ദലിത് പെൺകുട്ടിയും രാജ്യത്തിന്‍റെ മകളാണ്; ഒന്‍പത് വയസ്സുകാരിയുടെ ബലാത്സംഗ കൊലയിൽ രാഹുൽ ഗാന്ധി
ഡൽഹി നങ്കലിൽ ഒന്‍പത് വയസ്സുള്ള ദലിത് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം
ഡൽഹി നങ്കലിൽ ഒന്‍പത് വയസ്സുള്ള ദലിത് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദലിത് കുട്ടിയും രാജ്യത്തിന്‍റെ മകളാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട പത്രവാർത്തയുടെ സ്ക്രീൻഷോട്ട് ഷെയർ ചെയ്താണ് രാഹുലിന്റെ പ്രതികരണം.
दलित की बेटी भी देश की बेटी है। pic.twitter.com/CdbWkCwePP
— Rahul Gandhi (@RahulGandhi) August 3, 2021
ഞായറാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു സംഭവം. നങ്കലിലെ ശ്മശാനത്തോട് ചേർന്ന് വാടക വീട്ടിലാണ് കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്നത്. ഓടിക്കളിച്ച് തളർന്നപ്പോൾ വെള്ളം കുടിക്കാന്‍ ശ്മശാനത്തിലെ കൂളര്‍ തേടി വന്നതായിരുന്നു പെണ്‍കുട്ടി. വെള്ളം കുടിക്കാൻ പോയ മകളെ കാണാതായതോടെ അമ്മ തിരക്കിയിറങ്ങി. പിന്നാലെ പുരോഹിതനും കൂട്ടരും കുട്ടിയുടെ മൃതദേഹം അമ്മയെ കാണിച്ചു. കൂളറില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് കുട്ടി മരിച്ചതെന്നാണ് പുരോഹിതനും സംഘവും അമ്മയെ അറിയിച്ചത്.
പൊലീസിനെ വിവരമറിയിച്ചാൽ അവർ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുമെന്നും അവയവങ്ങൾ മോഷ്ടിക്കുമെന്നും പുരോഹിതൻ അമ്മയോട് പറഞ്ഞു. സമ്മർദം ചെലുത്തി മൃതദേഹം ദഹിപ്പിച്ചു. കുട്ടിയുടെ പിതാവിനെ മര്‍ദിച്ചെന്നും പരാതിയുണ്ട്. കുട്ടിയുടെ കൈത്തണ്ടയിലും മുട്ടിലും പൊള്ളലേറ്റ പാടുണ്ടായിരുന്നു. കുട്ടിയുടെ ചുണ്ട് നീല നിറമായി മാറിയിരുന്നു. ഇക്കാര്യം അയല്‍വാസികളോട് പറഞ്ഞതോടെയാണ് ക്രൂരകൃത്യം പുറത്തറിഞ്ഞത്. നാട്ടുകാര്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു.
കുട്ടിയെ ശ്മശാനത്തിൽ വെച്ച് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി എത്തി. ഹാഥ്റസിനെ ഓര്‍മിപ്പിക്കുന്ന സംഭവമാണ് നങ്കലില്‍ നടന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ചുകളഞ്ഞ കൊലയാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പിന്നാലെ പുരോഹിതന്‍ രാധേശ്യാമിനൊപ്പം ശ്മശാനത്തിലെ ജീവനക്കാരായ ലക്ഷ്മിനാരായൺ, കുൽദീപ്, സാലിം എന്നിവരെയും അറസ്റ്റ് ചെയ്തു. പോക്സോ, എസ്.സി/എസ്.ടി നിയമങ്ങൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.