കെജ്‌രിവാൾ തിഹാർ ജയിലിൽ; പ്രതിഷേധവുമായി എ.എ.പി പ്രവർത്തകർ
മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിനെ ഈ മാസം 15 വരെ കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ റിമാൻഡ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തിഹാർ ജയിലിൽ എത്തിച്ചു. ജയിലിനു മുന്നിൽ ആംആദ്മി പാർട്ടി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധമാണു നടക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് കേസിൽ കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് കോടതി നടപടി.
മാർച്ച് 21ന് രാത്രി ഒൻപതോടെയാണ് ഇ.ഡി സംഘം കെജ്‌രിവാളിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു നടപടി. പ്രാഥമിക കസ്റ്റഡി മാർച്ച് 28ന് അവസാനിച്ചെങ്കിലും ഇ.ഡിയുടെ ആവശ്യപ്രകാരം ഡൽഹി റൗസ് അവന്യു കോടതി കസ്റ്റഡി കാലാവധി ഇന്നുവരെ നീട്ടുകയായിരുന്നു.
അതേസമയം ചോദ്യങ്ങളില്‍നിന്ന് കെജ്‌രിവാൾ ഒഴിഞ്ഞുമാറുന്നുവെന്ന് ഇ.ഡി കോടതിയിൽ പറഞ്ഞു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ പാസ്‍വേര്‍ഡ് നൽകുന്നില്ലെന്നും ഇ.ഡി കോടതിയിൽ കുറ്റപ്പെടുത്തി.
Summary: Delhi Chief Minister Arvind Kejriwal, who was remanded in the liquor policy scam case, was brought to Tihar Jail