കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ അടുത്തമാസം ?; മുന്‍ഗണന ഇങ്ങനെ
ഡ്രഗ്സ് കണ്‍ട്രോളര്‍ അന്തിമാനുമതി നല്‍കുന്ന പക്ഷം വാക്സിന്‍ വിതരണത്തിന് എത്തിക്കാനാണ് ശ്രമം നടക്കുന്നത്
കുട്ടികളുടെ കോവിഡ് വാക്സിന്റെ വിതരണം നവംബര്‍ പകുതി മുതല്‍ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള, രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ആലോചിക്കുന്നത്. മൂന്നാഴ്ചക്കകം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കേണ്ടതിന്റെ മുന്‍ഗണനാക്രമം നിശ്ചയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടു വയസുമുതലുള്ള കുട്ടികള്‍ക്ക് കോവാക്സിന്‍ നല്‍കാന്‍ കഴിഞ്ഞദിവസം ഡിസിജിഐയുടെ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയിരുന്നു. ഡ്രഗ്സ് കണ്‍ട്രോളര്‍ അന്തിമാനുമതി നല്‍കുന്ന പക്ഷം വാക്സിന്‍ വിതരണത്തിന് എത്തിക്കാനാണ് ശ്രമം നടക്കുന്നത്. അതിന് മുന്‍പ് കമ്പനി വാക്സിന്റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കുന്ന ഇടക്കാല ഡേറ്റ വിദഗ്ധ സമിതി പരിശോധിക്കും. കൂടാതെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കമ്പനിയോട് തേടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വാക്സിനേഷന്റെ ദേശീയ ഉപദേശക സമിതിയാണ് വാക്സിന്‍ നല്‍കുന്നതിന്റെ മുന്‍ഗണനാക്രമം നിശ്ചയിക്കുക. മുന്‍ഗണനാക്രമം നിശ്ചയിക്കാന്‍ മൂന്നാഴ്ച സമയം എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്ക് ആദ്യ പരിഗണന നല്‍കാനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.