ദീപാലി സയ്യിദും ഷിൻഡെ ക്യാമ്പിലേക്ക്; താക്കറെ ഗ്രൂപ്പിന് പ്രഹരം
നേരത്തെ, സുഷമ അന്ധാരെ എന്ന നേതാവും ഉദ്ധവിനെ വിട്ട് ഭരണപക്ഷത്തേക്ക് ചുവടുമാറിയിരുന്നു.
മുംബൈ: ഉദ്ധവ് താക്കറെ പക്ഷത്തു നിന്ന് ഒരു നേതാവ് കൂടി ഏക്‌നാഥ് ഷിൻഡെ ഗ്രൂപ്പിലേക്ക് ചായുന്നു. മഹാവികാസ് അഖാഡി കാലത്ത് ഉദ്ധവിന്റെ അടുത്ത അനുയായി ആയിരുന്ന വനിതാ നേതാവും നടിയുമായ ദീപാലി സയ്യദാണ് ക്യാമ്പ് വിടുന്നത്.
നേരത്തെ, സുഷമ അന്ധാരെ എന്ന നേതാവും ഉദ്ധവിനെ വിട്ട് ഭരണപക്ഷത്തേക്ക് ചുവടുമാറിയിരുന്നു. തന്റെ തീരുമാനം ഉടൻ അറിയിക്കുമെന്ന് ദീപാലി പ്രതികരിച്ചു. 'ഞാൻ ഇപ്പോൾ കാത്തിരിപ്പിന്റെ റോളിലാണ്. മാത്രമല്ല, ഞാൻ എടുക്കുന്ന തീരുമാനം ഉടൻ അറിയും'- ഒരു ദേശീയമാധ്യമത്തോട് അവർ പറഞ്ഞു.
നേരത്തെ ഉദ്ധവ് താക്കറെയും ഷിൻഡെയും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നും ഇതിന് ചില ബി.ജെ.പി നേതാക്കൾ മധ്യസ്ഥത വഹിക്കുകയും ചെയ്യുമെന്ന വാദവുമായി ദീപാലി രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെ മുതിർന്ന നേതാവും എം.പിയുമായ സഞ്ജയ് റാവത്തടക്കം തള്ളിയിരുന്നു.
2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ താനെ ജില്ലയിലെ മുംബ്ര-കൽവ മണ്ഡലത്തിൽ നിന്നും ശിവസേന സ്ഥാനാർഥിയായി മത്സരിച്ച ദീപാലി പരാജയപ്പെട്ടിരുന്നു. ശിവസേനയിൽ എത്തുന്നതിന് ആം ആദ്മിയിലായിരുന്നു ദീപാലി. ആം ആദ്മിയിലായിരിക്കെ 2014ൽ അഹ്മെദ് നഗർ ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും അന്നും തോൽവിയായിരുന്നു ഫലം.