ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങിയില്ല; രാജസ്ഥാനിൽ ദലിത് യുവാവിനെ മദ്യമാഫിയാ സംഘം തല്ലിക്കൊന്നു
കൊലയ്ക്ക് ശേഷം പ്രതികൾ മൃതദേഹം വീടിന് പുറത്ത് വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ജയ്പ്പൂർ: തങ്ങളുടെ ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങിയില്ലെന്ന് ആരോപിച്ച് ദലിത് യുവാവിനെ മദ്യമാഫിയാ സംഘം തല്ലിക്കൊന്നു. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ സൂരജ്ഗഢിലാണ് കൊടുംക്രൂരത. കമ്പിവടിയിൽ തലകീഴായി കെട്ടിത്തൂക്കിയിട്ടും നിലത്തു കിടത്തിയിട്ടുമായിരുന്നു ക്രൂര മർദനം. രാമേശ്വർ വാൽമീകിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്.
മേയ് 14ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാമേശ്വർ വാൽമീകിയെ ഒരു സംഘം ആളുകൾ ബലം പ്രയോഗിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാൽമീകി അബോധാവസ്ഥയിലായതിനെ തുടർന്ന് ഹരിയാനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർന്ന് പ്രതികൾ മൃതദേഹം വീടിന് പുറത്ത് വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വൻ പ്രതിഷേധമാണ് ഉയരുന്നത്. കേസിൽ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിന്തു എന്ന ദീപക് സിങ്, സുഭാഷ്, സുഖ എന്ന സതീഷ്, പി.കെ എന്ന പ്രവീൺ, ബാബ എന്ന പ്രവീൺ എന്നിവരെയും പ്രായപൂർത്തിയാവാത്ത ഒരാളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം രംഗത്തെത്തി. ബിജെപി അധികാരത്തിലിരിക്കുന്നിടത്തെല്ലാം ദലിതർ പീഡിപ്പിക്കപ്പെടുകയാണെന്ന് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് വീഡിയോ പങ്കുവച്ച് എക്സിൽ കുറിച്ചു.
'മോദി- ഭജൻലാൽ ഇരട്ട എഞ്ചിൻ സർക്കാരിൻ്റെ യഥാർഥ മുഖം. ദലിതുകളുടെ സംവരണം അവസാനിപ്പിക്കാനും അവരെ തല്ലാനും കൊല്ലാനും 400 സീറ്റുകൾ ബിജെപി ആഗ്രഹിക്കുന്നു. ബിജെപി ഉള്ളിടത്തെല്ലാം ദലിതർ പീഡിപ്പിക്കപ്പെടുന്നു. ഹൃദയഭേദകമായ ഈ സംഭവം രാജസ്ഥാനിലെ ജുൻജുനു ജില്ലയിലാണ്. രാമേശ്വർ വാൽമീകി എന്ന ദലിത് യുവാവിനെ എത്ര നിഷ്കരുണമാണ് മർദിച്ച് കൊലപ്പെടുത്തുന്നതെന്ന് നോക്കൂ'- അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തുടനീളം ഓരോ ദിവസവും പുറത്തുവരുന്നതായും ബിജെപിയുടെ കീഴിൽ ദലിതർക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചതായും കോൺഗ്രസും ചൂണ്ടിക്കാട്ടി.
'ജുൻജുനിലെ സൂരജ്ഗഡിൽ മദ്യമാഫിയയുടെ ആക്രമണത്തിൽ ദലിത് യുവാവിനെ ആക്രമിച്ചു കൊന്നതും വീഡിയോ വൈറലായതും രാജസ്ഥാനിലെ ബിജെപി സർക്കാരിൻ്റെയും പൊലീസിൻ്റെയും വിശ്വാസ്യത കുറയുന്നതിൻ്റെ പ്രതീകമാണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓരോ ദിവസവും ഇത്തരം സംഭവങ്ങൾ പുറത്തുവരുന്നു. സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ദലിതർക്കെതിരായ കുറ്റകൃത്യങ്ങൾ അതിവേഗം വർധിച്ചു'- കോൺഗ്രസ് കുറ്റപ്പെടുത്തി.