സിആർപിഎഫ് പുറത്ത്; പാർലമെന്റിന്റെ സുരക്ഷാ ചുമതലയേറ്റെടുത്ത് സിഐഎസ്എഫ്

2023 ഡിസംബറിലെ പാർലമെന്റ് സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

Update: 2024-05-21 09:39 GMT
Advertising

ന്യൂഡൽഹി: പാർലമെന്റിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്ത് സെൻട്രൽ ഇൻഡസ്ട്രി സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്). സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സിആർപിഎഫ്) നിന്നും ചുമതല എടുത്തുമാറ്റിയാണ് സിഐഎസ്എഫിന് നൽകിയിരിക്കുന്നത്. 2013 മുതൽ പാർലമെൻ്റ് മന്ദിരത്തിന് കാവൽ നിൽക്കുന്ന 1,400 ജവാൻമാരെയാണ് പിൻവലിച്ചത്.

സിആർപിഎഫിൽ നിന്നും ചുമതല എടുത്തുമാറ്റി സിഐഎസ്എഫ് നൽകുക മാത്രമല്ല, സുരക്ഷാ സേനയുടെ അം​ഗശക്തി വർധിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ചയായിരുന്നു സിആർപിഎഫ് സുരക്ഷാ സേനയുടെ അവസാന ദിനം. 2023 ഡിസംബറിലെ പാർലമെന്റ് സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സിആർപിഎഫിൽ നിന്ന് ചുമതല ഏറ്റെടുക്കാൻ സിഐഎസ്എഫിനോട് കേന്ദ്ര സർക്കാർ നിർദേശിക്കുകയായിരുന്നു.

മെയ് 20 മുതൽ 3,300ലധികം സിഐഎസ്എഫ് ഉദ്യോഗസ്ഥർ തീവ്രവാദ വിരുദ്ധ- അട്ടിമറി വിരുദ്ധ സുരക്ഷാ ചുമതലകളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തു. സിആർപിഎഫിൻ്റെ പാർലമെൻ്റ് ഡ്യൂട്ടി ഗ്രൂപ്പ് (പിഡിജി) വാഹനങ്ങൾ, ആയുധങ്ങൾ എന്നിവയുൾപ്പെടെ എല്ലാ ഉപകരണങ്ങളും സമുച്ചയത്തിൽ നിന്ന് നീക്കം ചെയ്യുന്ന പ്രക്രിയ വെള്ളിയാഴ്ച പൂർത്തിയാക്കി.

പിഡിജിയുടെ കമാൻഡറും ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനും സമുച്ചയത്തിനുള്ളിലെ എല്ലാ സുരക്ഷാ ചുമതലകളും സിഐഎസ്എഫ് സംഘത്തിന് കൈമാറി. പഴയതും പുതിയതുമായ പാർലമെൻ്റ് സമുച്ചയങ്ങളും അനുബന്ധ സ്ഥാപനങ്ങളും സുരക്ഷിതമാക്കാൻ മൊത്തം 3,317 സിഐഎസ്എഫ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

2022 ഡിസംബർ 13നായിരുന്നു പാർലമെന്റിലെ സുരക്ഷാ വീഴ്ച. പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്‌സഭയുടെ സന്ദർശക ഗാലറിയിൽ നിന്ന് രണ്ട് യുവാക്കൾ ലോക്‌സഭാ ചേംബറിലേക്ക് ചാടിയിറങ്ങുകയും അതിലൊരാൾ അംഗങ്ങളുടെ ഇരിപ്പിടത്തിനു മുകളിലൂടെ സ്പീക്കറുടെ ഇരിപ്പിടത്തിനരികിലേക്ക് കുതിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് 1.01ന് ശൂന്യവേള തുടരുന്നതിനിടെ മുദ്രാവാക്യം വിളികളോടെ ലോക്‌സഭാ ചേംബറിൽ കടന്നു കയറിയ യുവാക്കൾ ഷൂവിനുള്ളിൽ ഒളിപ്പിച്ചിരുന്ന ഗ്യാസ് കനിസ്റ്റർ പുറത്തെടുത്ത് മഞ്ഞനിറത്തിലുള്ള പുക ഉയർത്തിയതോടെ കടുത്ത പരിഭ്രാന്തിയായി. പുകയ്ക്കു പിന്നാലെ ഗന്ധവും പരന്നു. ‘താനാഷായി നഹി ചലേഗി (ഏകാധിപത്യം അനുവദിക്കില്ല), ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക, ഭാരത് മാതാ കീ ജയ്, ജയ് ഭീം, ജയ് ഭാരത്’ എന്നീ മുദ്രാവാക്യങ്ങൾ ഇവർ മുഴക്കി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പാർലമെന്റ് കൂടാതെ, ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളിലും ആഭ്യന്തര- ധനകാര്യ മന്ത്രാലയങ്ങളുടേത് ഉൾപ്പെടെയുള്ള കെട്ടിടങ്ങളിലും സിഐഎസ്എഫിനെ വിന്യസിച്ചിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News