അന്വേഷണത്തിനാവശ്യമായ വിവരം നൽകിയില്ല; വാട്ട്സ്ആപ്പ് അധികൃതർക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്
കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഗുരുഗ്രാം പൊലീസ് ജൂലൈ 17ന് വാട്ട്സ്ആപ്പിന് നോട്ടീസ് അയച്ചിരുന്നു.
ന്യൂഡൽഹി: ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചില അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് വാട്ട്‌സ്ആപ്പ് അധികൃതർക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. വാട്ട്‌സ്ആപ്പ് ഡയറക്ടർമാർക്കും നോഡൽ ഓഫീസർമാർക്കുമെതിരെ ഗുരുഗ്രാം പൊലീസാണ് കേസെടുത്തത്.
കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഗുരുഗ്രാം പൊലീസ് ജൂലൈ 17ന് വാട്ട്സ്ആപ്പിന് നോട്ടീസ് അയച്ചിരുന്നു. വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി മെയ് 27ന് രജിസ്റ്റർ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ടാണ് വിവരങ്ങൾ തേടിയത്. പ്രതികൾ ഉപയോഗിച്ചിരുന്ന നാല് നമ്പറുകളുടെ വിവരങ്ങളാണ് അന്വേഷണത്തിൻ്റെ ഭാഗമായി ഗുരുഗ്രാം പൊലീസ് വാട്ട്സ്ആപ്പിനോട് ആവശ്യപ്പെട്ടത്.
ഈ മൊബൈൽ നമ്പറുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണം എന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാൽ വിവരങ്ങൾ നൽകാൻ വാട്ട്സ്ആപ്പ് തയാറായില്ലെന്നു മാത്രമല്ല, പകരം നിയമവിരുദ്ധമായ രീതിയിൽ എതിർപ്പുകൾ ഉന്നയിക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു.
ജൂലൈ 25ന് മറ്റു ചില മൊബൈൽ നമ്പറുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി പൊലീസ് മറ്റൊരു അഭ്യർഥന അയച്ചെങ്കിലും വാട്ട്‌സ്ആപ്പ് നിസഹകരണം ആവർത്തിച്ചു. നിരന്തരം ഫോളോഅപ്പുകൾ നടത്തിയിട്ടും ആവശ്യമായ വിവരങ്ങൾ പൊലീസുമായി പങ്കിടാൻ വാട്ട്സ്ആപ്പ് അധികൃതർ തയാറായില്ലെന്നും പൊലീസ് വ്യക്തമാക്കി.
ഇതേ തുടർന്നാണ് കേസെടുക്കാൻ തീരുമാനിച്ചത്. വാട്ട്സ്ആപ്പിന്റെ നിസഹകരണം കേസിൽ പ്രതിയെ സഹായിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഗുരുഗ്രാം സൈബർ ക്രൈം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ് സംഹിതയിലെ 223 (എ), 249 (സി) എന്നിവയും ഐടി നിയമത്തിലെ വിവിധ വകുപ്പുകളും പ്രകാരമാണ് വാട്ട്സ്ആപ്പ് ഡയറക്ടർമാർക്കും നോഡൽ ഓഫീസർമാർക്കുമെതിരെ കേസെടുത്തത്.
'രാജ്യത്തെ നിലവിലുള്ള നിയമങ്ങൾ പ്രകാരം ആവശ്യമുള്ള വിവരങ്ങൾ നൽകാൻ നിയമപരമായി ബാധ്യസ്ഥരാണെങ്കിലും ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതെ വാട്ട്‌സ്ആപ്പ് മാനേജ്‌മെൻ്റ് നിയമ നിർദേശങ്ങൾ ലംഘിച്ചു'- പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, തങ്ങളുടെ സേവന നിബന്ധനകൾക്കും ബാധകമായ നിയമത്തിനും അനുസൃതമായി മാത്രമാണ് ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തുകയെന്ന് വാട്ട്സ്ആപ്പ് പറയുന്നു. വിവരങ്ങൾ നൽകാനുള്ള അഭ്യർഥനകൾ അന്തർദേശീയമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് വിലയിരുത്തും. മനുഷ്യാവകാശങ്ങൾ, ന്യായമായ നടപടിക്രമം, നിയമവാഴ്ച എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ഇതെന്നും വാട്ട്സ്ആപ്പിന്റെ വെബ്സൈറ്റിൽ പറയുന്നു.