സഞ്ജീവ് ഭട്ടിന്റെ അപ്പീലിൽ ഗുജറാത്ത് സർക്കാരിന്റെ പ്രതികരണം തേടി സുപ്രിംകോടതി
നാലാഴ്ചയ്ക്കകം നോട്ടീസിന് മറുപടി ഉണ്ടാകണമെന്ന് കോടതി പറഞ്ഞു
ന്യൂഡൽഹി: 1990ലെ കസ്റ്റഡി മരണക്കേസിലെ തന്റെ ശിക്ഷയ്ക്കെതിരെ മുൻ പൊലീസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് നൽകിയ അപ്പീലിൽ ഗുജറാത്ത് സർക്കാരിന് സുപ്രിം കോടതി നോട്ടീസയച്ചു. കേസുമായി ബന്ധപ്പെട്ട മറ്റ് അപ്പീലുകൾക്കൊപ്പം ഇതും ലിസ്റ്റ് ചെയ്യുമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നാലാഴ്ചയ്ക്കകം നോട്ടീസിന് മറുപടി ഉണ്ടാകണമെന്നും കോടതി ഉത്തരവിട്ടു.
മുതിർന്ന അഭിഭാഷകരായ കപിൽ സിബലും ദേവദത്ത് കാമത്തും ഭട്ടിന് വേണ്ടി ഹാജരായി. ഗുജറാത്ത് സംസ്ഥാനത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ്ങാണ് ഹാജരായത്. കസ്റ്റഡി മരണക്കേസിൽ ജാംനഗർ സെഷൻസ് കോടതിയുടെ വിധിക്കെതിരെ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി ജനുവരിയിൽ തള്ളിയിരുന്നു. തുടർന്നാണ് ഭട്ട് സുപ്രിം കോടതിയെ സമീപിക്കുന്നത്.
1990-ൽ ഭട്ട് ജാംനഗർ ജില്ലയിൽ അഡീഷണൽ പൊലീസ് സൂപ്രണ്ടായിരിക്കെ നടന്ന സംഭവവുമായി ബന്ധപ്പെട്ടതാണ് ഇപ്പോഴത്തെ കേസ്. 2018 മുതൽ ഭട്ട് ജയിലിൽ കഴിയുകയാണ്. 2002ലെ ഗുജറാത്ത് വംശഹത്യക്ക് നരേന്ദ്രമോദി സർക്കാർ ഒത്താശ ചെയതെന്ന് സുപ്രിംകോടതിയിൽ ഭട്ട് സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ സുപ്രിംകോടതി ഇത് തള്ളി. തുടർന്നാണ് ഭട്ടിനെ അറസ്റ്റ് ചെയ്തത്.