മോദിയെയും അദ്വാനിയെയും വിമർശിച്ചു; മാധ്യമപ്രവർത്തകന് നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം

മാധ്യമപ്രവർത്തകൻ നിഖിൽ വാഗ്ലെക്കെതിരെ കഴിഞ്ഞദിവസം പൂനെ പൊലീസ് കേസെടുത്തിരുന്നു

Update: 2024-02-10 07:57 GMT
Advertising

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി, എൽ.കെ. അദ്വാനി എന്നിവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിൽ മാധ്യമപ്രവർത്തകന് നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം. പൂനെ സ്വദേശിയായ നിഖിൽ വാഗ്ലെക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്.

രാഷ്ട്ര സേവാദൾ സംഘടിപ്പിച്ച നിർഭയ് ബാനോ റാലി​യിൽ പ​ങ്കെടുക്കാൻ കാറിൽ പോകവെയായിരുന്നു ആക്രമണം. കാറിന് നേരെ മഷി എറിയുകയും ചില്ലുകൾ തകർക്കുകയും ചെയ്തു.

മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകിയതിന് പിന്നാലെയാണ് വാഗ്ലെ സാമൂഹിക മാധ്യമമായ എക്‌സിൽ ഇതിനെതിരെ വിമർശനവുമായി രംഗത്തുവന്നത്. ‘അദ്വാനിക്കുള്ള ഭാരതരത്‌ന എന്നാൽ ഒരു കലാപകാരി മറ്റൊരു കലാപകാരിക്ക് നൽകുന്ന അഭിനന്ദനം’ എന്നായിരുന്നു അദ്ദേഹം എക്സിൽ കുറിച്ചത്.

തുടർന്ന് ബി.ജെ.പി നേതാവ് സുനിൽ ദിയോധറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിനെതിരെ പൂനെയിൽ കേസ് രജിസ്റ്റർ ചെയ്തു. അപകീർത്തിപ്പെടുത്തൽ, ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയത്.

നിഖിൽ വാഗ്ലെക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിപക്ഷം ബി.ജെ.പിക്കെതിരെ വിമർശനവുമായി രംഗത്തുവന്നു. എൻ.സി.പി ശരദ്ചന്ദ്ര പവാർ വിഭാഗം എം.പി സുപ്രിയ സുലെ സംഭവത്തെ അപലപിച്ചു. കലാപത്തിനുള്ള ലൈസൻസ് ആരാണ് ഇവർക്ക് നൽകിയതെന്ന് അവർ ചോദിച്ചു. ‘മുതിർന്ന മാധ്യമപ്രവർത്തകൻ നിഖിൽ വാഗ്ലെയെ ബി.ജെ.പി പ്രവർത്തകർ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തു. റോഡിലൂടെ പോകുന്ന ചില പെൺകുട്ടികൾക്ക് ഈ ക്രൂരമായ സംഭവത്തിൽ പരിക്കേറ്റു. സംഭവം നടക്കുമ്പോൾ പൊലീസ് നോക്കിനിൽക്കുകയായിരുന്നു’-സുലെ എക്‌സിൽ പോസ്റ്റ് ചെയ്തു.

‘അക്രമത്തിനെതിരെ നടപടിയെടുക്കരുതെന്ന് ആരെങ്കിലും പൊലീസിനോട് ഉത്തരവിട്ടോ? ഇത്തരത്തിൽ പരസ്യമായി കലാപമുണ്ടാക്കാൻ ബി.ജെ.പിക്ക് ആരാണ് ലൈസൻസ് നൽകിയത്? ഈ രാജ്യത്ത് ആശയങ്ങളെ ആശയങ്ങൾ കൊണ്ട് എതിർക്കുന്ന ഒരു പാരമ്പര്യമുണ്ട്. ഈ പാരമ്പര്യം തകർത്ത് ഗുണ്ടകളുടെ രാഷ്ട്രമെന്ന സ്വത്വം സൃഷ്ടിക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നുണ്ടോ? ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നു’ -അവർ എഴുതി.

മഹാ വികാസ് അഘാഡിയിലെ നിരവധി വനിതാ പ്രവർത്തകരെ ബി.ജെ.പി ഗുണ്ടകൾ മർദിച്ചതായി ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്തും കുറ്റപ്പെടുത്തി. നിരവധി വനിതാ പ്രവർത്തകരെ ബി.ജെ.പി ഗുണ്ടകൾ മർദിച്ചു. മുട്ടയും കല്ലും ഇഷ്ടികയും എറിഞ്ഞു. പൂനെ പൊലീസ് കാഴ്ചക്കാരായി നിന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിയമം കൈയിലെടുക്കുന്നത് ബി.ജെ.പി പ്രവർത്തകനാണെങ്കിൽ പോലും പൊലീസ് നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. എന്നാൽ, മുതിർന്ന നേതാക്കൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം ഭീരുത്വമാർന്ന ആക്രമണങ്ങളെ ഭയക്കാനുള്ള സംസ്കാരം നമുക്കില്ലെന്ന് സംഭവശേഷം നിഖിൽ വാഗ്ലെ എക്സിൽ കുറിച്ചു. ഫാഷിസത്തെ പരാജയപ്പെടുത്താൻ ഞങ്ങൾ മഹാരാഷ്ട്ര കീഴടക്കും. ഈ രാജ്യം ഒരു ഹിന്ദു പാകിസ്ഥാനായി മാറാതിരിക്കാൻ എന്റെ ജീവൻ വീണ്ടും പണയപ്പെടുത്തുമെന്ന് ഞാൻ ഇവിടെ പറയുന്നു’ -വാഗ്ലെ കുറിച്ചു.



Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News