മണിപ്പൂരിൽ സിപിഎം-കോൺഗ്രസ് സഖ്യം
ദേശീയ തലത്തിൽ സിപിഎം-കോൺഗ്രസ് ബന്ധത്തെ കേരളമടക്കം വിമർശിച്ച സാഹചര്യം നിലനിൽക്കെയാണ് സഖ്യ പ്രഖ്യാപനം
മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മും കോൺഗ്രസും യോജിച്ച് പ്രവത്തിക്കും. ഒന്നിച്ചുള്ള നീക്കത്തിലൂടെ ബിജെപിയെ അധികാരത്തിൽ നിന്നും താഴെയിറക്കാനുള്ള ശ്രമം നടത്തുകയാണ് സിപിഎമ്മും കോൺഗ്രസും. കോൺഗ്രസ് മണിപ്പൂർ പി.സി.സി അദ്ധ്യക്ഷൻ എൻ.ലോക്കെൻ സിംഗാണ് സഖ്യ പ്രഖ്യാപനം നടത്തിയത്. സിപിഐ ആർ.എസ്.പി തുടങ്ങിയ പാർട്ടികളും ഈ സഖ്യത്തിന്റെ ഭാഗമാണ്.
മണിപ്പൂരിൽ കോൺഗ്രസും സിപിഎമ്മും കൈകോർത്ത സാഹചര്യത്തിൽ ഇനിയെന്ത് സംഭവിക്കുമെന്ന് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. ദേശീയ തലത്തിൽ സിപിഎം-കോൺഗ്രസ് ബന്ധത്തെ കേരളമടക്കം വിമർശിച്ച സാഹചര്യം നിലനിൽക്കെയാണ് സഖ്യ പ്രഖ്യാപനം. മണിപ്പൂരിൽ ഇതാദ്യമായല്ല ഇടതുപാർട്ടികളുമായി കോൺഗ്രസ് സഖ്യം ചേരുന്നത്. ഇബോബി സർക്കാറിന്റെ കാലത്ത് കോൺഗ്രസ് സിപിഐ സഖ്യമുണ്ടായിരുന്നു. മാറിയ സാഹചര്യത്തിൽ 5 പാർട്ടികളുമായിട്ടാണ് കോൺഗ്രസ് സഖ്യം ചേർന്നിരിക്കുന്നത്. സിപിഎം, സിപിഐ കൂടാതെ ആർഎസ്പി, ജെഡിഎസ്, ഫോർവേർഡ് ബ്ലോക്ക് എന്നിവരും അടങ്ങുന്നതാണ് സഖ്യം. ബിജെപിയും സഖ്യകക്ഷികളും ഭരണത്തിലെത്തുന്നത് തടയുക എന്നതാണ് തങ്ങളുടെ അജണ്ടയെന്ന് മുന്നണി പ്രഖ്യാപനത്തിനു ശേഷം പിസിസി അധ്യക്ഷൻ വ്യക്തമാക്കി. 60 അംഗ സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇതിനോടകം കോൺഗ്രസ് നാൽപ്പതും സിപിഐ രണ്ടും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.മറ്റുള്ള പാർട്ടികൾ വരും ദിവസങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.