പാർട്ടി കോൺഗ്രസ് വിജയം; പക്ഷേ സി.പി.എമ്മിനു മുന്നില്‍ കടമ്പകളേറെ
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുക എന്നതാണ് സിപിഎമ്മിനു മുന്നിലുള്ള പ്രധാന വെല്ലുവിളി.
കണ്ണൂര്‍: പാർട്ടി കോൺഗ്രസ് വിജയമായെങ്കിലും സിപിഎമ്മിനു മുന്നിലുള്ള കടമ്പകളേറെയാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുക എന്നതാണ് സിപിഎമ്മിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. കേരളത്തെ പോലെ മറ്റ് സംസ്ഥാനങ്ങളിലും പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ദൗത്യം കൂടിയുണ്ട് പുതിയ നേതൃത്വത്തിന്.
1964ല്‍ പാർട്ടി രൂപീകരിക്കപ്പെട്ട ശേഷം ഇതുവരെയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സി.പി.എം കടന്നുപോകുന്നതെന്ന് പാർട്ടി കോൺഗ്രസ് വിലയിരുത്തിയിരുന്നു. നിർജീവമായ കേന്ദ്ര നേതൃത്വത്തിനെതിരെ സമ്മേളനത്തിൽ വിമർശനം ഉയരുകയും ചെയ്തു. ഇതിനെ എല്ലാം മറികടക്കുക എന്ന വലിയ ദൗത്യമാണ് സീതാറാം യെച്ചൂരി നയിക്കുന്ന പുതിയ നേതൃത്വത്തിനുള്ളത്. കേരളത്തിൽ സിപിഎമ്മിന് മുഖ്യ എതിരാളി കോൺഗ്രസ് ആണെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ അതല്ല അവസ്ഥ. പാർട്ടി കോട്ടയായിരുന്ന ബംഗാളിൽ സിപിഎം തീർത്തും നിലംപരിശായ അവസ്ഥയിലാണ്. ത്രിപുരയിലും സമാനമായ സാഹചര്യമാണ്. പാർട്ടി അംഗത്വത്തിന്റെ കാര്യത്തിൽ കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ കീഴ്പോട്ടാണ് വളർച്ച. ഇതെല്ലാം മറികടന്ന് മുന്നേറുക എന്നത് നിലവിലെ സംഘടനാ ശേഷിയിൽ സി.പി.എമ്മിന് ഹിമാലയൻ കടമ്പയാണ്.
പാർട്ടിയുടെ ദുർബലാവസ്ഥ പരിഹരിക്കാൻ കൊൽക്കത്ത പ്ലീനം നിരവധി നിർദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ഇതുപോലും നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന് പാർട്ടി കോൺഗ്രസിൽ സ്വയം വിമർശനമുണ്ടായി. ഇത്തരത്തിൽ നിരവധി രാഷ്ട്രീയ പ്രതിസന്ധികൾ മറികടന്നുവേണം സീതാറാം യെച്ചൂരി നേതൃത്വം നൽകുന്ന പാർട്ടിക്ക് മുന്നേറാൻ.
കേരള ഘടകത്തിന്‍റെ ശക്തിപ്രകടനം
കണ്ണൂരിൽ അവസാനിച്ച സിപിഎം പാർട്ടി കോൺഗ്രസ്, കേരള ഘടകത്തിന് ശക്തി പ്രകടനത്തിന്‍റെ കൂടി വേദിയായി. കോൺഗ്രസ് ബന്ധം വേണ്ടെന്ന കേരള ഘടകത്തിന്‍റെ നിലപാടിനാണ് പാർട്ടി കോൺഗ്രസ് അംഗീകാരം നൽകിയത് . വികസനകാര്യത്തിൽ കേരള മോഡൽ രാജ്യത്ത് ഉയർത്തിക്കാട്ടാനുള്ള പാർട്ടി കോൺഗ്രസ് തീരുമാനവും കേരളത്തിലെ സിപിഎമ്മിനുള്ള അംഗീകാരമായി മാറി
ഒരു കാലത്ത് സിപിഎമ്മിനുള്ളിൽ ബംഗാൾ ഘടകത്തിനുണ്ടായിരുന്ന അതേ അപ്രമാദിത്വമാണ് ഇന്ന് കേരള ഘടകം പാർട്ടിക്കുള്ളിൽ പയറ്റുന്നത്. ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസ് അത് അരക്കെട്ടുറപ്പിച്ചു. സംഘാടന മികവ് തെളിയിച്ചതിനൊപ്പം സംഘടനക്കുള്ളിലും ആധിപത്യം ഉറപ്പിച്ചാണ് പാർട്ടി കോൺഗ്രസ് വേദിയിൽ കേരള ഘടകം തിളങ്ങിയത്.ഇന്ത്യയിൽ അധികാരമുള്ള ഏക സംസ്ഥാന എന്ന നിലയിൽ പാർട്ടി കോണ്‍ഗ്രസിനുള്ളില്‍ കേരളത്തിന്‍റെ നിലപാടിന് സ്വീകാര്യത ഏറെയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തിപരമായി അഭിമാനിക്കാവുന്ന പാർട്ടി കോൺഗ്രസാണ് കടന്നു പോയത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ സമ്മേളന വേദിയിലെത്തിക്കാനായതും ബിജെപിക്കെതിരായ പ്രാദേശിക സഖ്യ രൂപീകരണത്തിന് ചുക്കാൻ പിടിക്കാനായതും പിണറായിക്ക് നേട്ടമായി.