‘മൂത്തമകന്റെ പഠനത്തിനായി എനിക്ക് വീട് വിൽക്കേണ്ടി വന്നു’; 17,500 രൂപയിൽ കുടുങ്ങിയ ദലിത് വിദ്യാർഥിയുടെ ഐഐടി സ്വപ്നം

ഞാൻ കോടതിയെ പൂർണ്ണമായി വിശ്വസിക്കുന്നു, അവർ ആരോടും അനീതി ചെയ്യില്ല, പ്രതീക്ഷയുണ്ട് രാജേന്ദ്ര പറഞ്ഞു

Update: 2024-09-29 06:40 GMT
Advertising

മുസഫർനഗർ: ‘എന്റെ മൂത്തകുട്ടിയുടെ പഠനച്ചെലവിനായി എനിക്ക് വീട് വിൽക്കേണ്ടി വന്നു, അതിൽ എനിക്ക് ഒട്ടും ഖേദമില്ല’ ഒമ്പതാം ക്ലാസിൽ പഠനം അവസാനി​ക്കേണ്ടി വന്ന ഉത്തർപ്രദേശിലെ മുസഫർനഗറിലെ ടിറ്റോറ സ്വദേശിയായ രാജേന്ദ്ര അഭിമാനത്തോടെയാണിത് പറയുന്നത്. രാജേന്ദ്രയുടെ ഇളയ മകൻ അതുൽ സുപ്രിം കോടതിയിലൊരു കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഐഐടി ധൻബാദിൽ അഡ്മിഷൻ കിട്ടിയ മകന് ഫീസായി അടക്കേണ്ടിയിരുന്നത് 17,500 രൂപയായിരുന്നു. ആ വലിയ തുക കണ്ടെത്തി ഓൺലൈനായി അടക്കാനെത്തിയപ്പോഴേക്കും നിശ്ചിത സമയത്തിന് മൂന്ന് മിനുട്ട് മുന്നെ വെബ്സൈറ്റ് പ്രവർത്തനം അവസാനിപ്പിച്ചു. അതുലിന് ഫീസ് അടക്കാനോ അഡ്മിഷനെടുക്കാ​നോ കഴിഞ്ഞില്ല. രാജേന്ദ്രയുടെയും മകന്റെയും നീതി തേടിയുള്ള ഓട്ടം ഇപ്പോൾ സുപ്രിംകോടതി​യിലെത്തിയിരിക്കുകയാണ്.

മക്കളുടെ വിദ്യാഭ്യാസത്തിന് എന്തുവിലയും കൊടുക്കാൻ തയ്യാറാണ് രാ​ജേന്ദ്രയുടെ കുടുംബം. വിവിധയിടങ്ങളിൽ പലപല ജോലികൾ ചെയ്തിട്ടും പ്രതിമാസം 11,000 രൂപയാണ് രാജേന്ദ്രക്ക് സമ്പാദിക്കാനാകുന്നത്. നാല് മക്കളുടെ കോളജ് വിദ്യാഭ്യാസവും, കുടുംബചെലവുമൊക്കെ ആ ചെറിയ തുകയിലാണ് രാജേന്ദ്ര കൂട്ടിമുട്ടിക്കുന്നത്. മക്കളെ പരമാവധി പഠിപ്പിക്കുക എന്നതാണ് രാജേന്ദ്രയുടെ ലക്ഷ്യം.

