ഉസ്‌ബെക്കിസ്താനിലെ 18 കുട്ടികളുടെ മരണം: കമ്പനിയുടെ കയറ്റുമതി ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി
കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ സർക്കാർ നേരത്തെ 18 കുട്ടികളുടെ മരണത്തിന് കാരണമായത് ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് ഉസ്ബെക്കിസ്താൻ കേന്ദ്രസർക്കാറിന് നൽകിയത്
ഡല്‍ഹി: ഉസ്ബെക്കിസ്താനിൽ 18 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് ആരോപണമുയർന്ന മരുന്ന് നിർമാണ കമ്പനിയുടെ കയറ്റുമതി ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി. കഫ്സിറപ്പ് പരിശോധനാഫലം ഉസ്ബെക്കിസ്ഥാൻ ഇന്ത്യൻ സർക്കാരിന് കൈമാറിയതിന് പിന്നാലെയാണ് നടപടി. കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ സർക്കാർ നേരത്തെ 18 കുട്ടികളുടെ മരണത്തിന് കാരണമായത് ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് ഉസ്ബെക്കിസ്താൻ കേന്ദ്രസർക്കാറിന് നൽകിയത്.
വിദേശകാര്യമന്ത്രാലയം വഴിയാണ് ഉസ്ബെക്കിസ്താൻ റിപ്പോർട്ട് ഇന്ത്യക്ക് കൈമാറിയത്. ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. വിവാദ കഫ്സിറപ്പായ ഡോക് വൺ മാക്സിൻ്റെ ഉത്പാദനം നിർത്തി വെച്ചതിനു പിന്നാലെ ആണ് കമ്പനിയുടെ കയറ്റുമതി ലൈസൻസും റദ്ദാക്കിയത്.
ഇതോടെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ തുറമുഖങ്ങളിലും വിമാനത്താവളനങ്ങളിലും എത്തിച്ച മരുന്നുകൾ സർക്കാർ കണ്ടുകെട്ടും. മരുന്നിൽ വിഷ പദാർത്ഥം അടങ്ങിയിട്ടുണ്ടെന്ന ആരോപണം ഇന്ത്യ സ്വന്തം നിലയ്ക്കും അന്വേഷിക്കുന്നുണ്ട്. ഇതിൻ്റെ പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്ക് കമ്പനി അധികൃതർക്ക് എതിരായ തുടർ നിയമനടപടികളും സർക്കാർ ശക്തമാക്കും.