വന്ദേഭാരത് ഇടിച്ചുതെറിപ്പിച്ച പശു ദേഹത്ത് വീണ് മുന്‍ റെയില്‍വെ ജീവനക്കാരന്‍ മരിച്ചു
രാവിലെ എട്ടരയോടെ കാളി മോറി ഗേറ്റിൽ നിന്ന് പുറപ്പെട്ട വന്ദേ ഭാരത് ട്രെയിനാണ് പശുവിനെ ഇടിച്ചുതെറിപ്പിച്ചത്
അൽവാർ: വന്ദേഭാരത് ഇടിച്ചുതെറിപ്പിച്ച പശു ദേഹത്ത് വീണ് ട്രാക്കില്‍ മുന്‍ റെയില്‍വെ ജീവനക്കാരന്‍ മരിച്ചു. 23 വർഷം മുമ്പ് ഇന്ത്യൻ റെയിൽവേയിൽ ഇലക്‌ട്രീഷ്യനായി വിരമിച്ച ശിവദയാൽ ശർമ്മയാണ് മരിച്ചത്.രാജസ്ഥാനിലെ അൽവാറിലെ ആരവലി വിഹാർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ബുധനാഴ്ചയാണ് സംഭവം.
രാവിലെ എട്ടരയോടെ കാളി മോറി ഗേറ്റിൽ നിന്ന് പുറപ്പെട്ട വന്ദേ ഭാരത് ട്രെയിനാണ് പശുവിനെ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ പശുവിന്‍റെ ശരീരത്തിന്‍റെ ഒരു ഭാഗം 30 മീറ്റര്‍ അകലെ ട്രാക്കില്‍ മൂത്രമൊഴിക്കുകയായിരുന്ന ശിവദയാലിന്‍റെ ദേഹത്ത് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് ശിവദയാല്‍ മരിച്ചു. മൃതദേഹം ബുധനാഴ്ച രാവിലെ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
നേരത്തെയും കന്നുകാലികള്‍ വന്ദേഭാരതില്‍ ഇടിച്ച് അപകടമുണ്ടായിട്ടുണ്ട്. അവയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മുംബൈ-ഗുജറാത്ത് സ്‌ട്രെച്ചിൽ നിന്നാണ്.മണിക്കൂറിൽ 130-160 കിലോമീറ്റർ വേഗതയിൽ ഓടുന്ന സെമി-ഹൈ-സ്പീഡ് ട്രയിനുകളാണ് വന്ദേഭാരത്. അതേസമയം, പാളത്തിലേക്ക് മൃഗങ്ങൾ കയറുന്നത് തടയുന്നതിനും അപകടങ്ങൾ ഒഴിവാക്കാനുമായി 620 കിലോമീറ്ററിലധികം ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ട്രങ്ക് റൂട്ടിൽ മെറ്റൽ ഫെൻസിങ് സ്ഥാപിക്കാൻ പശ്ചിമ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.