ജവാനിൽ ദീപിക എത്തിയത് പ്രതിഫലം വാങ്ങാതെ; വാട്ടര്‍ ബോയ് കോഹ്‌ലി; അറിയാം ഇന്നത്തെ എക്സ് ട്രെൻഡിങ്സ്

ഡ്രിങ്ക് ബ്രേക്കിനിടെ കളിക്കാര്‍ക്ക് വെള്ളവുമായി മൈതാനത്തേക്കെത്തിയ കോഹ്‍ലിയുടെ രസകരമായ ഓട്ടമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

Update: 2023-09-15 15:57 GMT
Advertising

ജവാനിൽ ദീപിക എത്തിയത് പ്രതിഫലം വാങ്ങാതെ..

ബോക്സ് ഓഫീസ് ഹിറ്റായ ജവാനിലെ പ്രധാനപ്പെട്ട ഒരു റോള്‍ കൈകാര്യം ചെയ്ത താരമാണ് ദീപിക പദുകോൺ. ചിത്രത്തിൽ ചെറിയ വേഷത്തിലാണ് താരം എത്തിയതെങ്കിലും സിനിമ കണ്ട് ഇറങ്ങിയ പ്രേക്ഷകരുടെ മനസിൽ താരം ഇടംപിടിച്ചിരുന്നു.

ഇപ്പോഴിതാ ബോക്സ് ഓഫീസിൽ കോടികള്‍ നേടിയ ജവാനിൽ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ദീപിക പദുകോൺ. താനും ഷാരൂഖ് ഖാനും ഭാഗ്യജോഡികളാണെന്നും താരം പറഞ്ഞു.'83'എന്ന സിനിമയിൽ അഭിനയിക്കാൻ കാരണം ഭർത്താവിന് പിന്നിൽ കരുത്തായി നിൽക്കുന്ന സ്ത്രീയായി വേഷമിടാൻ താൻ ആഗ്രഹിച്ചിരുന്നതിനാലാണെന്നും തന്‍റെ അമ്മ അങ്ങനെയാരു സ്ത്രീ ആയിരുന്നെന്നും ദീപിക പറഞ്ഞു.

മുംബൈയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഷാരൂഖ് ഖാനും മറ്റ് അഭിനേതാക്കളും പങ്കെടുത്തിരുന്നു. ചടങ്ങിൽ, ഷാരൂഖും ദീപിക പദുക്കോണും ചിത്രത്തിലെ ഹിറ്റ് ഗാനത്തിന് ചുവട് വെച്ചിരുന്നു. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ജവാനും 700 കോടി ക്ലബ്ബിലേക്ക്

പ്രേക്ഷകർ ഏറെ കാത്തിരിത്തുന്ന ഷാരൂഖ് ചിത്രം ജവാൻ റിലീസ് ചെയ്ത് എട്ട് ദിവസം പിന്നിടുമ്പോള്‍ ബോളിവുഡിൽ മറ്റൊരു ചരിത്രം കൂടി പിറക്കുകയാണ്. എട്ട് ദിവസം കൊണ്ട് ചിത്രത്തിന്‍റെ കളക്ഷൻ 684.71 കോടി രൂപയാണ്. റിലീസ് ചെയ്ത് ആദ്യ ദിവസം ചിത്രം നേടിയത് 125.05 കോടി രൂപയാണ്. പഠാനെ ജവാൻ പിന്തള്ളുമോ എന്ന ചോദ്യം പ്രേക്ഷകർക്കിടയിൽ ഉയർന്നിരുന്നെങ്കിലും നിലവിൽ അത്തരമൊരു സാധ്യതയില്ലെന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.

എന്നാൽ രണ്ട് സിനിമകള്‍ 700 കോടി ക്ലബ്ബിൽ കേറുന്ന രണ്ടാമത്തെ ഹിന്ദി നടൻ എന്ന നേട്ടം ജവാനിലൂടെ ഷാരൂഖിന് സ്വന്തമാകും. 125.05,109.24, 140.17, 156.80, 52.39, 38.21, 34.06, 28.79, 84.71 കോടി എന്നിങ്ങനെയാണ് എട്ട് ദിവസത്തെ ജവാന്‍റെ കളക്ഷൻ.

സിദ്ധാർത്ഥ് ആനന്ദ് ഷാരൂഖ് ഖാൻ കൂട്ടുകെട്ടിൽ പിറന്ന പഠാൻ 1,050.30 കോടിയാണ് കളക്ഷൻ നേടിയത്. റിലീസിന് 100 കോടിക്ക് മുകളിൽ കളക്ഷൻ നേടുന്ന ആദ്യ ചിത്രമെന്ന റെക്കോർഡും പഠാൻ സ്വന്തമാക്കിയിരുന്നു.

