'ബി.ജെ.പിക്ക് വോട്ട് ചെയ്യൂ, അല്ലെങ്കിൽ നിങ്ങൾ നരകത്തിൽ പോകും'; മുന്നറിയിപ്പുമായി തെലങ്കാനയിലെ ബി.ജെ.പി എം.പി

മോദി സർക്കാറിന്റെ ആനൂകൂല്യങ്ങൾ വാങ്ങിയ ശേഷം മറ്റേതെങ്കിലും പാർട്ടിക്ക് വോട്ട് ചെയ്താൽ നരകത്തിൽ പോകുമെന്നാണ് നിസാമാബാദിൽ നിന്നുള്ള എം.പി മുന്നറിയിപ്പ് നൽകിയത്

Update: 2024-02-28 14:17 GMT
Advertising

ഹൈദരാബാദ്: ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടും ഇല്ലെങ്കിൽ നരകത്തിൽ പോകുമെന്ന മുന്നറിയിപ്പ് നൽകിയും തെലങ്കാനയിലെ ബിജെപി എം.പി ധർമാപുരി അരവിന്ദ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സർക്കാറിന്റെ ആനൂകൂല്യങ്ങൾ വാങ്ങിയ ശേഷം മറ്റേതെങ്കിലും പാർട്ടിക്ക് വോട്ട് ചെയ്താൽ നരകത്തിൽ പോകുമെന്നാണ് നിസാമാബാദിൽ നിന്നുള്ള എം.പി മുന്നറിയിപ്പ് നൽകിയത്. ബി.ജെ.പി ഈയിടെ നടത്തിയ 'വിജയ് സങ്കൽപ്പ് യാത്ര'യിലാണ് അരവിന്ദ് വിവാദ പരാമർശം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

'ഭാരതീയ ജനതാ പാർട്ടിയുടെ ആനുകൂല്യങ്ങൾ വാങ്ങിയ ശേഷം അവർക്ക് വോട്ട് ചെയ്യാത്തവർ നരകത്തിൽ പോകും' എന്ന് എം.പി പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'നിങ്ങൾ സൗജന്യ ഭക്ഷണവും സൗജന്യ ഗ്യാസും സ്വീകരിക്കുന്നു. അദ്ദേഹം (മോദി) സൗജന്യമായി സ്‌കൂളുകൾ നിർമിക്കുന്നു, നിങ്ങൾക്ക് അസുഖം വന്നാൽ അദ്ദേഹം നിങ്ങൾക്ക് ചികിത്സ തരുന്നു. ഷാദി മുബാറകിന് വേണ്ടി പണം അയച്ചുതരുന്നു. സ്വയം സഹായ സംഘങ്ങൾക്ക് അദ്ദേഹം ലോൺ തരുന്നു. നരേന്ദ്ര മോദി മുത്തലാഖ് നിരോധിച്ച് നിങ്ങളുടെ ആത്മാഭിമാനം ഉറപ്പുവരുത്തി. ഇതെല്ലാം നൽകിയിട്ടും, നിങ്ങൾ കോൺഗ്രസിനോ ബി.ആർ.എസ്സിനോ വോട്ട് ചെയ്താൽ മുകളിലുള്ളയാൾ (ഊപ്പർവാല) നിങ്ങളെ നരകത്തിലിടും. നിങ്ങൾ സ്വർഗത്തിൽ പോകില്ല, ഞാൻ പറയുന്നു... നിങ്ങൾ നരകത്തിൽ പോകും. നിങ്ങൾ ഭക്ഷണം കഴിക്കുന്ന പാത്രത്തിന് ഓട്ടയിടരുത്' ബി.ജെ.പി എം.പി വീഡിയോയിൽ പറഞ്ഞു.

'നിങ്ങൾക്ക് സ്വർഗത്തിൽ പോകണമെങ്കിൽ രാജ്യത്തിന് നല്ല സേവനം ചെയ്യുകയും സുരക്ഷ നൽകുകയും ചെയ്യുന്നവർക്ക് വോട്ട് ചെയ്യണം' ജനക്കൂട്ടത്തോട് തന്റെ പാർട്ടിയെ സൂചിപ്പിച്ച് എം.പി ആഹ്വാനം ചെയ്തു. അല്ലെങ്കിൽ ദൈവം നിങ്ങളോട് ക്ഷമിക്കില്ലെന്ന മുന്നറിയിപ്പും നൽകി.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് തെലങ്കാന ബി.ജെ.പി വിജയ് സങ്കൽപ്പ് യാത്ര നടത്തുന്നത്. പരമാവധി വോട്ട് സമാഹരിക്കുകയാണ് ലക്ഷ്യം. ഒരോ സമയം തെലങ്കാനയുടെ അഞ്ച് ഭാഗങ്ങളിലാണ് യാത്ര നടക്കുന്നത്. പ്രവർത്തനം മെച്ചപ്പെടുത്താൻ തെലങ്കാനയെ അഞ്ച് ക്ലസ്റ്ററാക്കി തിരിച്ചാണ് ബി.ജെ.പിയുടെ പ്രചാരണം. ഓരോ ക്ലസ്റ്ററിനും ഒരു സ്റ്റാർ നേതാവുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും സങ്കൽപ്പ് യാത്രയിൽ പങ്കെടുക്കും. 17 ലോക്‌സഭാ മണ്ഡലങ്ങളുള്ള തെലങ്കാനയിൽ പരമാവധി സീറ്റുകൾ നേടാനാണ് ബി.ജെ.പിയുടെ ശ്രമം.

Telangana BJP MP Dharmapuri Arvind warned people to vote for BJP or else they will go to hell.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News