'മോദിയുടെ പ്രതിരൂപവും ശൈലിയും'; കാനം രാജേന്ദ്രനെതിരെ സി.പി.ഐ യോഗത്തിൽ രൂക്ഷവിമർശനം

പത്തനംതിട്ട ജില്ലയിൽ സി.പി.ഐ നേതാക്കൾക്കിടയിലെ വിഭാഗീയത രൂക്ഷമായതിന് പിന്നാലെയാണ് എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസ്ഥാന സെക്രട്ടറിക്കെതിരെ വിമർശനം ഉയർന്നത്

Update: 2023-03-07 07:50 GMT
Editor : Lissy P | By : Web Desk
Advertising

പത്തനംതിട്ട: സി.പി.ഐ പത്തനംതിട്ട ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രൂക്ഷ വിമർശനം. നരേന്ദ്ര മോദിയുടെ പ്രതിരൂപമാണ് കാനമെന്നും മോദിയുടെ ശൈലിയാണ് സംസ്ഥാന സെക്രട്ടറി പിന്തുടരുന്നതെന്നും യോഗത്തിൽ വിമർശനം ഉയർന്നു. ജില്ലാ സെക്രട്ടറി എ.പി ജയനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു.

പത്തനംതിട്ട ജില്ലയിൽ സി.പി.ഐ നേതാക്കൾക്കിടയിലെ വിഭാഗീയത രൂക്ഷമായതിന് പിന്നാലെയാണ് എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസ്ഥാന സെക്രട്ടറിക്കെതിരെ വിമർശനം ഉയർന്നത്. നരേന്ദ്രമോദിയുടെ ശൈലി പിന്തുടരുന്ന സംസ്ഥാന സെക്രട്ടറിക്ക് മോദിയുടെ പ്രതിരൂപമാണെന്ന് ഇസ്മായിൽ പക്ഷത്തുള്ള നേതാവ് യോഗത്തിൽ തുറന്നടിച്ചു. പ്രതിപക്ഷ എം.പിമാർക്ക് പ്രധാനമന്ത്രിയിൽ നിന്നുണ്ടാകുന്ന അനുഭവമാണ് കാനത്തെ കാണുമ്പോൾ ജില്ലയിലെ നേതാക്കൾക്ക് ലഭിക്കുന്നത്. ഇക്കാര്യത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ പാർട്ടി എന്ന നിലയിൽ മുന്നോട്ട് പോകാനാവില്ലെന്നും വിമർശനം ഉന്നയിച്ച സംസ്ഥാന കൗൺസിലംഗം പറഞ്ഞു.

ജില്ലാ സെക്രട്ടറി എ.പി ജയനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ ചില നേതാക്കൾ നേരത്തെ കാനത്തെ കണ്ട് സംസാരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതിന് അവസരം നൽകാതെ ജയനെതിരെ വിശദമായ അന്വേഷണം നടത്താൻ പാർട്ടി തീരുമാനിച്ചത് ചൂണ്ടിക്കാട്ടിയാണ് ഇന്നലെ നടന്ന യോഗത്തിൽ തർക്കമുണ്ടായത് . സംസ്ഥാന സെക്രട്ടറിക്കെതിരെ വിമർശനങ്ങളുയർന്നതോടെ യോഗത്തിൽ പങ്കെടുത്ത കാനം അനുകൂലികളും എതിർപ്പക്ഷത്തുള്ളവർക്കെതിരെ പ്രതികരിച്ചു.

പാർട്ടി അന്വേഷണ കമ്മീഷന്റെ സംഭാഷണം ചോർത്തിയതിന് പിന്നില് ജില്ലാ സെക്രട്ടറിക്ക് പങ്കുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കണമെന്നും കാനം അനുകൂലികൾ ആവശ്യപ്പെട്ടു. എന്നാൽ ചർച്ചകൾ തർക്കത്തിലേക്ക് വഴിമാറിയപ്പോൾ മുതിർന്ന നേതാവ് മുല്ലക്കര രത്‌നാകരനിടപ്പെട്ട് ഇരുവിഭാഗത്തെയും ശാന്തരാക്കിയാണ് യോഗം അവസാനിപ്പിച്ചത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News