ഭോപ്പാലിൽ പ്രതിമയ്ക്ക് മാലയിടുന്നതിനിടെ ക്രെയിൻ പൊട്ടി; കൗൺസിലർക്കും ബന്ധുവിനും പരിക്ക്
ഒരു നിശ്ചിത ഉയരത്തിലെത്തുമ്പോൾ ക്രെയിൻ ഇനിയും പൊക്കാൻ ഇവർ ഓപ്പറേറ്ററോട് പറയുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം
ന്യൂഡൽഹി: മഹാറാണ പ്രതാപ് സിങിന്റെ ജന്മവാർഷികാഘോഷങ്ങൾക്കിടെ ഭോപ്പാലിൽ ക്രെയിൻ പൊട്ടിവീണ് അപകടം. പ്രതാപ് സിങ്ങിന്റെ പ്രതിമയ്ക്ക് മാലയിടാൻ ശ്രമിക്കവേ ക്രെയിനിലുണ്ടായിരുന്ന കോൺഗ്രസ് കൗൺസിലർ ജിതേന്ദ്ര സിങിനും ബന്ധുവിനും പരിക്കേറ്റു. ക്രെയിൻ പ്രതിമയ്ക്ക് അടുത്തെത്തുമ്പോൾ പൊട്ടിവീഴുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.
എംപി നഗറിൽ ഞായറാഴ്ചയായിരുന്നു സംഭവം. 66ാം വാർഡിലെ കൗൺസിലർ ആണ് ജിതേന്ദ്ര സിങ്. ഇവിടെ ക്ഷത്രിയ സമുദായം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവേ ആയിരുന്നു അപകടം. പ്രതിമയ്ക്ക് മാലചാർത്താൻ മുനിസിപ്പൽ ഓഫീസിലെ ഹൈഡ്രോളിക് ലിഫ്റ്റ് ആണ് സംഘാടകർ ഉപയോഗിച്ചത്.
ക്രെയിൻ 20 അടിയോളം മുകളിലെത്തിയപ്പോൾ പെട്ടെന്ന് പൊട്ടുകയും ക്രെയിനിലുണ്ടായിരുന്ന കൗൺസിലറും മറ്റ് ആളുകളും താഴേക്ക് വീഴുകയുമായിരുന്നു. അപടകത്തിൽ കൗൺസിലറുടെ കാലൊടിഞ്ഞതായാണ് വിവരം. ബന്ധുവിനും സാരമായ പരിക്കുണ്ട്. ഇവരെ ഉടൻ തന്നെ ഇന്ദ്രാപുരിയിലെ ആനന്ദ് ശ്രീ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു നിശ്ചിത ഉയരത്തിലെത്തുമ്പോൾ ഇനിയും പൊക്കാൻ ഇവർ ഓപ്പറേറ്ററോട് പറയുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.
സംഭവം ഭോപ്പാൽ മുനിസിപ്പാലിറ്റിയുടെ വീഴ്ചയാണെന്നാണ് ആരോപണം. മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള എല്ലാ മെഷീനുകളും ഫിറ്റ്‌നസ് ചെക്കിംഗിന് വിധേയമാക്കണം എന്ന് നിയമമുണ്ടെങ്കിലും ഇത് പാലിച്ചില്ലെന്ന് കൗൺസിലർ ആരോപിക്കുന്നു. സംഭവത്തിൽ കർശന നടപടിയുണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.