മാന്‍ദൗസ് തീവ്ര ചുഴലിക്കാറ്റായി; തമിഴ്നാട് ജാഗ്രതയില്‍,സ്കൂളുകള്‍ക്ക് അവധി

ഇന്ന് അര്‍ധ രാത്രിയോടെ മാൻദൗസ് കര തൊടും എന്നാണ് കണക്കാക്കുന്നത്

Update: 2022-12-09 04:13 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചെന്നൈ: തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച മാൻദൗസ് ഇന്ന് തീരം തൊടും. തമിഴ്‌നാട്-ആന്ധ്രാ തീരത്ത് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയിലായി മഹാബലിപുരത്തിന് സമീപം കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഇന്ന് അര്‍ധ രാത്രിയോടെ മാൻദൗസ് കര തൊടും എന്നാണ് കണക്കാക്കുന്നത്.

കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ,തിരുവള്ളൂർ, ചെങ്കൽപട്ട്, വെല്ലൂർ, റാണിപ്പേട്ട, കാഞ്ചീപുരം തുടങ്ങി 12 ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.ഇന്നലെ രാത്രി മുതൽ തമിഴ്നാടിന്‍റെ വടക്കൻ മേഖലയിൽ നേരിയ തോതിൽ മഴ പെയ്യുകയാണ്.പുലർച്ചെ 5.30 വരെ 52.5 മില്ലിമീറ്റർ മഴയാണ് ചെന്നൈയിൽ പെയ്തത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ പാർക്കുകളും കളിസ്ഥലങ്ങളും അടച്ചിടാൻ ചെന്നൈ സിവിക് ബോഡി ഉത്തരവിട്ടു.ഇന്ന് ബീച്ചുകൾ സന്ദർശിക്കരുതെന്നും മരങ്ങൾക്ക് താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.ബീച്ചുകളിലെ എല്ലാ കടകളും അടച്ചു.ചെന്നൈയിൽ 169 ഉൾപ്പെടെ 5,093 ദുരിതാശ്വാസ കേന്ദ്രങ്ങളും തമിഴ്‌നാട്ടിലുടനീളം 121 ഷെൽട്ടറുകളും തുറന്നിട്ടുണ്ട്.

ചുഴലിക്കാറ്റ് ഈ അർധരാത്രിക്കും ശനിയാഴ്ച പുലർച്ചയ്ക്കും ഇടയിൽ മണിക്കൂറിൽ 65-75 കിലോമീറ്റർ വേഗതയിൽ കാറ്റ് ചെന്നൈക്കടുത്ത് മാമല്ലപുരം കടക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് രാവിലെ അറിയിച്ചു. ഇന്ന് ഉച്ചയോടെ ഇത് ദുർബലമാകുമെന്നാണ് പ്രവചനം.ചെങ്കൽപട്ട്, വില്ലുപുരം, കാഞ്ചീപുരം, പുതുച്ചേരി എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.തമിഴ്നാട്ടിലെ 13 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്‍റെ ഫലമായി മരങ്ങള്‍ കടപുഴകുമെന്നും വൈദ്യുതി തകരാറിലാകുമെന്നും വെള്ളപ്പൊക്കമുണ്ടാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ടോർച്ച് അല്ലെങ്കിൽ മെഴുകുതിരികൾ, ബാറ്ററികൾ, ഡ്രൈ ഫ്രൂട്ട്‌സ്, കുടിവെള്ളം എന്നിവ തയ്യാറാക്കി വെയ്ക്കണമെന്നും തമിഴ്‌നാട് സർക്കാർ ജനങ്ങളോട് നിർദേശിച്ചു.റിസർവോയറുകളിൽ നിന്ന് അധിക ജലം തുറന്നുവിടുമെന്ന മുൻകൂർ പ്രഖ്യാപനം ഉൾപ്പെടെ എല്ലാ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News