ചൂട് സഹിക്കാൻ വയ്യ; ഓട്ടോയ്ക്ക് മുകളിൽ പച്ചക്കറിത്തോട്ടമൊരുക്കി ഡ്രൈവർ
''ഓട്ടോയ്ക്ക് മുകളിൽ ചെടികൾ വളർത്താൻ കഴിഞ്ഞാൽ എനിക്ക് മാത്രമല്ല, എന്റെ യാത്രക്കാർക്കും ചൂടിൽ നിന്ന് ആശ്വാസം ലഭിക്കുമെന്ന് തോന്നി''
ഡൽഹി: ഈ വർഷം റെക്കോർഡ് താപനിലയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തിയത്. പ്രത്യേകിച്ചും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ തീവ്ര ഉഷ്ണതരംഗമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കാലാവസ്ഥ. ചൂടിനെ പ്രതിരോധിക്കാൻ വിവിധ മാർഗങ്ങളാണ് ജനങ്ങൾ സ്വീകരിച്ചുവരുന്നത്. സാധാരണ ശീതീകരണ രീതികൾക്ക് പുറമെ സ്വയം തണുപ്പിക്കാൻ ആളുകൾ പുത്തൻ മാർഗങ്ങൾ വരെ കണ്ടെത്തുന്നുണ്ട്. ചൂടിനെ തടയാൻ ഡൽഹിയിലെ ഓട്ടോഡ്രൈവർ സ്വീകരിച്ച മാർഗമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
തന്നെയും തന്റെ യാത്രക്കാരെയും ചൂടിൽ നിന്ന് രക്ഷിക്കാൻ വേണ്ടി അദ്ദേഹം ചെയ്തത് വേറെയൊന്നുമല്ല. ഓട്ടോറിക്ഷയുടെ മേൽഭാഗത്ത് ഒരു ചെറിയ തോട്ടം തന്നെ പണിതു. 48 കാരനായ മഹേന്ദ്രകുമാറാണ് തന്നെയും തന്റെ യാത്രക്കാരെയും തണുപ്പിക്കാൻ ഈ നൂതനമായ ആശയം കൊണ്ടുവന്നത്. 20 ലധികം വ്യത്യസ്ത ചെടികളും പച്ചക്കറികളും ഈ ഓട്ടോത്തോട്ടത്തിലുണ്ട്. ചീര, തക്കാളി, തിന തുടങ്ങിയ വിളകളും ഓട്ടോയ്ക്കുമുകളിൽ നട്ടുപിടിപ്പിക്കാനും അദ്ദേഹം മറന്നില്ല. ഓട്ടോയുടെ മുകളിൽ ആദ്യം പായവിരിക്കുകയും അതിന് മുകളിൽ ചാക്ക് വിരിച്ച് മണ്ണ് നിറച്ചാണ് ചെടികൾ നട്ടുവളർത്തിയത്. ദിവസവും രണ്ടുതവണ നനയ്ക്കുകയും ചെയ്യുന്നുണ്ട്.
'ഏകദേശം രണ്ട് വർഷം മുമ്പ് ഇതുപോലൊരു വേനൽക്കാലത്താണ് സമയത്താണ് എനിക്ക് ഈ ആശയംതോന്നിയത്. ഓട്ടോയ്ക്ക് മുകളിൽ ചെടികൾ വളർത്താൻ കഴിഞ്ഞാൽ എനിക്ക് മാത്രമല്ല, എന്റെ യാത്രക്കാർക്കും ചൂടിൽ നിന്ന് ആശ്വാസം ലഭിക്കുമെന്ന് എനിക്ക് തോന്നി'; മഹേന്ദ്രകുമാർ വാർത്താഏജൻസിയായ എഎഫ്.പിയോട് പറഞ്ഞു. 'ഇത് ശരിക്കുമൊരു പ്രകൃതിദത്ത എയർകണ്ടീഷണർ പോലെയാണ് പ്രവർത്തിക്കുന്നത്. യാത്രക്കാരെല്ലാം സന്തുഷ്ടരാണ്. ചിലർ സാധാരണ ഓട്ടോചാർജിന് പുറമെ 10-20 ഓ രൂപ അധികമായി നൽകുന്നതിലും അവർക്ക് പ്രശ്നമില്ല,' അദ്ദേഹം കൂട്ടിച്ചേർത്തു. കാണുന്നവരിൽ ചിലരിൽ കൗതുകവും അമ്പരപ്പുമുണ്ടാക്കുന്നുണ്ടെങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ ആ ഓട്ടോഡ്രൈവർക്ക് വൻ പ്രശംസയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പ്രകൃതി ദത്തമായ ഇത്തരം മാർഗങ്ങൾ സ്വീകരിക്കാൻ അദ്ദേഹം കാണിച്ച മനസിനെയും പലരും അഭിനന്ദിക്കുന്നുണ്ട്.