മരിച്ച സ്ത്രീക്ക് കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് നല്‍കിയതായി സന്ദേശം; അന്തംവിട്ടു വീട്ടുകാര്‍
മരിച്ച സ്ത്രീയുടെ മകന്‍റെ ഫോണിലേക്കാണ് രണ്ടാം ഡോസും സ്വീകരിച്ചതായി അറിയിപ്പ് വന്നത്
കോവിഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് ഒരാഴ്ചക്ക് ശേഷം മരണമടഞ്ഞ സ്ത്രീക്ക് രണ്ടാം ഡോസ് നല്‍കിയതായി സന്ദേശം. മരിച്ച സ്ത്രീയുടെ മകന്‍റെ ഫോണിലേക്കാണ് രണ്ടാം ഡോസും സ്വീകരിച്ചതായി അറിയിപ്പ് വന്നത്. ഉത്തര്‍പ്രദേശിലാണ് സംഭവം.
രാജ്ഘട്ട് അർബൻ പിഎച്ച്‌സിയിലാണ് സംഭവം നടന്നത്. ഇസൈതോല കോളനിയിലെ താമസക്കാരിയായ സ്ത്രീ (67) കഴിഞ്ഞ ഏപ്രിലിലാണ് ആദ്യ ഡോസ് കുത്തിവെപ്പെടുത്തത്. തുടര്‍ന്ന് ഒരാഴ്ചക്ക് ശേഷം ഇവര്‍ മരണമടയുകയും ചെയ്തു. എന്നാല്‍ ഡിസംബര്‍ 9ന് അമ്മ രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ചതായി മകന്‍റെ ഫോണിലേക്ക് മെസേജ് വരികയായിരുന്നു. സംഭവത്തില്‍ ജില്ലാ ഇമ്മ്യൂണൈസേഷൻ ഓഫീസർ (ഡിഐഒ) അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പി.എച്ച്.സി മേധാവി ഡോ. ത്രപ്‌തി പരാശർ, എ.എൻ.എം ജ്ഞാനദേവി എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ഡി.ഐ.ഒ രവിശങ്കർ പറഞ്ഞു. ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും ഇത് ക്ലെറിക്കൽ അബദ്ധമാണോ അതോ മനഃപൂർവം ചെയ്തതാണോ എന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.