രണ്ട് വർഷം മുമ്പ് കോവിഡ് ബാധിച്ച് 'മരിച്ച' യുവാവ് ജീവനോടെ വീട്ടിൽ തിരിച്ചെത്തി
മരണ സർട്ടിഫിക്കറ്റും ആശുപത്രി അധികൃതര്‍ കുടുംബത്തിന് കൈമാറിയിരുന്നു
അഹമ്മദാബാദ്: കോവിഡ് മഹാമാരിയിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗം ബാധിച്ച് മരിച്ചെന്ന് വിധിയെഴുതിയ യുവാവ് രണ്ടുകൊല്ലത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തി. മധ്യപ്രദേശിലെ ധാർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
2011ൽ കോവിഡ് ബാധിച്ച കമലേഷ് എന്ന 41 കാരനെ ഗുജറാത്തിലെ വഡോദരയിലാണ് പ്രവേശിപ്പിക്കുന്നത്. തുടർന്ന് ഇയാൾ മരിച്ചതായും ആശുപത്രി അധികൃതർ കമലേഷിന്റെ കുടുംബത്തെ അറിയിച്ചു. ആശുപത്രിയിൽ നിന്നുള്ള വിവരമനുസരിച്ച് ബന്ധുക്കൾ ആശുപത്രിയിൽ എത്തിയെങ്കിലും കൊവിഡ്-19 പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം ദൂരെ നിന്നാണ് ബന്ധുക്കൾക്ക് കാണിച്ചുകൊടുത്തത്. നഗരസഭയുടെ നേതൃത്വത്തിൽ സ്റ്റാൻഡേർഡ് ഓപ്പറേഷൻ നടപടിക്രമങ്ങൾ (എസ്ഒപി) അനുസരിച്ച് ബറോഡയിൽ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണ സർട്ടിഫിക്കറ്റും അധികൃതര്‍ നൽകിയിരുന്നു. കമലേഷ് മരിച്ചതായി കരുതി ബന്ധുക്കൾ വീട്ടിൽ മരണാനന്തര ചടങ്ങുകളും നടത്തിയിരുന്നു.
എന്നാൽ രണ്ടുവർഷത്തിന് ശേഷം ഇയാൾ വീട്ടിൽ തിരിച്ചെത്തിയതാണ് വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സർദാർപൂരിലെലെ ബദ്‌വെലി ഗ്രാമത്തിലെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടിലേക്ക് കമലേഷ് എത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കമലേഷിന്റെ ഭാര്യയും കുടുംബാംഗങ്ങളും ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
രോഗം മാറിയശേഷം അഹമ്മദാബാദിൽ വെച്ച് സംഘം തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് കമലേഷ് പറഞ്ഞതായി ഫ്രീപ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. അവർ അഹമ്മദാബാദിൽ ബന്ദിയാക്കുകയും ചില മയക്കമരുന്ന് കുത്തിവയ്ക്കുകയും ചെയ്തു. വെള്ളിയാഴ്ച, അഹമ്മദാബാദിൽ നിന്ന് മറ്റൊരിടത്തേക്ക് ഫോർ വീലറിൽ കൊണ്ടുപോകുന്നതിനിടെ ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലിൽ നിർത്തി.ഈ സമയത്ത് അതുവഴി പോയ പാസഞ്ചർ ബസില്‍ ഓടിക്കയറുകയും സർദാർപൂരിലെത്തുകയും ചെയ്തു. ചിലരുടെ സഹായത്താലാണ് അമ്മാവന്‍റെ വീട്ടിലെത്തിയതെന്നും കമലേഷ് പറയുന്നു.
എന്നാൽ സംഭവത്തിൽ ദുരൂഹത നീക്കാനും കമലേഷ് ഇതുവരെ എവിടെയാണെന്ന് കണ്ടെത്താനും ധാർ ജില്ല ഭരണകൂടം തീരുമാനിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.