അഞ്ച് വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ; വാക്സിൻ വിദഗ്ധ സമിതി യോഗം ഇന്ന്
കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ കുട്ടികൾക്ക് വാക്സിൻ നൽകണമെന്ന് വിദഗ്ധർ ആവശ്യം ഉന്നയിച്ചിരുന്നു
ഡല്‍ഹി: അഞ്ച് വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നത് പരിശോധിക്കാൻ വാക്സിൻ വിദഗ്ധ സമിതി ഇന്ന് യോഗം ചേരും. കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ കുട്ടികൾക്ക് വാക്സിൻ നൽകണമെന്ന് വിദഗ്ധർ ആവശ്യം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് യോഗം.
അഞ്ച് വയസിന് മുകളിലുള്ള കുട്ടികളിൽ ഉപയോഗിക്കാൻ രണ്ട് വാക്സിനുകൾക്കാണ് ഡി.സി.ജി.ഐ അനുമതി നൽകിയിട്ടുള്ളത്. ഭാരത് ബയോടെക്കിന്‍റെ കോവാക്സിനും ബയോളജിക്കൽ ഇയുടെ കോർബെവാക്സിനും അടിയന്തര ഘട്ടത്തിൽ കുട്ടികളിൽ ഉപയോഗിക്കാമെന്നാണ് നിർദേശം. എന്നാൽ കുട്ടികൾക്ക് ഈ ഘട്ടത്തിൽ വാക്സിൻ നൽകണോ എന്ന കാര്യത്തിൽ വിദഗ്ധ സമിതിക്കുള്ളിൽ ആശയക്കുഴപ്പമുണ്ട്.
കുട്ടികളെ കോവിഡ് കൂടുതലായി ബാധിച്ചിട്ടില്ല എന്ന വിലയിരുത്തലാണ് സമിതിക്കുള്ളത്. അതുകൊണ്ട് തന്നെ കുട്ടികളിൽ പഠനം നടത്തിയതിന് ശേഷം മാത്രം അനുമതി നൽകിയാൽ മതിയെന്ന നിലപാട് സമിതി സ്വീകരിച്ചേക്കും. കോവാക്സിനും കോർബെവാക്സും കുട്ടികളിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണ വിവരങ്ങൾ കൂടി പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളിൽ വാക്സിനേഷൻ ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പുരോഗതി ഇല്ലാത്തതും സമിതി ചർച്ച ചെയ്യും.