ജാതി സെൻസെസ് നടപ്പിലാക്കും; വീണ്ടും നിലപാട് തുറന്നടിച്ച് രാഹുൽ ഗാന്ധി
ചിലർ എത്രത്തോളമാണ് അധികാരം കയ്യാളുന്നതെന്ന് സെൻസെസ് തുറന്നുകാട്ടുമെന്ന് രാഹുൽ ഗാന്ധി
മഹാരാഷ്ട്ര: ജാതി സെൻസെസ് നടപ്പിലാക്കുമെന്ന നിലപാട് വീണ്ടുമാവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ദലിതുകൾ, ഒബിസി വിഭാഗക്കാർ, ആദിവാസികൾ എന്നിവർ കാലങ്ങളായി നേരിടുന്ന അനീതി തുറന്നുകാട്ടുന്നതിന് ജാതി സെൻസെസ് അത്യാവശ്യമാണെന്ന് അദേഹം പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെ അനുബന്ധിച്ച് നാഗ്പൂരിൽ ബുധനാഴ്ച നടന്ന സംവിധാൻ സമ്മാൻ സമ്മേളനത്തിലായിരുന്നു രാഹുൽ ജാതി സെൻസെസിനെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.
ജാതി സെൻസെസ് എല്ലാം വ്യക്തമാക്കും, ചിലർ എത്രത്തോളമാണ് അധികാരം കയ്യാളുന്നതെന്ന് തുറന്നുകാണിക്കുകയും പാർശ്വവത്ക്കരിക്കപ്പെടുന്ന സമൂഹത്തിന് എത്രത്തോളം ശക്തിയുണ്ടെന്ന് അത് വ്യക്തമാക്കുകയും ചെയ്യുമെന്ന് രാഹുൽ പറഞ്ഞു.
ജാതി സെൻസെസ് വികസനത്തിന് അത്യാവശ്യമായ ചുവടുവയ്പ്പാണെന്ന് പറഞ്ഞ രാഹുൽ സംവരണത്തിന്റെ 50 ശതമാനത്തോളം പരിധി തകർക്കാൻ ഇത് ഉപകാരപ്പെടുമെന്നും കൂട്ടിച്ചേർത്തു.
രാജ്യത്തെ അടിച്ചമർത്തപ്പെട്ട 90 ശതമാനം ആളുകൾക്കും നീതി ഉറപ്പാക്കാനാണ് തങ്ങളുടെ പോരാട്ടമെന്നും രാഹുൽ പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടന ഒരു രേഖ മാത്രമല്ല, ഒരു ജീവിതരീതി കൂടിയാണ്. ആർഎസ്എസും ബിജെപിയും ഭരണഘടനയെ ആക്രമിക്കുമ്പോൾ അവർ ആക്രമിക്കുന്നത് രാജ്യത്തിന്റെ ശബ്ദത്തെയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റുകളായ അദാനിയും അംബാനിയും അവരുടെ അധികാരസ്ഥാനങ്ങളിൽ ഒരു പിന്നോക്ക വിഭാഗക്കാരന് പോലും സ്ഥാനം നൽകാൻ തയ്യാറല്ല. കേന്ദ്രത്തിന് കോടീശ്വരന്മാരായ 25 പേരുടെ 16 ലക്ഷം കോടി കടം എഴുതിത്തള്ളാൻ സാധിക്കും എന്നാൽ കർഷകരുടെ കടത്തിലേക്ക് അവർക്ക് ശ്രദ്ധിക്കാൻ താൽപര്യമില്ലെന്നും രാഹുൽ പറഞ്ഞു.