വിമർശനത്തിന് പിന്നാലെ ഇഫ്താർ വിരുന്നിന്റെ ചിത്രങ്ങള്‍ പിൻവലിച്ച് കരസേന

ഏപ്രിൽ 21 നാണ് ദോഡയിൽ സേന ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങളും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു

Update: 2022-04-24 08:38 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: വിമർശനത്തിന് പിന്നാലെ   ഇഫ്താർ വിരുന്നിന്റെ  ചിത്രങ്ങള്‍  ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നും കരസേന പിൻവലിച്ചു. ഏപ്രിൽ 21 നാണ് ദോഡയിൽ സേന ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങളും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. 'മതേതരത്വത്തിന്റെ പാരമ്പര്യം നിലനിർത്തിക്കൊണ്ട് ഇന്ത്യൻ കരസേന ദോഡയിലെ അർനോറയിൽ ഇഫ്താർ വിരുന്ന് നടത്തി' എന്നായിരുന്നു ട്വീറ്റ്.

ജനറൽ ഓഫീസർ കമാൻഡിംഗ് പ്രാദേശിക മുസ്‍ലിങ്ങളുമായി ആശയവിനിമയം നടത്തുന്നതും യൂണിഫോം ധരിച്ച ഒരാൾ സാധാരണക്കാരുമായി നമസ്‌കരിക്കുന്നതുമെല്ലാം ഫോട്ടോയിലുണ്ടായിരുന്നു. എന്നാൽ, ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു സുദർശൻ ന്യൂസ് ഉടമ സുരേഷ് ചാവങ്കെയുടെ വിമർശനം. 'ഇപ്പോൾ ഈ അസുഖം ഇന്ത്യൻ കരസേനയിലും കടന്നുകൂടിയിരിക്കുന്നു. സങ്കടകരം' എന്നായിരുന്നു ചാവങ്കെയുടെ ട്വീറ്റ്.

ചാവങ്കെയുടെ ട്വീറ്റിന് പിന്നാലെ വിശദീകരണം നൽകാതെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നും ചിത്രങ്ങളും ട്വീറ്റും പിൻവലിക്കുകയായിരുന്നു.എന്നാൽ, സേനയുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്.

മുൻ സൈനിക ഉദ്യോഗസ്ഥരടക്കം ചാവങ്കെയുടെ ട്വീറ്റിനെതിരെ രംഗത്തെത്തി. 'വിവിധ വിശ്വാസങ്ങൾ തമ്മിൽ സൗഹാർദം ഊട്ടിയുറപ്പിക്കാൻ ഇന്ത്യൻ സേന എന്നും മുന്നിൽ ഉണ്ടായിരുന്നു. മതമില്ല എന്ന കാര്യത്തിൽ അഭിമാനം കൊള്ളുന്നവരാണ് സൈനികർ. തങ്ങളെ നിയന്ത്രിക്കുന്ന ട്രൂപ്പിനെ  തന്നെ മതമായി കാണുന്നവരാണ് സൈനികർ' എന്ന് മുൻ മേജർ ജനറൽ യാഷ് മൂർ ട്വീറ്റ് ചെയ്തു.

'ട്വീറ്റിൽ തെറ്റൊന്നുമില്ല. അതിനെ ശക്തമായി പ്രതിരോധിക്കണമായിരുന്നു. കലാപസാധ്യതയുള്ള പ്രദേശത്ത് സൈന്യം ഇഫ്താർ സംഘടിപ്പിക്കുന്നു, പ്രാദേശിക ജനതയുമായി അടുക്കുന്നത് തീവ്രവാദികളോട് പോരാടുന്നതിന്റെ അവിഭാജ്യ ഘടകമാണെന്ന്' നഗ്രോട്ട കോർപ്സിന്റെ കമാൻഡറായ വെസ്റ്റേൺ കമാൻഡിന്റെ മുൻ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ലഫ്റ്റനന്റ് ജനറൽ തേജ് സപ്രു പ്രതികരിച്ചു. ' ജമ്മു,  കാശ്മീരിലെ മുസ്‍ലിങ്ങൾ നിങ്ങളെപ്പോലെയും എന്നെപ്പോലെയും ഇന്ത്യക്കാരാണ്. ഇതിന് മതവുമായോ രാഷ്ട്രീയവുമായോ യാതൊരു ബന്ധവുമില്ലെന്നും  തീവ്രവാദത്തിനെതിരെ പോരാടാനുള്ള  വഴി മാത്രമാണിതെന്നും' അദ്ദേഹം  പ്രതികരിച്ചു.

യഥാർത്ഥ ട്വീറ്റിനെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെടുകയും പിന്നീട് വിമർശനങ്ങൾ നേരിടുമ്പോൾ അത് ഇല്ലാതാക്കുകയും ചെയ്യുന്നത് ഭീരുത്വമാണെന്ന് റിട്ട. നോർത്തേൺ കമാൻഡ് ലെഫ്റ്റനന്റ് ജനറൽ എച്ച്എസ് പനാഗ് 'ഇന്ത്യൻ എക്‌സ്പ്രസിനോട്' പറഞ്ഞു. 'ബന്ധപ്പെട്ട പിആർഒയ്ക്കും സൈന്യത്തിനും ഇഫ്താർ നടത്തുന്ന പാരമ്പര്യത്തെ സംരക്ഷിക്കാനുള്ള ധൈര്യം ഉണ്ടായിരിക്കണം. അതിൽ തെറ്റൊന്നുമില്ല. പ്രദേശവാസികളുടെ മനസ്സും മനസ്സും കീഴടക്കാനുള്ള സൈന്യത്തിന്റെ നയത്തിന്റെ ഭാഗമാണിത്. ഞങ്ങൾ പ്രാദേശിക ജനതയ്ക്കായി ആർമി ഗുഡ്‍വില്‍ സ്‌കൂളുകൾ നടത്തുന്നു, ഈ നടപടികളെല്ലാം തീവ്രവാദത്തിനെതിരെ പോരാടുമ്പോൾ പ്രാദേശിക ജനതയെ ഒപ്പം കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ളതാണ്. നാട്ടുകാരും ഈ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. എന്തായാലും, ജമ്മു കശ്മീരിൽ ഇഫ്താർ സംഘടിപ്പിക്കുന്നതിൽ പുതുമയില്ല, ഇത് വർഷങ്ങളായി തുടരുന്ന  ശീലമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News