കള്ളപ്പണക്കേസിൽ സത്യേന്ദർ ജെയിന് ജാമ്യമില്ല
പ്രത്യേക സിബിഐ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്
ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ ജാമ്യാപേക്ഷ പ്രത്യേക സിബിഐ കോടതി തള്ളി. ആം ആദ്മി പാർട്ടി (എഎപി) നേതാവിനെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ ക്രിമിനൽ വകുപ്പുകൾ പ്രകാരം മെയ് 30 നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. ജെയിൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഇയാളുടെ ജാമ്യാപേക്ഷയിൽ തീരുമാനം ചൊവ്വാഴ്ച പറയാനായി ഡൽഹി കോടതി മാറ്റിവച്ചു. അതിനിടെ സത്യേന്ദ്രര്‍ ജെയിനുമായി ബന്ധപ്പെട്ട സ്‌ഥാപനങ്ങളില്‍ ഇന്നലെ വീണ്ടും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.. പത്ത് ബിസിനസ് സ്‌ഥാപനങ്ങള്‍, വസതികള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ ആഴ്‌ചയും ഇ.ഡിയുടെ റെയ്ഡ് നടന്നിരുന്നു. ജെയിനിന്റെ 4.81 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഏപ്രിലിൽ ഇ.ഡി കണ്ടുകെട്ടിയിരുന്നു.
അതിനിടെ ജെയ്നിനെ കള്ള കേസിൽ കുടുക്കിയിരിക്കുകയാണെന്ന് അരവിന്ദ് കെജരിവാൾ പറഞ്ഞു. ഇഡി അന്വേഷണത്തിന് ശേഷം ജെയിൻ പുറത്തുവരുമെന്നും കേജരിവാൾ പറഞ്ഞു.