ചന്ദ്രയാൻ ലാൻഡറിൽ കാവിക്കൊടി നാട്ടി ടിവി ഷോ; സുരേഷ് ചാവങ്കെക്കെതിരെ നടപടിയില്ലെന്ന് വിമർശനം

ചന്ദ്രയാൻ മൂന്നിന്റെ ലാൻഡറിനെതിരെ മുസ്‌ലിം വേഷധാരികൾ കല്ലെറിയുന്ന കാർട്ടൂണും സുരേഷ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു

Update: 2023-08-25 16:16 GMT
Advertising

ചന്ദ്രയാൻ മൂന്നിലെ വിക്രം ലാൻഡറിൽ കാവിക്കൊടി നാട്ടി ടിവി ഷോ നടത്തിയ സുദർശൻ ചാനലിന്റെ എഡിറ്റർ ഇൻ ചീഫും മുസ്‌ലിം വിദ്വേഷ പ്രചാരണത്തിന് കുപ്രസിദ്ധനുമായ സുരേഷ് ചാവങ്കെക്കെതിരെ നടപടിയില്ലെന്ന് വിമർശനം. ചന്ദ്രനിൽ ആർക്കാണ് അവകാശമെന്ന ചോദ്യവുമായി മുസ്‌ലിം -ക്രിസ്ത്യൻ - ഹിന്ദു പണ്ഡിതർക്കൊപ്പം സംവാദമെന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് സുരേഷ് ചാവങ്കെ ലാൻഡറിൽ കാവിക്കൊടി നാട്ടി അവതരിപ്പിച്ചത്. ഏത് മതഗ്രന്ഥത്തിലാണ് ചന്ദ്രന്റെ കൃത്യവും ശാസ്ത്രീയവുമായ വിവരണമുള്ളതെന്നും 'ബിൻദാസ് ബോൽ' എന്ന പേരിലുള്ള പരിപാടിയിൽ ചർച്ച ചെയ്യുമെന്നും സുരേഷ് ട്വിറ്ററിൽ (എക്‌സ്) കുറിച്ചു. സുരേഷിന് തന്റെ സ്റ്റുഡിയോയിൽ എന്തും ചെയ്യാമെന്നും ഒരു നിയമനടപടിയുമുണ്ടാകില്ലെന്നും മാധ്യമപ്രവർത്തകനായ ആസിഫ് ഖാൻ ട്വീറ്റ് ചെയ്തു.

ചന്ദ്രയാൻ മൂന്നിന്റെ ലാൻഡറിനെതിരെ മുസ്‌ലിം വേഷധാരികൾ കല്ലെറിയുന്ന കാർട്ടൂണും സുരേഷ് നേരത്തെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. 'ചാന്ദ് കി സമീൻ വഖഫ് കി മിൽകിയത് ഹെ' അഥവാ ചന്ദ്രനിലെ ഭൂമി വഖഫ് സ്വത്താണെന്ന ബോർഡ് വെച്ചുള്ളതായിരുന്നു കാർട്ടൂൺ. വഖഫ് ബോർഡിനെ പരിഹസിക്കുന്നതായിരുന്നിത്.

നേരത്തെ 'ജിഹാദികൾക്കെതിരെ യുദ്ധം' ചെയ്യുന്നതിന് മോനു മനേസറിനും ബിട്ടു ബജ്റംഗിക്കും സുരേഷിന്റെ സുദർശൻ ടിവി അവാർഡ് നൽകിയിരുന്നു. പശു സംരക്ഷണത്തിന്റെ പേരിൽ അതിക്രമങ്ങൾ നടത്തുന്ന മോനുവിനെയും ബിട്ടുവിനെയും ശനിയാഴ്ചയാണ് ചാനൽ ആദരിച്ചത്. ഹരിയാനയിൽ നടന്ന സാമുദായിക സംഘർഷത്തിൽ കുറ്റക്കാരാണ് ഇരുവരും.

കുപ്രസിദ്ധരായ ഇവർക്ക് അവാർഡ് നൽകുന്ന വീഡിയോ ട്വിറ്ററിൽ (എക്സ്) പ്രചരിച്ചിരുന്നു. 'ജിഹാദികൾക്കെതിരെയുള്ള പോരാട്ടത്തിൽ നൽകിയ സംഭാവനകളുടെ' പേരിൽ ബജ്റംഗിക്കും മനേസറിനും അവാർഡ് നൽകുന്നതായാണ് വീഡിയോയിൽ അവതാരക പറയുന്നത്. സുരേഷ് ചാവങ്കെ പ്രകോപന പ്രസ്താവനകൾക്ക് കുപ്രസിദ്ധനാണ്. അധോലോക നായകൻ ദാവൂദ് ഇബ്രാഹീമിനേക്കാൾ കൂടുതൽ കുറ്റപത്രങ്ങൾ തന്റെ പേരിലുണ്ടെന്ന് ചാവങ്കെ ജൂണിൽ അവകാശപ്പെട്ടിരുന്നു. 'ഇത് എനിക്കെതിരെയുള്ള 1827ാമത് എഫ്ഐആറാണ്. ഹിന്ദുക്കളുടെ ശബ്ദം ഉയർത്തുന്നതിന്റെ പേരിൽ 18,000 വട്ടം ഞാൻ കുറ്റവാളിയായാലും ഞാനത് തുടരും' സുരേഷ് ചാവങ്കെ അന്ന് പറഞ്ഞു.

സുദർശൻ ടിവിയിലെ മുകേഷ് കുമാറിനെ നൂഹ് സംഘർഷവുമായി ബന്ധപ്പെട്ട് അറ്‌സ്റ്റ് ചെയ്തിരുന്നു. നൂഹ് സംഘർഷത്തിൽ വിദേശ മാധ്യമത്തിന്റെ സ്വാധീനത്താൽ ഹിന്ദുത്വവാദിയെ അറസ്റ്റ് ചെയ്തുവെന്ന് പോസ്റ്റ് ചെയ്തതിനാണ് ഗുരുഗ്രാം പൊലീസ് സൈബർ ക്രൈം യൂണിറ്റ് ഇയാളെ പിടികൂടിയത്.

Criticism of no action against Suresh Chavanke for creating saffron flag on Chandrayaan lander

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News