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയൻ താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായ ജവാന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ദീപിക പദുകോൺ ചിത്രത്തിൽ ഗസ്റ്റ് റോളിൽ എത്തുന്നു.

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന് വേണ്ടി ഗൗരി ഖാനാണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്. ഗൗരവ് വർമ്മയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്.

അര്‍ധ സെഞ്ച്വറികളുമായി കളം നിറഞ്ഞ് ഷാകിബും തൗഹീദും

ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്കോര്‍ പടുത്തുയർത്തിയത്. ഇന്ത്യക്കായി ഷർദുൽ താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി. ഒരു ഘട്ടത്തിൽ 54 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ അർധ സെഞ്ച്വറികളുമായി കളം നിറഞ്ഞ ക്യാപ്റ്റൻ ഷാകിബ് അൽ ഹസനും തൗഹീദ് ഹ്രിദോയിയും 44 റൺസെടുത്ത നസൂം അഹ്മദും ചേര്‍ന്നാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരിവക്കുന്ന തരത്തിലായിരുന്നു ഇന്ത്യന്‍ ബോളര്‍മാരുടെ തുടക്കം. രണ്ടാം ഓവറിൽ ലിറ്റൺ ദാസിനെ കൂടാരം കയറ്റി മുഹമ്മദ് ഷമിയാണ് ബംഗ്ലാശേദിന് ആദ്യ പ്രഹരമേൽപ്പിച്ചത്. നാലാം ഓവറിൽ തൻസിദ് ഹസനെ പുറത്താക്കി ഷർദുൽ താക്കൂറും വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചു. അഞ്ചാം ഓവറിൽ അനാമുൽ ഹക്കും കൂടാരം കയറിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ ഷാകിബുൽ ഹസൻ രക്ഷാപ്രവർത്തന ചുമതല ഏറ്റെടുത്തു. മെഹ്ദി ഹസൻ പുറത്തായ ശേഷം തൗഹീദ് ഹ്രിദോയിക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ ഷാകിബ് സ്‌കോർ 150 കടത്തിയ ശേഷമാണ് കൂടാരം കയറിയത്. പിന്നീട് ക്രീസിലെത്തിയ നസൂം അഹ്മെദ് വാലറ്റക്കാരെ കൂട്ടുപിടിച്ച് സ്‌കോർ 200 കടത്തി. വാലറ്റത്ത് പുറത്താവാതെ നിന്ന മെഹ്ദി ഹസനും തൻസീം ഹസനും ചേർന്ന് സ്‌കോർബോർ 250 ലുമെത്തിച്ചു.

നേരത്തേ തന്നെ ഫൈനൽ ഉറപ്പിച്ചതിനാൽ പല താരങ്ങള്‍ക്കും വിശ്രമം നൽകിയാണ് ഇന്ത്യ ഇന്ന് അന്തിമ ഇലവനെ പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്ക് വിശ്രമം നൽകിയപ്പോൾ തിലക് വർമ, സൂര്യകുമാർ യാദവ്, ഷർദുൽ താക്കൂർ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു.

100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതം നൽകി വിജയ് ദേവരക്കൊണ്ട

വിജയ് ദേവരക്കൊണ്ടയും സാമന്തയും ഒന്നിച്ച ഖുഷി തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സിനിമ വിജയിച്ചതിന് പിന്നാലെ തന്‍റെ വാക്ക് പാലിച്ചിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട. ഖുഷിയുടെ വിജയാഘോഷത്തിൽ 100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാന്‍ 1 കോടി സംഭാവന നല്‍കുമെന്ന് നടന്‍ പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദനമാണ് നടൻ പാലിച്ചിരിക്കുന്നത്. സിനിമ വിജയിച്ചതിലുള്ള സന്തോഷം മാത്രമല്ല സിനിമയിൽ നിന്ന് ലഭിച്ച വരുമാനവും ആരാധകരുമായി പങ്കുവെക്കുകയാണെന്നാണ് താരം പറഞ്ഞത്.

“എന്‍റെ സന്തോഷം നിങ്ങളുമായി പങ്കുവെക്കാൻ 100 കുടുംബങ്ങൾക്ക് ഒരു കോടി രൂപ വിതരണം ചെയ്യുമെന്ന് ഞാൻ പ്രഖ്യാപിക്കുന്നു. 100 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും. ഈ പണം എന്‍റെ സ്വകാര്യ അക്കൗണ്ടിൽ നിന്നുള്ളതാണ്'' എന്നായിരുന്നു താരം അന്ന് പ്രഖ്യാപിച്ചത്.

