ബിഹാര്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി? ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കെതിരെ മുതിര്‍ന്ന നേതാവ്

സംസ്ഥാന അധ്യക്ഷന്‍ കൂടിയായ സാമ്രാട്ട് ചൗധരിക്ക് സ്വന്തം സമുദായത്തിന്റെ വോട്ട് പോലും പിടിക്കാനായില്ലെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്

Update: 2024-06-14 11:44 GMT
Editor : Shaheer | By : Web Desk

സാമ്രാട്ട് ചൗധരി, ഹരി മാഞ്ചി

Advertising

പാട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണിയുടെ മുന്നേറ്റത്തിലും എന്‍.ഡി.എയെ പിടിച്ചുനിര്‍ത്തിയ സംസ്ഥാനങ്ങളിലൊന്നാണ് ബിഹാര്‍. ആര്‍.ജെ.ഡിയും കോണ്‍ഗ്രസും നേട്ടമുണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെട്ട സംസ്ഥാനത്ത് ജെ.ഡി.യുവും ബി.ജെ.പിയും മികച്ച പ്രകടനമാണു കാഴ്ചവച്ചത്. നരേന്ദ്ര മോദിക്കു മൂന്നാമൂഴം നേടിക്കൊടുക്കുന്നതില്‍ നിതീഷ് കുമാര്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തു. എന്നാല്‍, ബിഹാറിലെ ബി.ജെ.പിയില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്തുവരുന്നത്.

ബിഹാര്‍ മുഖ്യമന്ത്രി ഉപമുഖ്യമന്ത്രിയും സംസ്ഥാന ബി.ജെ.പി അധ്യക്ഷനുമായ സാമ്രാട്ട് ചൗധരിക്കെതിരെ പാളയത്തില്‍നിന്നു തന്നെയാണു പട ആരംഭിച്ചിരിക്കുന്നത്. മുന്‍ ബി.ജെ.പി എം.പിയും മുതിര്‍ന്ന നേതാവുമായ ഹരി മാഞ്ചിയാണ് ഉപമുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സ്വന്തം സമുദായമായ കുഷ്‌വാഹ വിഭാഗത്തിന്റെ വോട്ട് എന്‍.ഡി.എയ്ക്ക് അനുകൂലമാക്കാന്‍ സാമ്രാട്ട് ചൗധരിക്ക് ആയില്ലെന്നാണ് ഹരിയുടെ വിമര്‍ശനം.

ചൗധരിയുടെ നേതൃശേഷിയെക്കുറിച്ചുള്ള സംശയങ്ങളുയര്‍ത്തിയിരിക്കുകയാണ് ഹരി മാഞ്ചി. ബിഹാറില്‍ എന്‍.ഡി.എയ്ക്കും ബി.ജെ.പിക്കും അനുകൂലമായ കാറ്റുണ്ടായിട്ടും സംസ്ഥാന അധ്യക്ഷനു സ്വന്തം സമുദായത്തിന്റെ വിശ്വാസം ആര്‍ജിക്കാനായില്ലെന്നും കുറ്റപ്പെടുത്തലുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എന്‍.ഡി.എയുടെ വിശ്വസ്ത വോട്ട് ബാങ്ക് ആണ് കുഷ്‌വാഹ സമുദായം. നിതീഷ് കുമാറാണ് സമുദായത്തിനിടയില്‍ കൂടുതല്‍ സ്വാധീനമുള്ള നേതാവ്. ഏതാനും മാസങ്ങള്‍ക്കുമുന്‍പ് ബിഹാറില്‍ പ്രതിപക്ഷ നേതാവും കുഷ്‌വാഹ സമുദായക്കാരനുമായ സാമ്രാട്ട് ചൗധരിയെ പാര്‍ട്ടി അധ്യക്ഷനാക്കുമ്പോള്‍ രണ്ടു ലക്ഷ്യങ്ങളായിരുന്നു ബി.ജെ.പിയുടെ മുന്നിലുണ്ടായിരുന്നത്. നിതീഷ് കുമാറിന്റെ സഹായമില്ലാതെ ഒറ്റയ്ക്ക് ബിഹാറില്‍ കരുത്ത് നേടുകയായിരുന്നു ഒന്നാമത്തേത്. രണ്ടാമത്തേത് കുഷ്‌വാഹ സമുദായത്തിന്റെ വോട്ട് പൂര്‍ണമായും ബി.ജെ.പിയിലെത്തിക്കുകയായിരുന്നു. നിതീഷ് കുമാറിന്റെ ബെല്‍റ്റില്‍നിന്ന് പൂര്‍ണമായും ആ വോട്ട് ബാങ്ക് പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം.

