​ഗുജറാത്തിൽ ​ഭൂമി കൈയേറിയെന്ന്; യൂസുഫ് പഠാന് നോട്ടീസയച്ച് ബിജെപി ഭരണകൂടം

മുനിസിപ്പൽ കോർപ്പറേഷൻ വക ഭൂമി കൈയേറിയെന്നാണ് ആരോപണം.

Update: 2024-06-14 04:55 GMT
Advertising

അഹമ്മദാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺ​ഗ്രസ് എം.പിയുമായ യൂസുഫ് പഠാന് ഭൂമി കൈയേറ്റമാരോപിച്ച് നോട്ടീസ് അയച്ച് ​ഗുജറാത്തിലെ ബിജെപി ഭരണകൂടം. ബിജെപി ഭരിക്കുന്ന വഡോദര മുനിസിപ്പൽ കോർപ്പറേഷൻ (വിഎംസി) ആണ് നോട്ടീസ് അയച്ചത്. മുനിസിപ്പൽ കോർപ്പറേഷൻ വക ഭൂമി കൈയേറിയെന്നാണ് ആരോപണം.

ജൂൺ ആറിന് പഠാന് നോട്ടീസ് നൽകിയ വിവരം വ്യാഴാഴ്ചയാണ് വിഎംസി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശീതൾ മിസ്ത്രി മാധ്യമങ്ങളെ അറിയിച്ചത്. 2012ൽ പഠാന് ഭൂമി വിൽക്കാനുള്ള വിഎംസിയുടെ നിർദേശം സംസ്ഥാന സർക്കാർ നിരസിച്ചെങ്കിലും എം.പി കോമ്പൗണ്ട് മതിൽ നിർമിച്ച് സ്ഥലം കൈയേറിയെന്ന് മുൻ ബിജെപി കോർപ്പറേറ്റർ വിജയ് പവാർ ആരോപിക്കുന്നു.

'യൂസുഫ് പഠാനോട് എനിക്ക് വിരോധമൊന്നുമില്ല. തനദാൽജ ഏരിയയിലെ ഒരു സ്ഥലം വിഎംസിയുടെ ഉടമസ്ഥതയിലുള്ള റെസിഡൻഷ്യൽ പ്ലോട്ടാണ്. 2012ൽ പഠാൻ ഈ പ്ലോട്ട് വാങ്ങാൻ വിഎംസിയുമായി ബന്ധപ്പെട്ടിരുന്നു. അക്കാലത്ത് നിർമാണത്തിലിരുന്ന അദ്ദേഹത്തിൻ്റെ വീട് ആ പ്ലോട്ടിനോട് ചേർന്നായിരുന്നു. ഒരു ചതുരശ്ര മീറ്ററിന് ഏകദേശം 57,000 രൂപയായിരുന്നു പഠാൻ വാഗ്ദാനം ചെയ്ത്'- പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'ആവശ്യം വിഎംസി അം​ഗീകരിക്കുകയും ജനറൽ ബോഡി യോ​ഗത്തിൽ പാസാക്കുകയും ചെയ്തിരുന്നു. എന്നാൽ അന്തിമ തീരുമാനമെടുക്കാൻ അധികാരമുള്ള സംസ്ഥാന സർക്കാർ അത് അം​ഗീകരിച്ചില്ല'- പവാർ പറഞ്ഞു.

'ആവശ്യം സർക്കാർ നിരസിച്ചെങ്കിലും വിഎംസി പ്ലോട്ടിന് ചുറ്റും വേലി കെട്ടിയില്ല. എന്നാൽ പഠാൻ പ്ലോട്ടിന് ചുറ്റും കോമ്പൗണ്ട് ഭിത്തി നിർമിച്ച് കൈയേറുകയായിരുന്നു. അതിനാൽ, വിഷയത്തിൽ അന്വേഷണം നടത്താൻ ഞാൻ മുനിസിപ്പൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടു'- പവാർ കൂട്ടിച്ചേർത്തു.

പത്താന് 978 ചതുരശ്ര മീറ്റർ പ്ലോട്ട് വിൽക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകാതിരുന്ന കാര്യം സ്ഥിരീകരിച്ച മിസ്ത്രി, കൈയേറ്റം ആരോപിച്ച് പഠാന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പറഞ്ഞു.

'അടുത്തിടെ, അദ്ദേഹം ഒരു കോമ്പൗണ്ട് മതിൽ നിർമിക്കുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചു. ഈ സാഹചര്യത്തിൽ ജൂൺ ആറിന് ഞങ്ങൾ പഠാന് നോട്ടീസ് അയയ്ക്കുകയും എല്ലാ കൈയേറ്റങ്ങളും നീക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഞങ്ങൾ രണ്ടാഴ്ച കാത്തിരിക്കും. അതിനു ശേഷം തുടർ നടപടികൾ തീരുമാനിക്കും. ഈ ഭൂമി വിഎംസിയുടേതാണ്. ഞങ്ങൾ അത് തിരിച്ചെടുക്കും'- മിസ്ത്രി വ്യക്തമാക്കി. പശ്ചിമബം​ഗാളിലെ ബഹാറംപൂരിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എം.പിയാണ് നിലവിൽ യൂസഫ് പഠാൻ.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News