''ഹിന്ദുക്കള്‍ മാതാവായാണ് കരുതുന്നത്; പെരുന്നാളിന് പശുവിനെ ബലിയറുക്കരുത്''- ആവശ്യവുമായി ബദ്‌റുദ്ദീൻ അജ്മൽ

അസമിലെ മുസ്‌ലിം പണ്ഡിത സംഘടനയായ ജംഇയ്യത്തുൽ ഉലമായെ ഹിന്ദും പെരുന്നാളിന് പശുവിനെ അറുക്കരുതെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്

Update: 2022-07-05 07:57 GMT
Editor : Shaheer | By : Web Desk
Advertising

ഗുവാഹത്തി: പെരുന്നാളിന് പശുക്കളെ ബലിയർപ്പിക്കരുതെന്ന ആവശ്യവുമായി അസമിലെ ആൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്(എ.ഐ.യു.ഡി.എഫ്) നേതാവും ലോക്‌സഭാ അംഗവുമായ ബദ്‌റുദ്ദീൻ അജ്മൽ. പശു ഹിന്ദുക്കൾക്ക് മാതാവിനെപ്പോലെയാണെന്നും ഇതിനാൽ ബലിപെരുന്നാളിന് അവയെ അറുക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നുമാണ് അദ്ദേഹം അസമിലെ മുസ്‌ലിംകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

''വ്യത്യസ്തമായ ഒരുപാട് സമുദായക്കാരുടെയും മതക്കാരുടെയും വിഭാഗക്കാരുടെയുമെല്ലാം നാടാണ് ഇന്ത്യ. പശുവിനെ വിശുദ്ധ ചിഹ്നമായി കണക്കാക്കി ആരാധിക്കുന്ന സനാതന ധർമം പിന്തുടരുന്നവരാണ് ഇന്ത്യയിലെ ഭൂരിപക്ഷവും. പശുവിനെ മാതാവായാണ് ഹിന്ദുക്കൾ കാണുന്നത്.''-ബദ്‌റുദ്ദീൻ അജ്മൽ പറഞ്ഞു.

ഒരു മൃഗത്തെയും കൊല്ലാന്‍ ഇസ്‌ലാം നിർദേശിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാൽ, പെരുന്നാളിന് പശുവിനെ അറുക്കരുത്. പശുക്കളെ ബലിയർപ്പിക്കുന്നത് ഒഴിവാക്കാൻ രണ്ടുവർഷം മുൻപ് ദാറുൽ ഉലൂം ദയൂബന്ദും ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ബദ്‌റുദ്ദീൻ അജ്മൽ ചൂണ്ടിക്കാട്ടി. അസമിലെ മുസ്‌ലിം പണ്ഡിത സംഘടനയായ ജംഇയ്യത്തുൽ ഉലമായെ ഹിന്ദും പെരുന്നാളിന് പശുവിനെ അറുക്കരുതെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ബദ്‌റുദ്ദീൻ അജ്മലിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് വി.എച്ച്.പി രംഗത്തെത്തിയിട്ടുണ്ട്. സ്ഥിരമായി തന്നെ ഗോവധം നിർത്താൻ മുസ്‌ലിം നേതാക്കൾ ആഹ്വാനം ചെയ്യണമെന്ന് വി.എച്ച്.പി നേതാവ് വിനോദ് ബൻസാൽ ആവശ്യപ്പെട്ടു. ജിഹാദ് എന്ന പേരിൽ നിരപരാധികളെ കൊല്ലുന്നവരെ എ.ഐ.യു.ഡി.എഫ് അടക്കമുള്ള കക്ഷികൾ അടക്കിനിർത്തണമെന്നും ബൻസാൽ ആവശ്യപ്പെട്ടു.

Summary: ''Don't sacrifice cows on Eid, Hindus consider it as their mother'', AIUDF MP Badruddin Ajmal to Muslims

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News