ഹരിയാനയിലെ കലാപം ആസൂത്രിതം, സകലതും നഷ്ടപ്പെട്ട മനുഷ്യർ ഞങ്ങളുടെ മുന്നിൽ പൊട്ടിക്കരഞ്ഞു: എ.എ റഹിം
ഹരിയാനയിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സി.പി.എം സംഘം
ഡല്‍ഹി: ഹരിയാനയിലെ കലാപം ആസൂത്രിതമായിരുന്നുവെന്ന് എ.എ റഹിം എം.പി. കലാപം ലക്ഷ്യംവച്ചുള്ള വിദ്വേഷ പ്രചാരണം സംഘപരിവാർ വളരെക്കാലമായി അഴിച്ചുവിട്ടിരുന്നു. ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം എന്ന് ലഘൂകരിച്ചു പറയാൻ കഴിയാത്ത കാഴ്ചകളാണ് അവിടെ കണ്ടതെന്ന് ഹരിയാനയിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദര്‍ശിച്ച ശേഷം എ.എ റഹിം പറഞ്ഞു.
"കലാപത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ ജില്ലാ ഭരണകൂടം ബുൾഡോസറുകളുമായി എത്തി നിരപരാധികളായ മുസ്‍ലിംകളുടെ സ്വത്തുവകകൾ ഇടിച്ചുനിരത്തി. സകലതും നഷ്ടപ്പെട്ട മനുഷ്യർ ഞങ്ങളുടെ മുന്നിൽ പൊട്ടിക്കരഞ്ഞു. ഒരു നോട്ടീസും കൊടുക്കാതെയായിരുന്നു നടപടി. എല്ലാ രേഖകളുമുണ്ടായിട്ടും കരഞ്ഞു കേണപേക്ഷിച്ചിട്ടും പലരുടെയും വീടുകള്‍ ഇടിച്ചുനിരത്തപ്പെട്ടു. യുവാക്കള്‍ അവിടെ നിന്നും ഭയന്ന് ഓടിയിരിക്കുകയാണ്. ഡപ്യൂട്ടി ഇമാം കൊല്ലപ്പെട്ട മസ്ജിദ് സന്ദര്‍ശിക്കാന്‍ പൊലീസ് ഞങ്ങളെ അനുവദിച്ചില്ല. കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുന്‍പ് മതസൌഹാര്‍ദത്തെ കുറിച്ച് കവിതയെഴുതിയ ആളാണ് ആ ഡപ്യൂട്ടി ഇമാം. ഒരു തരത്തിലും നൂഹില്‍ നടന്ന സംഭവങ്ങളില്‍ ബന്ധമില്ലാത്തയാള്‍"- എ.എ റഹിം പറഞ്ഞു.
എ.എ. റഹിം എം.പി, വി ശിവദാസൻ എം.പി, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം നീലോത്പൽ ബസു എന്നിവരടങ്ങിയ സംഘമാണ് കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. നൂഹില്‍ നിയമവിരുദ്ധമായി ഇടിച്ചുനിരത്തപ്പെട്ട കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം, ഭയന്ന് ഓടിപ്പോയവര്‍ക്ക് തിരിച്ചുവരാന്‍ സൌകര്യമുണ്ടാക്കണം, സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം തുടങ്ങിയ ആവശ്യങ്ങള്‍ സി.പി.എം സംഘം മുന്നോട്ടുവെച്ചു.