'പശു-എരുമ വ്യത്യാസം അറിയില്ല, ജുനൈദ്, അഖ്‌ലാഖ് തുടങ്ങിയ പേരുള്ളവരെ തെരഞ്ഞുപിടിച്ച് കൊല്ലാനറിയാം'
മോഹൻ ഭാഗവതിന് മറുപടിയുമായി അസദുദ്ദീൻ ഉവൈസി
ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവതിനെതിരെ ആഞ്ഞടിച്ച് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസി. മുസ്‍ലിംകളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും കൂട്ടക്കൊലയിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് പങ്കില്ലെന്ന് അവകാശപ്പെട്ട മോഹൻ ഭാഗവതിന് മറുപടി നല്‍കുകയായിരുന്നു ഉവൈസി. ഇന്ത്യയില്‍ ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ആളുകള്‍ ഹിന്ദുത്വത്തിനെതിരാണെന്ന് ഭാഗവത് ഇന്നലെ മുസ്‍ലിം രാഷ്ട്രീയ മഞ്ച് പരിപാടിയിൽ പറഞ്ഞിരുന്നു.
'പശുക്കളും എരുമകളും തമ്മിലുള്ള വ്യത്യാസം അറിയാത്ത, എന്നാൽ ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ള ആളുകളെ പേരിന്റെ അടിസ്ഥാനത്തില്‍ കൊല്ലാൻ അറിയാവുന്ന കുറ്റവാളികളെ' പറ്റിയാണ് ഭാവവത് നിസ്സാരവത്കരിച്ച് പറയുന്നതെന്ന് ഉവൈസി കുറ്റപ്പെടുത്തി. ഹിന്ദുത്വ സർക്കാർ ഈ കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഉവൈസി ആരോപിച്ചു.
"ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തിയവർ ഹിന്ദുത്വ വിരുദ്ധരാണെന്ന് ഭഗവത് പറഞ്ഞു. ഈ കുറ്റവാളികൾക്ക് പശുവും എരുമയും തമ്മിലുള്ള വ്യത്യാസം അറിയില്ല. പക്ഷേ ജുനൈദ്, അഖ്‌ലാഖ്, പെഹ്‍ലുഖാന്‍, റക്ബർ, അലിമുദ്ദീൻ എന്നിങ്ങനെ പേരുള്ളവരെ തെരഞ്ഞ് പിടിച്ച് കൊല്ലാനറിയാം." അസദുദ്ദീൻ ഉവൈസി ട്വീറ്റ് ചെയ്തു.
2015ൽ മുഹമ്മദ് അഖ്‍ലാഖിനെ ക്രൂരമായി കൊലപ്പെടുത്തിയത്, 2017ലെ പെഹ്‍ലുഖാനെതിരായ ആക്രമണം, 2018ലെ അലിമുദ്ദീന്റെ കൊലപാതകം തുടങ്ങി ഗോരക്ഷകര്‍ നടത്തിയ ഭീകരമായ സംഭവങ്ങൾ എന്നിവയൊക്കെ അസദുദ്ദീൻ ഉവൈസി പരാമര്‍ശിച്ചു. അലിമുദ്ദീന്റെ കൊലയാളികളെ കേന്ദ്രമന്ത്രി മാലയണിയിക്കുന്നു, അഖ്‌ലാഖിന്റെ കൊലയാളികളെ ത്രിവര്‍ണ പതാക പുതപ്പിക്കുന്നു, ആസിഫിന്റെ കൊലയാളികളെ പിന്തുണച്ച് മഹാപഞ്ചായത്ത് വിളിച്ചുചേർക്കുന്നു- ഈ കുറ്റവാളികൾക്ക് ഭരിക്കുന്ന സർക്കാരിന്റെ പിന്തുണയുണ്ടെന്ന് ഉവൈസി പറഞ്ഞു.
ഭാഗവത് പറഞ്ഞത്..
മതം ഏതായാലും ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഡി.എന്‍.എ ഒന്നാണെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ആള്‍ക്കൂട്ട ആക്രമണത്തിന് നേതൃത്വം നല്‍കുന്നവര്‍ ഹിന്ദുത്വക്ക് എതിരെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഐക്യത്തിന്റെ അടിസ്ഥാനം ദേശീയതയായിരിക്കണം. ഐക്യമില്ലാതെ രാജ്യത്ത് വികസനം കൊണ്ടുവരാനാകില്ല. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അവിടെ ഹിന്ദുവിനോ മുസ്‍ലിമിനോ മേധാവിത്വം നേടാനാകില്ലെന്നും ഇന്ത്യക്കാരനാണ് മേധാവിത്വമെന്നും അദ്ദേഹം വ്യക്തമാക്കി. മതങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തിനാണ് ശ്രമിക്കേണ്ടത്. ആരാധനയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കാനാവില്ല. ഇന്ത്യയില്‍ ഇസ്‍ലാം അപകടത്തിലാണ് എന്ന പ്രചാരണ കെണിയില്‍ ആരും വീഴരുതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.