'തൊട്ടുകൂടായ്മ പാശ്ചാത്യ നിർമിതിയല്ല, ഇന്ത്യൻ കണ്ടുപിടിത്തം'; നിതാ അംബാനിയുടെ വീഡിയോ പങ്കുവെച്ച് വിമർശനം
നിതാ അംബാനി ഭിന്നശേഷിയുള്ള പെൺകുട്ടിയുമായി കുശാലാന്വേഷണം നടത്തുന്നതും പെൺകുട്ടി കൈ കൊടുക്കുമ്പോൾ വൈമനസ്യം കാണിക്കുന്നതുമാണ് വീഡിയോയിലുള്ളത്
മുംബൈ: മൈക്രോസോഫ്റ്റിന്റെ മുൻ സിഇഒ ബിൽ ഗേറ്റ്‌സ് ഡോളി ചായ് വാലയുടെ ചായ കുടിക്കാനെത്തിയത് ഈയിടെ വൈറലായ വീഡിയോയാണ്. ചായയുണ്ടാക്കുന്ന ശൈലി കൊണ്ടും വേഷവിധാനം കൊണ്ടും സമൂഹ മാധ്യമങ്ങളിൽ നേരത്തെ വൈറലാണ് നാഗ്പൂരിൽ നിന്നുള്ള ഡോളി ചായ്‌വാല. ഇപ്പോൾ ബിൽ ഗേറ്റ്‌സ് വന്ന് ചായ കുടിച്ചതിലൂടെ വീണ്ടും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ് ഈ വൈറൽ ചായക്കടക്കാരൻ. 'വൺ ചായ് പ്ലീസ്' എന്ന ബിൽ ഗേറ്റ്‌സിന്റെ വാക്കിലൂടെ തുടങ്ങുന്ന വീഡിയോ ഇപ്പോൾ വൈറലാണ്. പോസ്റ്റ് ചെയ്ത് മൂന്നു ദിവസത്തിനകം 82.6 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. 'ഇന്ത്യയിൽ നിങ്ങൾ തിരിയുന്നിടത്തെല്ലാം പുതുമകൾ കണ്ടെത്താനാകും-ഒരു കപ്പ് ചായ തയ്യാറാക്കുന്നതിൽ പോലും' എന്ന കുറിപ്പോടെയാണ് ബിൽ ഗേറ്റ്‌സ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.
എന്നാൽ ഈ വീഡിയോയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണും മുകേഷ് അംബാനിയുടെ ഭാര്യയുമായ നിതാ അംബാനിയുടെ മറ്റൊരു വീഡിയോയും ചേർത്ത് വെച്ച് ഒരു വിമർശനമുയർന്നിരിക്കുകയാണ്. നിതാ അംബാനി ഭിന്നശേഷിയുള്ള ഒരു പെൺകുട്ടിയുമായി കുശാലാന്വേഷണം നടത്തുന്നതും പെൺകുട്ടി കൈ കൊടുക്കുമ്പോൾ വൈമനസ്യം കാണിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഇതിനെതിരെ ദി ദലിത് വോയ്‌സാണ് രംഗത്ത് വന്നത്. 'തൊട്ടുകൂടായ്മയും ജാതീയതയും പാശ്ചാത്യ നിർമിതിയല്ല, അത് ഇന്ത്യയുടെ തന്നെ കണ്ടുപിടുത്തമാണ്' എന്ന കുറിപ്പോടെ എക്‌സിലാണ് പ്രതികരണം. ഇരുവീഡിയോകളും അവർ കുറിപ്പിനൊപ്പം പങ്കുവെച്ചു. നിതാ അംബാനിയുടെ പബ്ലിക് റിലേഷൻ പാളിപ്പോയെന്നും വീഡിയോ പങ്കുവെച്ച് പലരും കുറിച്ചിരുന്നു.
അതേസമയം, മകൻ ആനന്ദ് അംബാനിയുടെ വിവാഹാഘോഷത്തിൽ അതിഥികൾക്ക് ഭക്ഷണം വിളമ്പുന്ന മുകേഷ് അംബാനിയുടെ വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വിനയത്തെ പുകഴ്ത്തിയാണ് പലതും പ്രചരിക്കുന്നത്.