"ബി.ജെ.പിക്കെതിരെ മത്സരിക്കൂ, വയനാട്ടിലല്ല ശത്രു"; രാഹുലിനോട് ഡി രാജ
"സംസ്ഥാന നേതാവല്ല, ദേശീയനേതാവാണ് രാഹുൽ ഗാന്ധി, പ്രധാന ശത്രു ബി.ജെ.പിയാണ്"
ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിട്ടെതിർക്കുന്ന സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ. ഒരു സീറ്റിൽ ആരെ മത്സരിപ്പിക്കണമെന്നത് പാർട്ടിയുടെ അവകാശമാണ്. വയനാട്ടിലാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത്. എന്നാൽ രാഹുൽ ഗാന്ധി ഒരു സംസ്ഥാന നേതാവല്ല, ദേശീയനേതാവാണ് കൂടാതെ കോൺഗ്രസിന്റെ മുൻ അധ്യക്ഷനുമാണ്. അത്തരമൊരാൾ മത്സരിക്കേണ്ടത് ബി.ജെ.പിയെ നേരിട്ടെതിർക്കാൻ കഴിവുള്ള ഒരു മണ്ഡലത്തിൽ നിന്നായിരിക്കണം എന്ന് രാജ പറഞ്ഞു.
'മറ്റേതെങ്കിലും പാർട്ടിയോട് മത്സരിച്ച് ജയിക്കേണ്ടയാളല്ല രാഹുൽഗാന്ധി , ബി.ജെ.പിയെ നേരിട്ടെതിർക്കുന്ന സീറ്റിൽ നിന്നായിരിക്കണം രാഹുൽ മത്സരിക്കേണ്ടത്' - എന്നായിരുന്നു ഡി രാജയുടെ പ്രസ്താവന
രാഹുൽ ഭാരത് ജോഡോ യാത്രയും ന്യായ് യാത്രയും നടത്തിയതിനെ തങ്ങൾ സ്വീകരിച്ചു. അത് ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ആശയങ്ങളെയും അതുണ്ടാക്കുന്ന അനൈക്യങ്ങളെയും ഭിന്നതകളെയും രാഹുൽ ചൂണ്ടിക്കാട്ടിയതുകൊണ്ടാണ്. എന്നാൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമ്പോൾ ബി.ജെ.പിയല്ല, ഇടതുപക്ഷമാണ് പ്രധാനശത്രു എന്ന സന്ദേശം നൽകുകയാണെന്നും ഡി രാജ പറഞ്ഞു.
വെള്ളിയാഴ്ച കോൺഗ്രസ് 39 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെയായിരുന്നു ഡി രാജയുടെ പ്രതികരണം.