ഇലക്ടറല്‍ ബോണ്ട്; ഭാരത് ബയോടെക് ടിഡിപിക്ക് നല്‍കിയത് 25 കോടി
മേയ് 13നാണ് ആന്ധ്രാപ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്
ഹൈദരാബാദ്: കൊവാക്സിന്‍ നിര്‍മതാക്കളായ ഭാരത് ബയോടെക് ഇൻ്റർനാഷണൽ ലിമിറ്റഡും അനുബന്ധ സ്ഥാപനങ്ങളും ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിലുള്ള തെലുങ്ക് ദേശം പാർട്ടിക്ക് ഇലക്ടറല്‍ ബോണ്ട് വഴി സംഭാവനയായി നല്‍കിയത് 25 കോടി രൂപ. ഈ വര്‍ഷം ജനുവരിയിലാണ് 25 കോടിയുടെ ബോണ്ടുകള്‍ കമ്പനി വാങ്ങിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മേയ് 13നാണ് ആന്ധ്രാപ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഭാരത് ബയോടെക് ഈ വർഷം ജനുവരി 6 ന് ഒരു കോടി രൂപ വീതമുള്ള പത്ത് ഇലക്ടറൽ ബോണ്ടുകളാണ് വാങ്ങിയത്. ഭാരത് ബയോടെക്കുമായി ബന്ധമുള്ള മൂന്ന് സ്ഥാപനങ്ങളും അതേ മാസം തന്നെ ടിഡിപിയുടെ അക്കൗണ്ടിലേക്ക് സംഭാവന നൽകി.2019 ഫെബ്രുവരിയിൽ ഭാരത് ബയോടെക് ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച ചിറോൺ ബെഹ്‌റിംഗ് വാക്‌സിൻസ് പ്രൈവറ്റ് ലിമിറ്റഡ് ജനുവരി 6ന് 5 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങിയിരുന്നു. മൂന്ന് ദിവസത്തിന് ശേഷം, ജനുവരി 9 ന്, മൈക്രോബയോളജി മീഡിയ നിർമ്മിക്കുന്ന ആർസിസി ന്യൂട്ര ഫിൽ പ്രൈവറ്റ് ലിമിറ്റഡ് 5 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങി. കെമിക്കൽ ഉൽപ്പന്ന നിർമ്മാതാക്കളായ ബയോവെറ്റ് പ്രൈവറ്റ് ലിമിറ്റഡ് 5 കോടിയും സംഭാവനയായി നല്‍കി.
കോവിഡ് വാക്സിന്‍റെ നിര്‍മാണത്തോടെ ഭാരത് ബയോടെക് അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. നായിഡുവുമായുള്ള ഭാരത് ബയോടെക്കിൻ്റെ ബന്ധവും വാക്സിന്‍ ക്ഷാമവും തമ്മിൽ ബന്ധമുണ്ടെന്ന് വൈഎസ്ആർസിപി തലവനും ആന്ധ്രാപ്രദേശ് ജഗൻ മോഹൻ റെഡ്ഡിയുടെ ആരോപണം സംസ്ഥാന രാഷ്ട്രീയത്തില്‍ ചര്‍ച്ചയായിരുന്നു. വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ ആന്ധ്ര സര്‍ക്കാര്‍ വേണ്ടത്ര ശ്രമങ്ങൾ നടത്തുന്നില്ലെന്ന് പ്രതിപക്ഷമായ ടിഡിപിയുടെ വിമര്‍ശനത്തിന് പിന്നാലെയായിരുന്നു ജഗന്‍ രംഗത്തെത്തിയത്. വാക്സിന്‍ വിതരണം പൂര്‍ണമായും കേന്ദ്രത്തിന്‍റെ നിയന്ത്രണത്തിലാണെന്നും ചന്ദ്രബാബു നായിഡുവിൻ്റെ ബന്ധുവിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഭാരത് ബയോടെക് എന്നും അദ്ദേഹം പറഞ്ഞിരുന്നു. നായിഡുവിനെ കൂടാതെ മാധ്യമ വ്യവസായി സി.രാമോജി റാവുവിനും ഭാരത് ബയോടെകുമായി ബന്ധമുണ്ട്. 2017 ൽ, ഭാരത് ബയോടെക്കിൻ്റെ സ്ഥാപകരായ കൃഷ്ണ എം എല്ലയുടെയും സുചിത്ര എല്ലയുടെയും മകൻ റേച്ചസ് വീരേന്ദ്രദേവ് എല്ല രാമോജിയുടെ ചെറുമകൾ സഹരി ചെറുകുരിയെയാണ് വിവാഹം കഴിച്ചത്. കൃഷ്ണ എല്ല, രാമോജി, നായിഡു എന്നിവരെല്ലാം ചൗദരി അല്ലെങ്കിൽ കമ്മ സമുദായത്തിൽ പെട്ടവരാണ്. ആന്ധ്രയില്‍ ആവശ്യത്തിലധികം ഭൂസ്വത്തുക്കളും രാഷ്ട്രീയ സ്വാധീനമുള്ളവരുമാണ് ഈ സമുദായക്കാര്‍.
ഹെൽത്ത് കെയർ, ഇൻഫർമേഷൻ ടെക്നോളജി എന്നിവയുൾപ്പെടെയുള്ള വ്യവസായങ്ങളിൽ കമ്മ സമുദായം ആധിപത്യം പുലര്‍ത്തുന്നുണ്ട്. ഭാരത് ബയോടെക്കിൻ്റെ കൃഷ്ണ എല്ലയും ചന്ദ്രബാബു നായിഡുവും തമ്മില്‍ കുറഞ്ഞത് മൂന്ന് പതിറ്റാണ്ടുകളായി ബന്ധമുണ്ട്. 2020ല്‍ കോവാക്സിന്‍ ഉത്പാദനത്തെക്കുറിച്ച് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത് ബയോടെക് സന്ദര്‍ശിച്ചിരുന്നു. 2021ല്‍ കോവാക്സിനും ഓക്സ്‌ഫഡ്-ആസ്ട്രസെനക വാക്സിനായ കോവിഷീൽഡിനും ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിരുന്നു. എന്നാൽ, കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയായിട്ടില്ലെന്നും അതിനു മുൻപ് അനുമതി നൽകിയത് അശാസ്ത്രീയമാണെന്നും ആരോപണങ്ങൾ ഉയര്‍ന്നിരുന്നു.