'മാനദണ്ഡങ്ങൾ പാലിക്കാതെ എങ്ങനെയാണ് ഒരാളുടെ വീട് തകർക്കുക'; ബുൾഡോസർ രാജിൽ യുപി സർക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമർശനം
വീട് നഷ്ടമായർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു.
ന്യൂഡൽഹി: ബുൾഡോസർ രാജിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമർശനം. നിയമനടപടികൾ പാലിക്കാതെ എങ്ങനെയാണ് ഒരാളുടെ വീട് തകർക്കാൻ കഴിയുകയെന്ന് കോടതി ചോദിച്ചു. നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകാനും യുപി സർക്കാരിനോട് സുപ്രിംകോടതി നിർദേശിച്ചു. റോഡ് വികസനത്തിന്റെ പേരിൽ അനധികൃത നിർമാണമെന്ന് ആരോപിച്ച് വീടുകൾ പൊളിച്ച നടപടിക്കെതിരായ ഹരജിയിലാണ് സുപ്രിംകോടതിയുടെ വിമർശനം. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നോട്ടീസ് പോലും നൽകാതെ ഒരാളുടെ വീട്ടിൽ പ്രവേശിക്കാനും നിയമനടപടികൾ പാലിക്കാതെ അത് പൊളിച്ചുകളയാനും എന്ത് അധികാരമാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെ.ബി പാർഡിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് ചോദിച്ചു. കുറ്റക്കാരായവർക്കെതിരെ ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഹൈവേ കയ്യേറിയെന്നാരോപിച്ച് മുൻകൂർ അറിയിപ്പോ വിശദീകരണമോ ഇല്ലാതെയാണ് വീട് പൊളിച്ചതെന്ന് ഹരജിക്കാരൻ പറഞ്ഞു. ഒരു റോഡ് നിർമാണത്തിലെ ക്രമക്കേടുകൾ മാധ്യമങ്ങളെ അറിയിച്ചതിനെ തുടർന്നുള്ള പ്രതികാരമായാണ് തന്റെ വീട് പൊളിച്ചതെന്നും ഹരജിക്കാരൻ ആരോപിച്ചു. ഹരജി പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന യുപി സർക്കാരിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. എല്ലാ രേഖകളും ഇതിനകം സമർപ്പിച്ചതിനാൽ കേസ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി.
ഹൈവേ നിർമാണത്തിനായി ഒരു സർവേയും നടത്തിയിട്ടില്ല. ഹൈവേയുടെ യഥാർഥ വീതിയോ കയ്യേറ്റത്തിന്റെ വ്യാപ്തിയോ വ്യക്തമാക്കുന്ന ഒരു രേഖയും സർക്കാരിന് കാണിക്കാൻ കഴിഞ്ഞിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ടിൽ പ്രതീക്ഷിച്ചതിലും വളരെ വിപുലമായ രീതിയിൽ വീടുകൾ പൊളിച്ചുമാറ്റിയതായി കണ്ടെത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.