി രാംദാസിനുള്ള ബന്ധം അറിഞ്ഞ ബിലാൽ ഇയാളെ വിളിച്ച് താക്കീത് നൽകിയിരുന്നു. ഇതിൽ ക്ഷുഭിതനായ രാംദാസും ഭാര്യയും ബിലാലിനെ കുടുക്കാൻ വേണ്ടിയാണ് അദ്ദേഹത്തിന്റെ നമ്പർ ഉപയോഗിച്ച് മനോജ് കുമാറിനെ വിളിച്ച് ഭീഷണി മുഴക്കിയത്. ഇന്റർനെറ്റിൽനിന്നാണ് മനോജിന്റെ നമ്പർ കിട്ടിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.