"പുതിയ ഇന്ത്യയുടെ ഉദയം, 1.4 ബില്യൺ ഹൃദയമിടിപ്പുകളുടെ ശക്തി": പ്രധാനമന്ത്രി

ദക്ഷിണാഫ്രിക്കയിലാണെങ്കിലും തന്റെ മനസ് ചന്ദ്രയാനൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Update: 2023-08-23 13:16 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: ബഹിരാകാശത്ത് ഇന്ത്യ പുതിയ ചരിത്രം കുറിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്‌സ് ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ന്റെ ലാൻഡിംഗ് വിർച്വലായി സാക്ഷ്യം വഹിച്ച ശേഷം പ്രധാനമന്ത്രിയുടെ ആദ്യപ്രതികരണമായിരുന്നു ഇത്. 

"ഈ നിമിഷം വിലപ്പെട്ടതും അഭൂതപൂർവവുമാണ്. ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയഘോഷമാണ്. ഈ നിമിഷം 1.4 ബില്യൺ ഹൃദയമിടിപ്പുകളുടെ ശക്തിയാണ്. ഇത്തരം ചരിത്ര നിമിഷങ്ങൾ കാണുമ്പോൾ നമുക്ക് അത്യധികം അഭിമാനമാണ്. ഇത് പുതിയ ഇന്ത്യയുടെ ഉദയമാണ്. വികസിത ഇന്ത്യക്ക് കാഹളം മുഴങ്ങിക്കഴിഞ്ഞു. ഇതിന് മുമ്പ് ഒരു രാജ്യവും അവിടെ (ചന്ദ്രന്റെ ദക്ഷിണധ്രുവം) എത്തിയിട്ടില്ല. നമ്മുടെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്താലാണ് ഈ നേട്ടം കൈവരിക്കാനായത്": പ്രധാനമന്ത്രി പറഞ്ഞു. ദക്ഷിണാഫ്രിക്കയിലാണെങ്കിലും തന്റെ മനസ് ചന്ദ്രയാനൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ചന്ദ്രൻ ദൂരെ എന്നത് മാറി ചന്ദ്രൻ വിനോദയാത്രയുടെ മാത്രം അകലെ എന്ന് പറയുന്ന കാലം വിദൂരമല്ല. മാനവികതയുടെ വിജയമാണിത്. ഇന്ത്യയുടെ സൗര്യ ദൗത്യം ആദിത്യയാൻ ഉടൻ ആരംഭിക്കും. ഐഎസ്ആർഒ അതിൻ്റെ അവസാനവട്ട ഒരുക്കത്തിലാണ്. എല്ലാ രാജ്യങ്ങളുടെയും ബഹിരാകാശ ദൗത്യങ്ങൾക്ക് ആശംസകൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യമാണ് ഇന്ത്യ. യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾ മാത്രാണ് ചന്ദ്രനിൽ ഇതിന് മുൻപ് സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ടുള്ളത്. വൈകിട്ട് 5.45 നു ചന്ദ്രോപരിതലത്തിൽനിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ തുടങ്ങിയത്. ലാൻഡറിലെ 4 ത്രസ്റ്റർ എൻജിനുകൾ വേഗം കുറച്ച് ഇറങ്ങൽ ആരംഭിച്ചു. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിനു (ഇസ്ട്രാക്) കീഴിലെ മിഷൻ ഓപറേഷൻസ് കോംപ്ലക്സിലാണ് ചന്ദ്രയാൻ 3ന്റെ ലാൻഡിങ് നിരീക്ഷിച്ചത്.

പേടകത്തിന്റെ ആന്തരികഘടകങ്ങൾ ഗവേഷകർ നേരത്തെ തന്നെ പരിശോധിച്ച് വിലയിരുത്തിയിരുന്നു. വൈകീട്ട് 6.04-ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ആദ്യത്തെ രാജ്യം എന്ന നേട്ടവും ഇനി ഇന്ത്യക്ക് സ്വന്തം.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News