മക്കളുടെ പഠന സാഹചര്യത്തെപറ്റി രാജേന്ദ്ര പറയുന്നതിങ്ങനെയാണ്. വൈകുന്നേരം മൂന്നൊക്കെ കഴിഞ്ഞാൽ തന്നെ ആ കുഞ്ഞുവീട്ടിനുള്ളിൽ ഇരുട്ടാകും. പിന്നീട് അവിടെയിരുന്ന് വായിക്കാനൊന്നുമാകില്ല. എന്റെ കുട്ടികൾക്ക് ഇരുന്ന് പഠിക്കാനുള്ള ഒരേയൊരിടമായ മുറിയിൽ സൂര്യപ്രകാശം കൃത്യമായി ലഭിക്കാത്തതിനാൽ എപ്പോഴും ​ലൈറ്റുകൾ തെളിയിക്കേണ്ടി വരും. വൈദ്യു​തി മുടങ്ങുന്ന സമയത്ത് തെളിയിക്കാൻ ഒരു ഇൻവെർട്ടർ വാ​ങ്ങണമെന്ന് കരുതിയതാണ്. അതിനായി 25,000 രൂപ വേണം. കൃത്യമായി ആലോചിക്കാതെ അത് വാങ്ങാൻ ഇറങ്ങിത്തിരിച്ചാൽ കുട്ടികളുടെ പഠനം ‘ഇരുട്ടിലാകും’. എനിക്ക് കോളജിൽ പഠിക്കുന്ന നാല് കുട്ടികളുണ്ട്, അവരുടെ പഠനച്ചെലവ് കണ്ടെത്താൻ തന്നെ ഞാൻ ബുദ്ധിമുട്ടുകയാണ്. മൂന്ന് കട്ടിലുകളാൽ വീർപ്പുമുട്ടുന്ന സിമന്റ് പൂശാത്ത ആ മുറിയിലിരുന്ന് രാജേന്ദ്ര സംസാരിക്കുന്നത് മക്കളുടെ വിദ്യാഭ്യാസത്തെ കുറിച്ച് മാത്രമാണ്. കട്ടിലുകൾക്ക് പുറമെ രണ്ട് മൂന്ന് പ്ലാസ്റ്റിക് കസേരകൾ മാത്രമാണ് ആ റൂമിൽ പിന്നെയുള്ളത്.

മീററ്റിലെ ട്രാൻസ്‌ഫോർമർ ഫാക്ടറിയിൽ  ദിവസവേതനക്കാരനായ രാജേന്ദ്രന് പ്രതിമാസം ലഭിക്കുന്നത് 11,000 രൂപയാണ്. ആ പൈസയിൽ കൃത്യമായ പ്ലാനിങ്ങോടെയാണ് ജീവിതം നയിക്കുന്നതെന്ന് രാജേന്ദ്രൻ പറയുന്നു. ഓരോ മാസവും ശമ്പളം ലഭിക്കുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് നേരത്തെ നിശ്ചയിച്ചിട്ടുണ്ടാകും. എൻ്റെ മൂത്തകുട്ടിയുടെ പഠനച്ചെലവിനായി ഞങ്ങളുടെ വീട് വിൽക്കേണ്ടി വന്നു അതിൽ എനിക്ക് ഒട്ടും ഖേദമില്ലെന്ന് അഭിമാനത്തോടെയാണ് ഒമ്പതാം ക്ലാസിൽ പഠനം നിർത്തിയ രാജേന്ദ്ര പറയുന്നത്.

രാജേന്ദ്രയുടെ നാല് മക്കളിൽ മൂത്തവനായ മോഹിത് ഹമീർപൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗിൽ ബിടെക് ചെയ്യുകയാണ്. രണ്ടാമത്തെ മകൻ രോഹിത് ഖരഗ്‌പൂർ ഐഐടിയിൽ കെമിക്കൽ എഞ്ചിനീയറിങ്ങിന് പഠിക്കുന്നു. മൂന്നാമത്തെ മകൻ അമിത് മുസഫർനഗറിലെ ഖട്ടോളിയിലുള്ള ശ്രീ കുണ്ഡ് കുണ്ഡ് ജെയിൻ ഇൻ്റർ കോളേജിൽ ഹിന്ദി ബിരുദ വിദ്യാർത്ഥിയാണ്.

​​ഐഐടിയിൽ പഠിക്കുക എന്നതായിരുന്നു ഇളയ മകൻ അതുലിന്റെ സ്വപ്നം.അഡ്മിഷൻ ലഭിച്ചെങ്കിലും ​അവസാനനിമിഷം വെബ്സൈറ്റ് പ്രവർത്തനരഹിതമായതിനാൽ ഫീസ് അടക്കാൻ കഴിഞ്ഞില്ല. അധികൃതർ അഡ്മിഷൻ നിഷേധിച്ചെങ്കിലും രാ​​ജേന്ദ്ര പിന്മാറാൻ തയ്യാറല്ലായിരുന്നു. മകന്റെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ സുപ്രിം കോടതി ഇടപെടുമോ എന്നറിയാൻ കാത്തിരിക്കുകയാണ് രാജേന്ദ്ര. തിങ്കളാഴ്ച കേസ് പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് രാജേന്ദ്ര.