എന്നാല്‍, ഇത്തവണ സുപ്രധാനമായ ചില സീറ്റുകളില്‍ കുഷ്‌വാഹ സമുദായക്കാരായ സ്ഥാനാര്‍ഥികളെ ഇറക്കി ഇന്‍ഡ്യ സഖ്യം ഞെട്ടിപ്പിച്ചു. അവസാനം ഫലം പുറത്തുവന്നപ്പോള്‍ രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് എന്‍.ഡി.എ നില ഭദ്രമാക്കിയെങ്കിലും ബി.ജെ.പിക്ക് തിരിച്ചടിയേറ്റു. കഴിഞ്ഞ തവണ 17 സീറ്റ് ഉണ്ടായിരുന്നത് ഇത്തവണ 12ലേക്കു ചുരുങ്ങി. 2014ലെ 22ല്‍നിന്നാണ് ഈ നിലയിലേക്ക് എത്തിയത്. വോട്ട് വിഹിതത്തിലും ബി.ജെ.പിക്ക് നഷ്ടമുണ്ടായി. 5.5 ശതമാനമാണ് ബി.ജെ.പിയുടെ വോട്ട് വിഹിതത്തിലുണ്ടായ ഇടിവ്.

ആകെ 40 സീറ്റില്‍ ജെ.ഡി.യുവിനും ബി.ജെ.പിക്കും 12 വീതം സീറ്റാണു ലഭിച്ചത്. ജെ.ഡി.യുവിനു നാല് സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടെങ്കിലും ബിഹാറില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിലും നിതീഷ് ഒരു നിര്‍ണായക ഫാക്ടറായുണ്ടായിരുന്നുവെന്നാണു ഫലം വ്യക്തമാക്കുന്നത്. മറ്റ് എന്‍.ഡി.എ സഖ്യകക്ഷികളായ ലോക്ജനശക്തി പാര്‍ട്ടിക്ക്(രാംവിലാസ് പാസ്വാന്‍-എല്‍.ജെ.പി.ആര്‍.വി) അഞ്ചും എച്ച്.എ.എം.എസിന് ഒരു സീറ്റും ലഭിച്ചു.

രണ്ടു തവണ ബിഹാറിലെ ഗയയില്‍നിന്നുള്ള ബി.ജെ.പി എം.പിയാണ് ഹരി മാഞ്ചി. 2009ലും 2014ലുമാണ് ഗയയില്‍നിന്നു വിജയിക്കുന്നത്. 2014ല്‍ ആര്‍.ജെ.ഡിയുടെ രാംജി മാഞ്ചിയെ 1.15 ലക്ഷം വോട്ടിനാണു തോല്‍പിച്ചത്. 2019ല്‍ ജെ.ഡി.യുവിന്റെ വിജയ് മാഞ്ചിയാണു മണ്ഡലത്തില്‍ വിജയിച്ചത്. ഇത്തവണ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച-സെക്യുലറിന്റെ(എച്ച്.എ.എം-എസ്) ജിതന്‍ റാം മാഞ്ചിയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ആര്‍.ജെ.ഡിയുടെ കുമാര്‍ സരവ്ജീതിനെ തോല്‍പിക്കുകയും ചെയ്തു.

Summary: Cracks in Bihar BJP? ex-BJP MP and senior leader Hari Manjhi criticises the Deputy CM and the state party chief Samrat Choudhary

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News