മോഡൽ ടാനിയ സിങ്ങിന്റെ മരണം; ഇന്ത്യൻ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാൻ പൊലീസ്
അഭിഷേകും ടാനിയയും അടുപ്പത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്
സൂറത്ത്: 28കാരിയായ മോഡൽ ടാനിയ സിങ് ജീവനൊടുക്കിയ സംഭവത്തിൽ ഐപിഎൽ താരത്തെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് ഗുജറാത്ത് പൊലീസ്. സൺറൈസേഴ്‌സ് ഹൈദരാബാദ് ബാറ്റർ അഭിഷേക് ശർമ്മയ്ക്കാണ് പൊലീസ് സമൻസയച്ചത്.
സൂറത്ത് വെസു റോഡിലെ ഹാപ്പി എലഗൻസ് അപ്പാർട്‌മെന്റിലായിരുന്നു ടാനിയ താമസിച്ചിരുന്നത്. രണ്ടര വർഷമായി ഫാഷൻ ലോകത്തുള്ള ഇവരെ ചൊവ്വാഴ്ചയാണ് ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആത്മഹത്യയിൽ അന്വേഷണം തുടങ്ങിയത്.
അഭിഷേകും ടാനിയയും അടുപ്പത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്. മരണത്തിന് മുമ്പ് ടാനിയ അവസാനമായി ബന്ധപ്പെട്ടത് അഭിഷേകിന്റെ മൊബൈലിലേക്കായിരുന്നു. എന്നാൽ മെസ്സേജിന് ഇയാൾ മറുപടി നൽകിയിട്ടില്ല.
അമൃത്സറിൽനിന്നുള്ള താരമായ അഭിഷേക് ഇന്ത്യയുടെ അണ്ടർ 19 ടീമിലുമുണ്ടായിരുന്നു. 2023 ഐപിഎല്ലിൽ 11 മത്സരങ്ങളിൽനിന്ന് 226 റൺസാണ് താരം നേടിയത്. 2022 ഐപിഎല്ലിൽ 426 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയിരുന്നത്.