അച്ഛനുമായി ഒരു ബന്ധവും വേണ്ടെന്ന് മകൾ,എങ്കിൽ വിദ്യാഭ്യാസ, വിവാഹ ചെലവുകൾക്കും അവകാശമില്ലെന്ന് കോടതി
ഹരിയാന റോത്തക്കിലെ ദമ്പതികളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസിലാണ് മകൾക്ക് അച്ഛൻ ചെലവിന് നൽകേണ്ടതില്ലെന്ന് കോടതി വിധിച്ചത്
അച്ഛനുമായുള്ള ബന്ധം തുടരാൻ ആഗ്രഹമില്ലാത്ത മകൾക്ക് അദ്ദേഹത്തോട് വിദ്യാഭ്യാസ, വിവാഹ ചെലവുകൾ ആവശ്യപ്പെടാൻ അവകാശമില്ലെന്നു സുപ്രിംകോടതി. ഹരിയാന റോത്തക്കിലെ ദമ്പതികളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസിലാണ് മകൾക്ക് അച്ഛൻ ചെലവിന് നൽകേണ്ടതില്ലെന്ന് കോടതി വിധിച്ചത്.
ദമ്പതികളുടെ ബന്ധം പുനഃസ്ഥാപിക്കാൻ കഴിയാത്ത വിധം ശിഥിലമായെന്നു പ്രസ്താവിച്ചുള്ള ഉത്തരവിലാണ് ഇവരുടെ മകൾക്ക് വിദ്യാഭ്യാസ, വിവാഹ ചെലവുകൾ അവകാശപ്പെടാൻ കഴിയില്ലെന്ന കോടതി വിധി.1998 ലായിരുന്നു ഇവരുടെ വിവാഹം. 20 വയസാണ് മകളുടെ പ്രായം. അച്ഛനുമായി ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മകൾ കോടതിയിൽ വ്യക്തമാക്കി.
എന്നാൽ, മകളെ സഹായിക്കാൻ കൂടി എന്ന നിർദേശത്തോടെ കോടതി 10 ലക്ഷം രൂപ ജീവനാംശമായി നിശ്ചയിച്ചു. കേസിന്റെ വിചാരണ വേളയിൽ തന്നെ പെൺകുട്ടിയുടെ ഈ നിലപാടിനെ തുടർന്ന് വിദ്യാഭ്യാസ ചെലവ് അനുവദിക്കാൻ കഴിയില്ലെന്നു കോടതി സൂചിപ്പിച്ചിരുന്നു.