സിനിമക്കെതിരെ വ്യാജ നിരൂപണങ്ങളും നിഷേധാത്മക കമന്‍റുകളും വന്നിട്ടും ഖുഷിയുടെ വിജയത്തിന് കാരണക്കാരായ തന്‍റെ ആരാധകർക്ക് വേണ്ടി പ്രവർത്തിക്കാനാണ് താൻ ഇനി മുതൽ തീരുമാനിച്ചിരിക്കുന്നത്. ചിലര്‍ സിനിമക്കെതിരെ നെഗറ്റീവ് പ്രചരണം നടത്തുന്നുണ്ടെന്നും എന്നാല്‍ തന്‍റെ ആരാധകര്‍ സ്നേഹം കൊണ്ട് അതിനെ മറികടന്നെന്നും വിജയ് വിശദീകരിച്ചു. വികാരധീനനായിട്ടാണ് അദ്ദേഹം അന്ന് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

വാട്ടര്‍ ബോയ് കോഹ്‌ലി; കാണികളെ ചിരിപ്പിച്ച് ഓട്ടം, വീഡിയോ വൈറല്‍

ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടുകയാണ്. നേരത്തേ തന്നെ ഫൈനൽ ഉറപ്പിച്ചതിനാൽ പല താരങ്ങള്‍ക്കും വിശ്രമം നൽകിയാണ് ഇന്ത്യ ഇന്ന് അന്തിമ ഇലവനെ പ്രഖ്യാപിച്ചത്.

വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്ക് വിശ്രമം നൽകിയപ്പോൾ തിലക് വർമ, സൂര്യകുമാർ യാദവ്, ഷർദുൽ താക്കൂർ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു.

മത്സരത്തിനിടെ നടന്നൊരു രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. ഡ്രിങ്ക് ബ്രേക്കിനിടെ കളിക്കാര്‍ക്ക് വെള്ളവുമായി മൈതാനത്തേക്കെത്തിയ കോഹ്‍ലിയുടെ രസകരമായ ഓട്ടമാണ് ആരാധകരെ കുടുകുടെ ചിരിപ്പിച്ചത്. മുഹമ്മദ് സിറാജിനൊപ്പം ഓടിച്ചാടി മൈതാനത്തേക്കെത്തുന്ന കോഹ്‍ലിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പെട്ടെന്ന് തന്നെ ഏറ്റെടുത്തു.

നടന്‍ നാഗ ചൈതന്യ വിവാഹിതനാകുന്നു

തെലുഗ് താരം നാഗ ചൈതന്യ വീണ്ടും വിവാഹിതനാകുന്നു. ഗോസിപ്പുകള്‍ പറയുന്നതു പോലെ നടി ശോഭിത ധൂലിപാലയല്ല വധുവെന്നും സിനിമക്ക് പുറത്തുനിന്നുള്ള ആളാണെന്നും തെലുഗ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന മകന്‍റെ രണ്ടാം വിവാഹം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. വിവാഹം കഴിയുന്നതു വരെ പെണ്‍കുട്ടിയുടെ ഐഡന്‍റിറ്റി രഹസ്യമായി സൂക്ഷിക്കും. ഇത്തവണ സൂപ്പർതാരം തന്നെയാണ് മകനുവേണ്ടി വധുവിനെ തേടുന്നത്. ബിസിനസ് കുടുംബത്തിൽ പെട്ട പെൺകുട്ടിയായിരിക്കുമെന്നും ഗ്ലാമർ ലോകവുമായി യാതൊരു ബന്ധവുമില്ലെന്നും പറയുന്നു.

2017 ഒക്ടോബര്‍ ആറിനാണ് നാഗ്ചൈതന്യയും നടി സാമന്തയും തമ്മില്‍ വിവാഹിതരായത്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതിമാരായിരുന്നു ഇരുവരും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മൂന്നു വര്‍ഷത്തിനു ശേഷം വേര്‍പിരിയുകയും ചെയ്തു. പരസ്പര സമ്മതത്തോടെയാണ് സാമന്തയും നാഗ ചൈതന്യയും വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.എന്നാല്‍ വിവാഹമോചനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നില്ല. വേര്‍പിരിയലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും ഗോസിപ്പുകള്‍ക്കുമെതിരെ സാമന്ത പ്രതികരിച്ചപ്പോള്‍ നാഗ് ചൈതന്യ മൗനം പാലിക്കുകയായിരുന്നു.

വിവാഹമോചനത്തിനു ശേഷം നടി ശോഭിതയുമായി നാഗ ചൈതന്യ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകളും പരന്നിരുന്നു. ഇരുവരും ഒരുമിച്ച് പല വേദികളിലും പ്രത്യക്ഷപ്പെട്ടതും സിനിമാലോകത്ത് ചര്‍ച്ചയായി.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News