ടിറ്റോറ ഗ്രാമത്തിന്റെ ഓരത്ത് കരിമ്പ് പാടങ്ങൾക്കൊടുവിൽ വലിയ വലിയ വീടുകൾ പിന്നിട്ടാൽ അംബേദ്കർ പതാകകൾ കെട്ടിയ കുഞ്ഞു കുഞ്ഞു വീടുകൾ കാണാം. അതിലൊന്നാണ് രാജേന്ദ്രയുടെ വീട്. ആ വീട്ടിലിപ്പോൾ ആരുടെയും മുഖത്ത് സന്തോഷമില്ല. കോടതി ഇടപെടലുകൾ അനുകൂലമാകു​മോ എന്ന ആശങ്കയുണ്ട് മുഖത്തും വാക്കുകളിലും.

എൻ്റെ മകൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്, അവ​ന്റെ സ്വപ്നമായിരുന്നു അത്. അവൻ ആഗ്രഹിക്കുന്നത് അവന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാനിപ്പോൾ രാജേന്ദ്ര പറഞ്ഞു.

പ്ലസ് ടു കഴിഞ്ഞതിന് പിന്നാലെ അതുൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും പഠനത്തിൽ മികവ് പുലർത്തുകയും ചെയ്യുന്ന വിദ്യാർഥികൾക്കായി കാൻപൂരിൽ പ്രവർത്തിക്കുന്ന സൗജന്യ റസിഡൻഷ്യൽ സ്ഥാപനത്തിൽ ജെഇഇ കോച്ചിങ്ങിന് ചേർന്നു. ഒരുവർഷത്തെ പരിശീലനത്തിനൊടുവിൽ ജൂൺ ഒമ്പതിന് ​​ജെഇഇ മെയിൻ പ്രവേശന പരീക്ഷാ ഫലം വന്നപ്പോൾ കുടുംബത്തിന് ഏറെ സന്തോഷം നൽകിയ ഫലമായിരുന്നു അതുൽ സ്വന്തമാക്കിയത്. ഐഐടി ധൻബാദിനൊപ്പം അവൻ്റെ പേര് കണ്ടപ്പോൾ കുടുംബത്തിന് വലിയ സന്തോഷമായിരുന്നുവെന്ന് രാജേന്ദ്ര പറഞ്ഞു. സീറ്റ് ഉറപ്പിക്കാൻ 17,500 രൂപ ഓൺലൈൻ പേയ്‌മെൻ്റ് അടയ്‌ക്കാനുണ്ടായിരുന്നെങ്കിലും അതൊന്നും അപ്പോൾ ആലോചിക്കാതെ കുടുംബം ആഘോഷിക്കാൻ തീരുമാനിച്ചു. ഞങ്ങൾ ഗ്രാമത്തിൽ ലഡു വിതരണം ചെയ്തു.

‘17,500 രൂപ എന്നെ സംബന്ധിച്ചിടത്തോളം വലിയ തുകയാണ്. പക്ഷെ എൻ്റെ കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള പണം എങ്ങനെയെങ്കിലും കണ്ടെത്തണമെന്ന് എനിക്ക് അറിയാമായിരുന്നു. പണം കണ്ടെത്താനായി പ്രാദേശിക പണമിടപാടുകാരെനയാണ് ആദ്യം സമീപിച്ചത്. പണം നൽകാമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു.അത് ഞാൻ വിശ്വസിച്ചു. അത് വിശ്വസിക്കാൻ പാടില്ലായിരുന്നുവെന്ന് തിരിച്ചറിയാൻ ഞാൻ വൈകി. പണമടയ്ക്കാനുള്ള അവസാന തീയതിയായ ജൂൺ 24 ഉച്ച വരെ പണമിടപാടുകാരനെ ഞാൻ വിശ്വസിച്ചിരുന്നു. എന്നാൽ അവസാന നിമിഷം അദ്ദേഹം പിന്മാറി. അയാളുമായി തർക്കിച്ചെങ്കിലും കാര്യമുണ്ടായില്ല,അദ്ദേഹം വാക്ക് പാലിച്ചില്ല. പിന്നെ കൂടുതൽ തർക്കത്തിന് ഞാൻ നിന്നില്ല. സുഹൃത്തായ ടിറ്റു ഭായ് പതിനായിരം രൂപ കടം തന്നു, മറ്റൊരു സുഹൃത്തായ ഓംപാൽ 4,000 രൂപയും നൽകി. 3500 രൂപ എന്റെ കയ്യിലുണ്ടായിരുന്നു. അങ്ങനെ 17,500 രൂപ സംഘടിപ്പിച്ചു. ഫീസ് ഓൺലൈനായി അടക്കാൻ തുടങ്ങിയെങ്കിലും ഫീസ് അടക്കേണ്ട സമയപരിധിയായ അഞ്ച് മണിക്ക് മൂന്ന് മിനുട്ട് മുമ്പ് വെബ്സൈറ്റിന്റെ പ്രവർത്തനം നിലച്ചു. പിന്നീട് ഫീസ് അടക്കാൻ കഴിഞ്ഞില്ല, ഞങ്ങൾക്ക് സീറ്റ് നഷ്ടമായി.

ഞങ്ങൾ പരിഭ്രാന്തരായി ഐഐടി ധൻബാദിലേക്ക് വിളിച്ചു. ഞാൻ പഠിച്ച കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരും ഐഐടി ധൻബാദ് അധികൃതരെ സമീപിച്ചു, എന്നാൽ അനുകൂല പ്രതികരണം എങ്ങ് നിന്നുമുണ്ടായില്ലെന്ന് അതുൽ പറയുന്നു.

പിന്നെ നീതിതേടി വിവിധ സ്ഥാപനങ്ങൾ കയറിയിറങ്ങി. ദേശീയ പട്ടികജാതി കമ്മീഷനും ജാർഖണ്ഡ് ലീഗൽ സർവീസസ് അതോറിറ്റിയിലും പരാതി നൽകി. ജെഇഇ അഡ്വാൻസ്ഡ് എക്സാമിന്റെ അതോറിറ്റി ഐഐടി മദ്രാസ് ആയതിനാൽ മദ്രാസ് ​ഹൈ​​​​ക്കോടതിയെയും സമീപിച്ചു. സുപ്രിം കോടതിയെ സമീപിക്കാനാണ് കോടതി നിർദേശിച്ചത്. സുപ്രിം കോടതിയിൽ നിന്ന് അനുകൂലമായ നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. 2021 ൽ സമാനമായ കേസിൽ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് അനുകൂല വിധി പറഞ്ഞിരുന്നു. അഡ്മിഷൻ ഫീസ് അടയ്ക്കുന്നതിൽ കാലതാമസമുണ്ടായ ദലിത് വിദ്യാർത്ഥിയായ ജയ്ബിർ സിങിന് ഐഐടി ബോംബെയിൽ അഡ്മിഷൻ എടുക്കാൻ കോടതി അനുമതി നൽകിയിരുന്നു. ജയ്ബീർ സിങിന്റെ കുടുംബവുമായി അതുലിന്റെ കുടുംബം ബന്ധപ്പെട്ടു. 2021-ൽ സുപ്രിം കോടതിയിൽ ജയ്ബിർ സിങിനായി കേസ് വാദിച്ച അഭിഭാഷകരായ അമോൽ ചിതാലെയെയും പ്രഗ്യാ ബാഗേലിനെയും കണ്ടെത്തി കേസ് അവരെ ഏൽപ്പിച്ചു.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല,മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് സെപ്റ്റംബർ 24 ന് കേസ് പരിഗണിച്ചിരുന്നു. അതുലിന്റെ അവസാനത്തെ അവസരമാണെന്നും ഫീസ് അടക്കാൻ സുപ്രിം കോടതി അനുമതി നൽകിയില്ലെങ്കിൽ, അദ്ദേഹത്തിന് ഐഐടി സീറ്റ് നഷ്ടമാകുമെന്ന വാദം കോടതി മുഖവിലക്കെടുത്തു. ഹരജിക്കാരൻ്റെ സാമൂഹിക പശ്ചാത്തലവും അദ്ദേഹം അനുഭവിച്ച ബുദ്ധിമുട്ടുകളും കണക്കിലെടുക്കുക്കണമെന്ന് പറഞ്ഞ ​കോടതി കേസ് തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. ഞാൻ കോടതിയെ പൂർണ്ണമായി വിശ്വസിക്കുന്നു,അവർ ആരോടും അനീതി ചെയ്യില്ല, പ്രതീക്ഷയുണ്ടെന്നും രാജേന്ദ്ര പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News